പത്തനംതിട്ട: ഹിമാചല്‍പ്രദേശ് കുളുവില്‍ മഞ്ഞുമലയില്‍ 1968 ല്‍ ഉണ്ടായ സൈനിക വിമാനാപകടത്തില്‍ മരിച്ച ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ തോമസ് ചെറിയാന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കരസേനയില്‍ ക്രാഫ്റ്റ്സ്മാനായിരുന്ന തോമസ് ചെറിയാന് വിമാനാപകടത്തില്‍ കാണാതാകുമ്പോള്‍ 22 വയസായിരുന്നു. തോമസ് ചെറിയാന്റേതടക്കം 4 മൃതദേഹങ്ങളാണ് 56 വര്‍ഷത്തിനു ശേഷം കണ്ടെടുത്തത്.
1968 ഫെബ്രു. 7 ന് 102 യാത്രക്കാരുമായി ചണ്ഡീഗഢില്‍ നിന്നും ലേയിലേക്ക് പോയ ഭാരത വ്യോമസേനയുടെ എഎന്‍- 12 ഇരട്ട എഞ്ചിന് വിമാനമാണ് ഹിമാചല്‍പ്രദേശിലെ കുളുവില്‍ റോഹ്താങ് ചുരത്തിന് മുകളില്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. എന്നാല്‍ മൃതദേഹങ്ങളെല്ലാം കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ വിഫലമാവുകയായിരുന്നു. പിന്നീട് എ.ബി. വാജ്പേയി പ്രധാനമന്ത്രിയായിരിക്ക അപകടത്തില്‍ പെട്ട സൈനികര്‍ക്കായി തെരച്ചില്‍ പുനരാരംഭിച്ചിരുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തിയ സൈന്യത്തോടും സര്‍ക്കാരിനോടും ഏറെ കടപ്പാടുണ്ടെന്ന് തോമസ് ചെറിയാന്റെ ജ്യേഷ്ഠ സഹോദരപുത്രന് ഷൈജു കെ. മാത്യു പറഞ്ഞു.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടിയാല്‍ ഇലന്തൂര്‍ കാരൂര്‍ പള്ളിയിലെ കുടുംബക്കല്ലറയില്‍ സംസ്കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
ഇപ്പോള്‍ കണ്ടെത്തിയ നാല് മൃതദേഹങ്ങളില്‍ മല്‍ഖന്‍ സിങ്, ശിപായി നാരായണ്‍ സിങ്, ക്രാഫ്റ്റ്സ്മാന്‍ തോമസ് ചെറിയാന് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. തിരിച്ചറിയാത്ത നാലാമത്തെ മൃതദേഹം റാന്നി കാട്ടുര്‍ സ്വദേശിയായ സൈനികന്റെതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കരസേനയുടെ ഡോഗ്ര സ്കൗട്ട്സ്, തിരംഗാ മൗണ്ടന്‍ റസ്ക്യൂ സംയുക്ത സംഘമാണ് ഇപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. തോമസ് ചെറിയാന്റെ കുടുംബവീട് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് സന്ദര്‍ശിക്കും.
രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചില്‍
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലിനൊടുവിലാണ് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഒടാലില്‍ തോമസ് ചെറിയാന് ഉള്‍പ്പെടെ നാലു സൈനികരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം സൈന്യം കണ്ടെടുത്തത്.
1968 ഫെബ്രു. 7ന് ഹിമാചല്‍പ്രദേശിലെ റോഹ്താങ് പാസില്‍ ഉണ്ടായ സൈനിക വിമാന അപകടത്തിലാണ് തോമസ് ചെറിയാനെ കാണാതാകുന്നത്. അന്ന് 22 വയസായിരുന്നു. പരിശീലനം പൂര്‍ത്തിയാക്കി, പോസ്റ്റിങ് കിട്ടി പോകും വഴിയാണ് അപകടം സംഭവിക്കുന്നത്. വിമാന അപകടത്തില്‍ 103 പേര് മരിച്ചെങ്കിലും 9 പേരുടെ മൃതദേഹങ്ങള്‍ മാത്രമാണ് അന്ന് കണ്ടെത്തിയത്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 2019 ലും അപകടത്തില്‍പ്പെട്ട അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അപകടത്തില്‍ മരിച്ചവരെ കണ്ടെത്താനുള്ള തെരച്ചില്‍ പത്ത് ദിവസം കൂടി തുടരുമെന്ന് ദൗത്യസംഘം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: