തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം നടത്തിപ്പിന് വനംവകുപ്പ് അനാവശ്യ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. വനംവകുപ്പ് ഇടപെടലിനെതിരെ ഇരു ദേവസ്വങ്ങളും സംയുക്തമായി മുഖ്യമന്ത്രിക്ക് പരാതി നല്കി.
2024ലെ പൂരം നടത്തിപ്പില്‍ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടി വന്നത്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ 50 മീറ്റര്‍ അകലം പാലിക്കണമെന്ന വനംവകുപ്പ് നിര്‍ദേശം വലിയ പ്രതിസന്ധിക്കിടയാക്കി. ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവും സുപ്രീംകോടതി മാര്‍ഗ നിര്‍ദേശങ്ങളും നിലവിലിരിക്കെ വനംവകുപ്പ് അനാവശ്യ ഇടപെടലാണ് നടത്തിയത്.
മൃഗസംരക്ഷണ വകുപ്പും വെറ്ററിനറി ഡോക്ടര്‍മാരും സംയുക്തമായി പരിശോധിച്ച് ഫിറ്റ്നസ് നല്കിയ 13 ആനകളെ വനം വകുപ്പ് ഇടപെട്ട് പൂര ദിവസം രാവിലെ എഴുന്നള്ളിപ്പില്‍ നിന്ന് മാറ്റിനിര്‍ത്തി. വനം വകുപ്പിന് യാതൊരു അധികാരവും ഇല്ലാത്ത കാര്യങ്ങളാണ് അവര്‍ ചെയ്യുന്നത്. പൂര ദിവസം രാവിലെ ആനകളെ മാറ്റിനിര്‍ത്തിയത് വലിയ പ്രതിസന്ധിക്കിടയാക്കി. പകരം ആനകളെ എത്തിക്കാന്‍ സംഘാടകര്‍ ഏറെ ബുദ്ധിമുട്ടി.
വന്‍തോതില്‍ പണം പിരിച്ച് പ്രവര്‍ത്തിക്കുന്ന ചില എന്‍ജിഒകള്‍ വനംവകുപ്പുമായി ചേര്‍ന്ന് പൂരം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി സംശയിക്കണമെന്നും പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പൂരനടത്തിപ്പില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഒഴിവാക്കണമെന്നുമാണ് പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: