തിരുവനന്തപുരം: ഇടതുമുന്നണിയിൽ നിന്നും പുറത്തായതിന് പിന്നാലെ നിയമസഭയിലെത്തിയ നിലമ്പൂർ എംഎൽഎ പി.വി അൻവറിന് സീറ്റ് അനുവദിച്ച് സ്പീക്കർ. പ്രതിപക്ഷ നിരയോട് ചേര്‍ന്ന് നാലാം നിരയിലാണ് അൻവറിന് ഇരിപ്പിടം നല്‍കിയിരിക്കുന്നത്. എ.കെ.എം അഷ്റഫ് എംഎല്‍എയോട് അടുത്താണ് ഇരിപ്പിടം.
നേരത്തെ പ്രതിപക്ഷത്തിനൊപ്പമിരിക്കാൻ താത്പര്യമില്ലെന്ന് പി.വി അൻവർ അറിയിച്ചിരുന്നു. കഴുത്തിൽ ഡിഎംകെയുടെ ഷാളണിഞ്ഞ് കൈയിൽ ചുവന്ന തോർത്തുമായാണ് അൻവർ സഭയിലെത്തിയത്. ഒന്നാം നിര വരെ കെ.ടി ജലീൽ അൻവറിനൊപ്പം ഉണ്ടായിരുന്നു. നിയമസഭയിലെത്തിയ അൻവറിനെ മഞ്ഞളാംകുഴി അലി എഴുന്നേറ്റ് നിന്ന് അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബൈദുള്ള എന്നിവര്‍ അൻവറിന് കൈ കൊടുത്തു.
സാധാരണക്കാരായ ചുമട്ടു തൊഴിലാളികളുടേയും, മറ്റു തൊഴിലാളി സമൂഹത്തിന്റെയും, രക്തസാക്ഷികളായ സഖാക്കളുടേയും പ്രതീകമാണ് ചുവന്ന തോര്ത്തെന്നും അതുകൊണ്ടു തന്നെ ഏറെ ആദരവോടെയാണ് അവ കൈയില്‍ കരുതിയതെന്നുമാണ് അന്‍വര്‍ നിയമസഭയിലേക്ക് എത്തുന്നതിനുമുമ്പ് മാധ്യമങ്ങളോടു പ്രതികരിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് ഭരിക്കുന്നിടത്തോളം കേരളത്തിലെ പൊലീസില്‍ നിന്നും നീതി ലഭിക്കില്ലെന്ന് ഉറപ്പാണെന്ന് അൻവർ ആരോപിച്ചു. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണ്. സ്വര്‍ണക്കടത്തില്‍ അടക്കം കൃത്യമായ അന്വേഷണം നടക്കുന്നില്ല. സത്യസന്ധമായി അന്വേഷണം നടക്കണമെന്ന നിലപാടുള്ളയാളാണ് ഡിജിപി. ഗവര്‍ണറെ കണ്ട് പോലീസിൽ വിശ്വാസമില്ലെന്ന് അറിയിച്ചുവെന്നും പി.വി അന്‍വര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: