ആലപ്പുഴ : ആശുപത്രിയിലെ വാക്പോരിനെ തുടര്‍ന്ന് ആലപ്പുഴയില്‍ സിപിഎം, സിപിഐ ഭിന്നത രൂക്ഷം. നഗരസഭാ വൈസ് ചെയര്മാന് പി.എസ്.എം. ഹുസൈനെ പോലീസ് പ്രതിയാക്കുകയും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ എ.എസ്. കവിതയെ പ്രതിപ്പട്ടികയില്‍നിന്ന് നീക്കുകയും ചെയ്തതാണ് തമ്മിലടി മുറുകിയത്.
കവിതയെ കേസില്നിന്നൊഴിവാക്കാനും ഹുസൈനെ കുടുക്കാനും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി സിപിഐയിലെ ഒരുവിഭാഗം ആരോപിക്കുന്നു. ഡോക്ടറുടെ പരാതിയെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലെ സിപിഎം അനുകൂല ജീവനക്കാരാണ് ഹുസൈനെതിരേ മൊഴിനല്‍കിയത്. അവര്‍ കവിതയ്ക്കനുകൂലമായി മൊഴിനല്‍കുകയും ചെയ്തെന്നാണ് ആക്ഷേപം. കവിതയാണ് അത്യാഹിതവിഭാഗത്തിലേക്ക് ആദ്യമെത്തി ഡോക്ടറോടു കയര്‍ത്തുസംസാരിച്ചത്.
പിന്നീടാണ് ഹുസൈനെത്തിയത്. അതുകൊണ്ടുതന്നെ കവിതയെ ഒഴിവാക്കിയതിലും ഹുസൈനെ ബലിയാടാക്കിയതിലും ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് ഒരുവിഭാഗം നേതാക്കളുടെ സംശയം. ഇതുവരെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയോഗം ചേര്‍ന്ന് പോലീസ് നടപടിയില്‍ പ്രതിഷേധിക്കാനോ, ആശുപത്രി അധികൃതര്‍ക്കെതിരെ നിലപാട് സ്വീകരിക്കാനോ സിപിഎം തയ്യാറാകാത്തതിലും സിപിഐ പ്രതിഷേധത്തിലാണ്.
പോലീസ് നടപടിയില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കവിതയെ കേസില്‍ നിന്ന് ഒഴിവാക്കിയതെന്നുമാണ് സിപിഎം പറയുന്നത്. കഴിഞ്ഞമാസം 24നാണ് വലിയചുടുകാട് പാര്‍ക്കില്‍വെച്ച് മര്‍ദനത്തില്‍ പരിക്കേറ്റ ജീവനക്കാരനു മതിയായ ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് ഹുസൈനും കവിതയും ജനറല്‍ ആശുപത്രി അത്യാഹിതവിഭാഗത്തില്‍ കടന്ന് ഡോക്ടറുമായി തര്‍ക്കിച്ചത്. ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍ നല്കിയ പരാതിയില്‍ ആശുപത്രി സംരക്ഷണനിയമപ്രകാരം പോലീസ് കേസെടുത്തത്. അതിനിടെ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണെ കേസില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരിയായ ഡോക്ടര്‍ വ്യക്തമാക്കി. പി.എസ്.എം. ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. ഇന്നലെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: