ന്യൂദല്‍ഹി: ദല്‍ഹിയിലെ സിആര്‍പിഎഫ് സ്കൂളിന് സമപീം നടന്ന ബോംബ് സ്ഫോടനത്തില്‍ ജീവപായം ഉണ്ടായില്ലെങ്കിലും സ്ഫോടനം തീവ്രവാദ ആക്രമണമായിരുന്നുവെന്ന് സംശയം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ടെലഗ്രാം എന്ന സമൂഹമാധ്യമ ആപിലെ ഒരു ഗ്രൂപ്പാണെന്ന് സംശയം. ഈ ഗ്രൂപ്പിനെക്കുറിച്ചും ഇവരുടെ ഖലിസ്ഥാന്‍ ബന്ധത്തെക്കുറിച്ചും ദല്‍ഹി പൊലീസ് ടെലഗ്രാം അധികൃതരോട് വിവരം തേടിയിരിക്കുകയാണ്. റഷ്യയാണ് ടെലഗ്രാം എന്ന സമൂഹമാധ്യമ ആപിന്റെ ആസ്ഥാനം.
ടെലഗ്രാം ഗ്രൂപ്പിന്റെ അഡ്മിന് പേജില്‍ റീസന്റ് ആക്ഷന്‍സ് എന്ന ഒരു ഭാഗമുണ്ട്. അതില്‍ തൊട്ടുമുന്‍പുള്ള 48 മണിക്കൂറില്‍ ലോഗിന്‍ ചെയ്ത വ്യക്തികളുടെ പേര് വിവരങ്ങളും സന്ദേശങ്ങളും മാത്രമാണ് ലഭ്യമാകുക. ഇതിനപ്പുറമുള്ള വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ടെലഗ്രാം അധികൃതര്‍ തന്നെ കനിയണം. അതിന് ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദം ആവശ്യമാണ്.
ഖലിസ്ഥാനെതിരായ അന്വേഷണം :ആം ആദ്മി ഇടങ്കോലിടുന്നു
ഇത് തീവ്രവാദ ആക്രമണമാണോ എന്ന കാര്യം അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഐഎയെക്കൂടി അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം എൻഐഎ കൂടി അന്വേഷണത്തില്‍ പങ്കാളിയാകും. എന്നാല്‍ ഇതിനെ എതിര്‍ക്കുകയാണ് ദല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. ഇത് ആം ആദ്മിയെ കുരിശിലേറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന വ്യാജ ആരോപണമാണ് ദല്‍ഹി മുഖ്യമന്ത്രി അതിഷി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. വാസ്തവത്തില്‍ ആം ആദ്മിയ്ക്ക് ഖലിസ്ഥാന്‍ നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും പഞ്ചാബില്‍ ആം ആദ്മി അധികാരത്തില്‍ എത്തിയത് ഖലിസ്ഥാന്‍ ഫണ്ടുകൊണ്ടാണെന്നും സിഖ്സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാന്‍ ഗ്രൂപ്പിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ ആരോപിച്ചിട്ടുള്ളതാണ്. അതുപോലെ പഞ്ചാബില്‍ ക്രമസമാധാനപ്രശ്നം സൃഷ്ടിക്കാന്‍ എത്തിയ അമൃതപാല്‍ സിങ്ങിനും ആവശ്യമായ ഫണ്ട് ഒഴുക്കുന്നത് കാനഡയിലെയും യുഎസിലെയും ഖലിസ്ഥാന്‍ അനുകൂല സംഘടനകളാണ്.
കഴിഞ്ഞ ദിവസം സ്ഫോടനത്തിന് ഉത്തരവാദിത്വം ഖലിസ്ഥാന്‍ ഗ്രൂപ്പ് എന്ന പേരില്‍ ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടന ഏറ്റെടുത്തിരുന്നു. ഈ സംഘടനയുടേതായ ടെലഗ്രാമിലെ ഒരു സന്ദേശം വൈറലായി പ്രചരിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിനെയും ഇന്ത്യയിലെ രഹസ്യ കേന്ദ്ര ഏജന്‍സികളെയും കുറ്റപ്പെടുത്തുന്നതായിരുന്നു ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ പ്രചരിച്ച കുറിപ്പ്. “ഭീരുക്കളായ ഇന്ത്യന്‍ ഏജന്‍സിയും അവരുടെ യജമാനനും ചേര്‍ന്ന് ഗുണ്ടകളെ ഉപയോഗിച്ച് ഞങ്ങളുടെ ശബ്ദം ഇല്ലാതാക്കാമെന്നാണ് കരുതുന്നത്. അവര്‍ വിഡ്ഡികളുടെ ലോകത്താണ് ജീവിക്കുന്നത്” എന്നിങ്ങനെ തുടങ്ങുന്നതായിരുന്നു വെല്ലുവിളിച്ച്കൊണ്ടുള്ള ഈ പോസ്റ്റ്.
ദല്‍ഹി രോഹിണിയിലെ പ്രശാന്ത് വിഹാര്‍ ഏരിയയിലെ സിആര്‍പിഎഫ് സ്കൂളില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ചിലരുടെ അവ്യക്ത ചിത്രങ്ങള്‍ സിസിടിവി ക്യാമറയില്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനം നടക്കുന്നതിന്റെ തലേനാള്‍ രാത്രിയാണ് ഇയാള്‍ ഇവിടെ പ്രത്യക്ഷപ്പെട്ടത്. ആര്‍ക്കും ജീവപായമോ പരിക്കോ ഇല്ലെങ്കിലും ഒരു നെയിം ബോര്‍ഡും തൊട്ടടുത്ത ഷോപ്പിന്റെ ഹോര്‍ഡിങ്ങും തൊട്ടടുത്ത് പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ ചില്ലും തകര്‍ന്നു.
സ്ഫോടനം നടന്ന പ്രദേശത്ത് നിന്നും വെള്ളനിറത്തിലുള്ള പൊടി ചിതറിക്കിടക്കുന്നത് കണ്ടിരുന്നു. ഇതേക്കുറിച്ച് പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. അജ്ഞാതമായ സ്ഫോടകവസ്തുക്കളാണ് ഈ സ്ഫോടനം നടത്താന്‍ ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: