തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക കാലാവസ്ഥാ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മാറുന്ന കാലാവസ്ഥ കണക്കിലെടുത്താണ് പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയത്.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിങ്ങനെ ശബരിമല തീര്‍ഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് പ്രവചനം. ഈ മൂന്നിടങ്ങളിലും ബുധന്‍, വ്യാഴം, ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ആദ്യ പ്രവചനം. മൂന്നുമണിക്കൂര്‍ ഇടവിട്ട് മഴ മുന്നറിയിപ്പും തത്സമയം പ്രത്യേകമായി നല്‍കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തീര്‍ത്ഥാടനകാലത്തെ യാത്രാത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ പ്രത്യേക സർവീസുകൾ നടത്തും. ഹുബ്ബള്ളിയില്‍ നിന്ന് കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും. ഈ മാസം 19 മുതല്‍ ജനുവരി 14വരെ ഒമ്പത് സര്‍വീസുകള്‍ പ്രത്യേകമായി ഉണ്ടാകും. എസ്എസ്എസ് ഹുബ്ബള്ളി- കോട്ടയം-എസ്എസ്എസ് ഹുബ്ബള്ളി പ്രതിവാര പ്രത്യേക ട്രെയിനാണ് സര്‍വീസ് നടത്തുന്നത്.
അതിനിടെ, ശബരിമല തീർഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ആഹാരസാധനങ്ങൾ, മെഷീൻ ചായ/കോഫി, ബേക്കറി സാധനങ്ങൾ, ജ്യൂസുകൾ എന്നിവയുടെ വില ഏകീകരിച്ച് നിശ്ചയിച്ചു. പത്തനംതിട്ട ജില്ലാ കലക്ടറാണ് വില നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: