കോട്ടയം: മൊബൈല്‍ ഫോണുകളില്‍ ഇ -സിം ഉപയോഗിക്കുന്നവര്‍ ഒരു കാരണവശാലും ക്യു ആര് കോഡ് കൈമാറരുതെന്ന് പൊലീസിന്റെ നിര്‍ദ്ദേശം. ഇ -സിം അഥവാ ഡിജിറ്റല്‍ സിം ആക്ടിവേറ്റ് ചെയ്യുന്നതിനായി സേവനദാതാക്കള്‍ ഒരിക്കലും ക്യു ആര് കോഡ് ആവശ്യപ്പെടാറില്ല. കസ്റ്റമര്‍ കെയറില്‍ നിന്ന് എന്ന വ്യാജേന വിളിച്ച് ക്യു ആര് കോഡ് ചോദിച്ചറിയുകയും അതുവഴി പണം തട്ടുകയും ചെയ്യുന്ന രീതി വ്യാപകമായിട്ടുണ്ട്.
ഇ -സിം ആക്ടിവേറ്റ് ചെയ്യാനും മറ്റൊരു ഫോണിലേക്ക് മാറാനും സേവനദാതാക്കള്‍ പരസ്യപ്പെടുത്തിയിരിക്കുന്ന നമ്പറില്‍ മാത്രമേ എസ്എംഎസ് അയയ്ക്കാവൂ. ഇ സിം ഉപയോഗിക്കുന്നവര്‍ ആ നമ്പറില്‍ ബാങ്ക് അക്കൗണ്ടുകള്‍, പണ ഇടപാട് ആപ്പുകള്‍, ക്ലൗഡ് പ്ലാറ്റ്ഫോം അക്കൗണ്ടുകള്‍ എന്നിവ ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അത്തരം അക്കൗണ്ടുകള്‍ക്ക് രണ്ട് ഫാക്ടര്‍ ഒഥന്റിക്കേഷന് സെറ്റു ചെയ്യണം. എല്ലാ ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്കും ടു സ്റ്റെപ് വെരിഫിക്കേഷന് എന്ന അധിക സുരക്ഷാക്രമീകരണവും ഒരുക്കണം.
സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ 18 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലൊട്ടാകെ ഏഴു കോടിയോളം രൂപയുടെ തട്ടിപ്പ് ഇത്തരത്തില്‍ നടന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: