ജോഹോര്‍: അണ്ടര്‍ 21 പുരുഷ ഹോക്കി ടീമുകള്‍ക്കായി മലേഷ്യ ആതിഥേയരായി നടത്തിവരുന്ന സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പ് ഹോക്കിയ്ക്ക് ഇന്ന് തുടക്കം. ഉച്ചയ്ക്ക് 1.35ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ജപ്പാന് ആണ് ഭാരതത്തിന്റെ എതിരാളികള്‍. ഇത്തവണ ടൂര്ണമെന്റിനൊരുങ്ങിയിട്ടുള്ള അണ്ടര്‍ 21 ഭാരത ടീമിനെ പരിശീലിപ്പിക്കുന്നത് ഇതിഹാസ താരം പി.ആര്. ശ്രീജേഷ് ആണ്.
ഭാരത ഹോക്കി ടീമിനെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ച തലമുറയില്‍പ്പെട്ട പ്രധാന താരമായ ശ്രീജേഷിന്റെ പരിശീലക പരീക്ഷണത്തിന് കൂടിയാണ് ഇന്ന് തുടക്കമിടുക. പ്രതിരോധ താരം അമീര്‍ അലി ആണ് ഭാരതത്തിന്റെ 18 അംഗ ടീമിനെ നയിക്കുന്നത്. ജപ്പാനെ കൂടാതെ ആതിഥേയരായ മലേഷ്യ, ബ്രിട്ടന്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവരെയാണ് ഭാരതത്തിന് പ്രാഥമിക റൗണ്ടില്‍ നേരിടാനുള്ളത്. നാളെ ഉച്ചയ്ക്ക് രണ്ടാം മത്സരത്തില്‍ ഭാരതം ബ്രിട്ടനെ നേരിടും. അടുത്ത ശനിയാഴ്ച്ച ഫൈനലോടെ മത്സരങ്ങള്‍ അവസാനിക്കും.
സുല്‍ത്താന്‍ ഓഫ് ജോഹര്‍ കപ്പിന്റെ 12-ാം പതിപ്പാണിത്. ഏറ്റവും കൂടുതല്‍ തവണ കിരീടനേട്ടം കൈവരിച്ചതില്‍ ഭാരതവും ബ്രിട്ടനും തുല്യത പാലിക്കുന്നു. മൂന്ന് തവണ വീതം ഇരുടീമുകള് ചാമ്പ്യന്മാരായിട്ടുള്ളത്. ഭാരതം ഏറ്റവും ഒടുവില്‍ ജേതാക്കളായത് രണ്ട് വര്‍ഷം മുമ്പാണ്. ജര്‍മനി ആണ് നിലവിലെ ജേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: