ഗുവാഹത്തി : കഴിഞ്ഞ രണ്ട് മാസത്തിനിടെ 128 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അസം പോലീസ് പിടികൂടി തിരിച്ചയച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെ പുലർച്ചെ രണ്ട് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പോലീസ് വീണ്ടും പിടികൂടിയതായി മുഖ്യമന്ത്രി അറിയിച്ചു. ബാബുൽ ഹുസൈൻ, സാക്കിബ് മിയ എന്നിവരാണ് നുഴഞ്ഞുകയറ്റക്കാരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിന്റെ ഈ നടപടികളെ അദ്ദേഹം പ്രശംസിച്ചു.
കൂടാതെ ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ കർശനമായി അസാം പോലീസ് ജാഗ്രത പുലർത്തുന്നുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു.നേരത്തെ ഒക്ടോബർ 2 ന് അസാമിലെ ഡാലു ഭാഗത്ത് നിന്ന് പുരഖാസിയയിലേക്ക് ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ ബിഎസ്എഫ് പിടികൂടിയിരുന്നു.
തമിഴ്നാട്ടിലെ ചെന്നൈയിൽ നിന്നാണ് ബംഗ്ലാദേശ് പൗരന്മാർ വന്നതെന്നും അവിടെ ഒരു വസ്ത്രനിർമ്മാണശാലയിൽ ജോലി ചെയ്യുകയാണെന്നും അനധികൃതമായി ബംഗ്ലാദേശിലേക്ക് കടക്കാൻ ഉദ്ദേശിച്ചിരുന്നതായും സേന വെളിപ്പെടുത്തിയിരുന്നു. പിന്നീട് പിടികൂടിയവരെ വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിലെ ദലു പോലീസ് സ്റ്റേഷനിലേക്ക് കൈമാറി.
നേരത്തെ ഒക്ടോബർ ഒന്നിന് സംസ്ഥാനത്തെ തെക്കൻ സൽമാര, കരിംഗഞ്ച് ജില്ലകളിൽ നിന്ന് പതിനാല് അനധികൃത ബംഗ്ലാദേശി പൗരന്മാരെ അസം പോലീസ് പിടികൂടിയിരുന്നു. ഇവരിൽ ഒമ്പത് പേർക്ക് ഇന്ത്യൻ ആധാർ കാർഡുകളുള്ളതായി കണ്ടെത്തിയതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു.
അതേ സമയം അനധികൃത കുടിയേറ്റം കർശനമായി തടയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബിഎസ്എഫ് അടക്കമുള്ള സേനകൾക്ക് കർശന ജാഗ്രത നിർദേശമാണ് ഇക്കാര്യത്തിൽ നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: