മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് കരുതുന്ന സംഘത്തിലെ ഒരു പ്രതിയെ മുംബൈ പോലീസ് പിടികൂടി. ഹരിയാനയിലെ പാനിപ്പത്തിൽ നിന്നാണ് പ്രതി സുഖയെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളെ നവി മുംബൈയിൽ എത്തിച്ച ശേഷം വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
ഈ വർഷം ജൂണിൽ നവി മുംബൈയിലെ പൻവേലിനടുത്തുള്ള ഫാം ഹൗസിലേക്കുള്ള വഴിയിൽ നടനെ ആക്രമിക്കാനുള്ള ഗൂഢാലോചന നടന്നുവെന്നാണ് പോലീസ് പറയുന്നത്. 2024 ഏപ്രിലിൽ മുംബൈയിലെ ബാന്ദ്രയിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് നടന്ന വെടിവയ്പ്പിനെ തുടർന്നാണ് ഗൂഢാലോചന നടത്തിയത്.
അതേ സമയം തന്നെയും കുടുംബാംഗങ്ങളെയും കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് ലോറൻസ് ബിഷ്ണോയി സംഘം തന്റെ വസതിക്ക് നേരെ വെടിവയ്പ്പ് നടത്തിയതെന്ന് നടൻ ഈ വർഷം ആദ്യം പോലീസിനോട് പറഞ്ഞിരുന്നു. മുംബൈ പോലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ ഭാഗമാണ് നടന്റെ ഈ മൊഴി.
കൂടാതെ ഈ വർഷം ജനുവരിയിൽ രണ്ട് അജ്ഞാതർ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് പൻവേലിനടുത്തുള്ള തന്റെ ഫാം ഹൗസിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതായും നടൻ പറഞ്ഞിരുന്നു.
ഇത് കൂടാതെ 2022ൽ തന്റെ കെട്ടിടത്തിന് എതിർവശത്തുള്ള ബെഞ്ചിൽ ഒരു ഭീഷണി കത്ത് കണ്ടെത്തിയിരുന്നെന്നും 2023 മാർച്ചിൽ ലോറൻസ് ബിഷ്ണോയി സംഘത്തിൽ നിന്ന് തങ്ങൾക്ക് ഇമെയിൽ ഭീഷണി ലഭിച്ചതായും സൽമാൻ ഖാൻ പോലീസിനെ വിവരം ധരിപ്പിച്ചിരുന്നു. അതേ സമയം സൽമാൻ ഖാന്റെ വസതിക്ക് പുറത്ത് കനത്ത സുരക്ഷയാണ് മുംബെ പോലീസ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: