ന്യൂദൽഹി : രാജ്യത്തെ എല്ലാ യുവാക്കൾക്കും തൊഴിൽ അവസരം നൽകുകയും അവരുടെ അഭിലാഷങ്ങൾ നിറവേറ്റാൻ അനുവദിക്കുകയും ചെയ്യുന്ന ഒരു സംവിധാനം സൃഷ്ടിക്കാൻ തന്റെ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 51,000 -ത്തിലധികം യുവാക്കൾക്ക് സർക്കാർ ജോലികൾക്കുള്ള നിയമന കത്ത് വിതരണം ചെയ്ത ശേഷം റോസ്ഗർ മേളയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ സാങ്കേതിക വിദ്യകളുടെയും ബഹിരാകാശം, അർദ്ധചാലകങ്ങൾ തുടങ്ങിയ ആധുനിക മേഖലകളുടെയും സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനുള്ള തന്റെ സർക്കാരിന്റെ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. മുൻ സർക്കാരുകൾക്ക് നയങ്ങളും ലക്ഷ്യങ്ങളും കുറവായിരുന്നതിനാൽ ആധുനിക സാങ്കേതികവിദ്യകൾ ഉൾപ്പെടെ ഉയർന്നുവരുന്ന മേഖലകളിൽ ഇന്ത്യ ലോകത്ത് പിന്നോക്കം നിൽക്കേണ്ട സാഹചര്യമായിരുന്നു. കൂടാതെ അവർ പഴയതും കാലഹരണപ്പെട്ടതുമായ സാങ്കേതിക വിദ്യകളാണ് രാജ്യത്തേക്ക് കൊണ്ടുവന്നിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആധുനിക സാങ്കേതിക വിദ്യകൾക്ക് നമ്മുടെ രാജ്യത്ത് വികസിക്കാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ഒരു സാഹചര്യം നിലനിന്നിരുന്നു. ഈ ചിന്താഗതി നമുക്ക് ഒരുപാട് ദോഷം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആധുനിക ലോകത്ത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന വ്യവസായങ്ങൾ ഇല്ലെങ്കിൽ രാജ്യത്ത് അത് യുവാക്കളുടെ തൊഴിൽ മേഖലയെ സാരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ മുൻകാല സർക്കാരുകളുടെ ഈ പഴയ ചിന്താഗതിയിൽ നിന്ന് രാജ്യത്തെ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ തങ്ങൾ ആരംഭിച്ചുവെന്ന് മോദി പറഞ്ഞു. പരമാവധി ആളുകൾക്ക് ജോലി നൽകുകയെന്നതാണ് തന്റെ സർക്കാരിന്റെ ലക്ഷ്യം.
രാജ്യത്ത് അതിവേഗ പാതകൾ, ഹൈവേകൾ, തുറമുഖങ്ങൾ, റെയിൽ ശൃംഖലകൾ, വിമാനത്താവളങ്ങൾ എന്നിവയുടെ നിർമ്മാണം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യ വികസനങ്ങളും ഇപ്പോൾ വർധിച്ചിട്ടുണ്ട്. ജല, വാതക പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നു, സ്‌കൂളുകളും സർവകലാശാലകളും തുറക്കുന്നു, വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് സൗകര്യങ്ങൾ മാത്രമല്ല മറിച്ച് തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള തന്റെ സർക്കാരിന്റെ ശ്രമങ്ങളെ ഉയർത്തിക്കാട്ടി ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെൻ്റീവ് (പിഎൽഐ) പദ്ധതിയെയും അദ്ദേഹം പരാമർശിച്ചു. തന്റെ സർക്കാരിന്റെ നിരീക്ഷണത്തിൽ 1.5 ലക്ഷത്തിലധികം സ്റ്റാർട്ടപ്പുകൾ രാജ്യത്ത് ആരംഭിച്ചു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടിയിലധികം യുവാക്കളെ ഉൾപ്പെടുത്താൻ ശ്രമിക്കുന്ന യുവാക്കൾക്കുള്ള പെയ്ഡ് ഇൻ്റേൺഷിപ്പ് പ്രോഗ്രാം തുടങ്ങുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ യുവാക്കൾക്ക് കുടിയേറ്റവും തൊഴിലും ഉറപ്പാക്കാൻ 21 രാജ്യങ്ങളുമായി ഇന്ത്യ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: