മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ തീപാറും പോരാട്ടം നടക്കുന്ന മഹിം മണ്ഡലത്തില്‍ എംഎന്‍എസ് നേതാവ് രാജ് താക്കറെയുടെ മകനെ തോല്പിക്കാനുള്ള ഏതടവും പയറ്റുകയാണ് ഉദ്ധവ് താക്കറെ. ഇപ്പോള്‍ ഛത്രപതി ശിവജി പാര്‍ക്കില്‍ ദീപാവലി ആഘോഷം നടത്തുക വഴി എംഎന്‍എസ് പാര്‍ട്ടി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന് കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെ. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ കാലത്തുള്ള പതിവാണ് ഛത്രപതി ശിവജി പാര്‍ക്കില്‍ ദീപാവലി ആഘോഷമെന്നും ഇപ്പോള്‍ അതിന് എതിര് നില്ക്കുക വഴി ബാല്‍ താക്കറെയെ തന്നെ ഉദ്ധവ് താക്കറെ അപമാനിക്കുകയാണെന്ന് ബിജെപി ആരോപിക്കുന്നു.
ഛത്രപതി ശിവജി പാര്‍ക്കില്‍ ദീപാവലി ആഘോഷം നടത്തിയത് രാജ് താക്കറെയുടെ മകന് അമിത് താക്കറെയുടെ നേതൃത്വത്തിലാണ്. മഹാരാഷ്ട്രയിലെ ദാദര്‍ പ്രദേശത്താണ് ഛത്രപതി ശിവജി പാര്‍ക്ക്. ഇപ്പോള്‍ ഈ ദീപാവലി ആഘോഷത്തിന്റെ മുഴുവന്‍ ചെലവും സ്ഥാനാര്‍ത്ഥിയായ അമിത് താക്കറെയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ കാണിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് ഉദ്ധവ് താക്കറെ.
രാജ് താക്കറെയുടെ മകനെ ഒതുക്കുന്നതിലൂടെ മാഹിം നിയമസഭാ മണ്ഡലത്തില്‍ ഉദ്ധവ് താക്കറെ പക്ഷത്ത് മത്സരിക്കുന്ന മഹേഷ് സാവന്തിന് വിജയം നേടിക്കൊടുക്കാനാണ് ഉദ്ധവ് താക്കറെയുടെ ശ്രമം. ഇവിടെ സിറ്റിംഗ് എംഎല്‍എയായ ഏക്നാഥ് ഷിന്‍ഡെയുടെ പാര്‍ട്ടിക്കാരനായ സദ സര്വ്വങ്കറും മത്സരിക്കുന്നു. പക്ഷെ ബിജെപി പിന്തുണ നല്‍കുന്നത് രാജ് താക്കറെയുടെ മകന് അമിത് സവര്‍ക്കര്‍ക്കാണ്.
സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെങ്കില്‍ ഏക് നാഥ് ഷിന്ഡെയിലെ പാര്‍ട്ടിക്കാരുടെ വോട്ട് കൂടി ഉദ്ധവ് പക്ഷത്തേക്ക് പോകും എന്നതിനാലാണ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്ന് ഏക്നാഥ് ഷിന്‍ഡെ പറഞ്ഞിരുന്നു. അതുകൊണ്ട് മാത്രമാണ് പേരിന് ഇവിടെ എക് നാഥ് ഷിന്‍ഡെ പക്ഷക്കാരനെ നിര്‍ത്തിയിരിക്കുന്നതെന്നും യഥാര്‍ത്ഥ മഹായുതി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി അമിത് താക്കറെ ആണെന്നും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് പറഞ്ഞു. എല്ലാ വര്‍ഷവും ഇവിടെ ദീപാവലിയോടനുബന്ധിച്ച് ദീപോത്സവം സംഘടിപ്പിക്കാറുള്ളത് രാജ് താക്കറെയുടെ എംഎന്‍എസ് ആണ്. അതാണ് ഇത്തവണയും ചെയ്തത്. ഈ ആഘോഷം സംഘടിപ്പിക്കാന്‍ മുംബൈ നഗരസഭ അനുമതിയും നല്‍കിയിരുന്നു. അതിനിടെയാണ് രാഷ്ട്രീയമായി ദ്രോഹിക്കാന്‍ ഉദ്ധവ് താക്കറെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് അരികില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ഇക്കറി ബിജെപി എംഎല്എആയിരിക്കും മുഖ്യമന്ത്രിയായിരിക്കുക എന്നാണ് രാജ് താക്കറെ അഭിപ്രായപ്പെടുന്നത്. രാജ് താക്കറെയുടെ എംഎന്‍എസ് മഹായുതിയുടെ ഭാഗമല്ല. അജിത് പവാര്‍ എന്‍സിപി, ഏക്നാഥ് ഷിന്‍ഡെ ശിവസേന, ബിജെപി എന്നിവരാണ് മഹായുതി മുന്നണിയിലെ സഖ്യകക്ഷികള്‍. 288 അംഗങ്ങളുടെ മഹാരാഷ്ട്ര നിയമസഭയിലേക്ക് നവമ്പര്‍ 20നാണ് തെരഞ്ഞെടുപ്പ്. നവമ്പര്‍ 23ന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: