കോലഞ്ചേരി: സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 14 വോളിബോള്‍ ടൂര്‍ണമെന്റ് മത്സരത്തില്‍ വിജയികളായ കണ്ണൂര്‍ ടീമില്‍ അംഗമായ ആരാധ്യയ്ക്ക് ഇത് ട്രിപ്പിള്‍ സന്തോഷം.
കോഴിക്കോട് ജില്ലയെ 3-1 സെറ്റുകള്‍ക്ക് തോല്പിച്ച് ഒന്നാം സ്ഥാനത്തെത്തിയതും, ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ഏറെ സന്തോഷം നല്‍കുന്നുണ്ടെങ്കിലും അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞനുജത്തി അദ്രിജയോടൊപ്പം വിജയ ട്രോഫ്രിയില്‍ മുത്തമിടാനായത് ഏറെ സന്തോഷം ഉളവാക്കിയത്. കോഴിക്കോട് ഉള്ളേരി സ്വദേശി അഭിലാഷിന്റെയും കണക്ക് അദ്ധ്യാപികയായ സജിനയുടേയും മൂത്ത മകളാണ് ബഹുമുഖ പ്രതിഭയായ ആരാധ്യ. വോളിബോളിനെ കൂടാതെ മോണോ ആക്ടിലും – സംസ്കൃത- ഹിന്ദി പദ്യം ചൊല്ലലിലും ജില്ലയില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് ആരാധ്യ. അഞ്ചാം ക്ലാസ് മുതല്‍ വോളിബോളില്‍ സ്വപ്നം നെയ്യാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. പിതാവിന്റെ ജേഷ്ഠന്റെ ഭാര്യയായ വി.എന്‍. ബിജിലയുടെ പ്രചോദനവും ആരാധ്യയ്ക്ക് ലഭിച്ചിരുന്നു.
മുന്‍ കേരള വോളി ബോള്‍ ടീമില്‍ അംഗമായിരുന്നു ബിജില. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷന് സ്കൂളില്‍ പഠിക്കുന്ന ആരാധ്യയ്ക്ക് ദേശീയ ചാമ്പ്യന്‍ഷിപ്പ് ടീമിലേക്ക് സെലക്ഷനും ലഭിച്ചിട്ടുണ്ട്. പരിശീലകരായ ശില്പയ്ക്കും -നവ്യയ്ക്കും സ്വന്ത കുടുംബത്തിനുമൊപ്പം സന്തോഷം പങ്കിടുന്ന തിരക്കിലാണ് ആരാധ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: