കോഴിക്കോട്: സംസ്ഥാനത്ത് ക്വാറി നടത്താന്‍ ന്യൂനപക്ഷത്തിന് പ്രതേ്യക അവകാശമുണ്ടെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്. ക്വാറിക്ക് അനുമതി നല്കാന് പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിക്ക് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് നല്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്.
ഭരണഘടന പ്രകാരം മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഉറപ്പാക്കുകയാണ് ന്യൂനപക്ഷ കമ്മിഷന്റെ ചുമതല. രാജ്യത്ത് ക്വാറി തുടങ്ങാന്‍ ഒരു ന്യൂനപക്ഷത്തിനും ഭരണഘടന പ്രത്യേക അവകാശം നല്‍കിയിട്ടില്ല. വിദ്യാഭ്യാസ അവകാശത്തിലും സ്ഥാപനങ്ങള്‍ നടത്തുന്നതിലും മാത്രമാണ് സംരംഭങ്ങളുടെ കാര്യത്തില്‍ അവകാശമുള്ളത്. എന്നിരിക്കെയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് ചെയര്മാന് അഡ്വ. എ.എ. റഷീദിന്റെ വിവാദ ഉത്തരവ്.
2024 ജൂണ്‍ 27 നാണ് ഉത്തരവ് ഇറക്കിയത്. എംസിഒപി നമ്പര്‍ 02/2024/ടിവിഎം നമ്പര്‍ ഉത്തരവിന് ആധാരമായ പരാതിക്കാരന് കണ്ണൂര്‍ തളിപ്പറമ്പ് ആലക്കോട് സ്വദേശി മാത്യു ജെ. ആണ്. മാത്യു ആലക്കോട് ഗ്രാനൈറ്റ് ബിസിനസ് നടത്തുന്നയാളാണ്.
സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതി ചെയര്മാന്, നാഷണല്‍ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി, മൈനിങ് ആന്‍ഡ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റ് പ്രൊഫ. ഡോ. കെ.എം. രാംചന്ദര്‍, ഇകെഎസ്പിഇആര്ടി കണ്‍സള്‍ട്ടന്റ് ഡോ. സക്കീര്‍ എസ്. പിള്ള എന്നിവരാണ് എതിര്‍കക്ഷികള്‍. പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആവശ്യമായ എല്ലാ രേഖകളും പരാതിക്കാരന് ഹാജരാക്കിയിട്ട് യോഗ്യതയുണ്ടെന്ന് കണ്ടെത്തിയാണ് ക്വാറി തുടങ്ങാന്‍ അനുമതി നല്‍കണമെന്ന് കമ്മിഷന് ഉത്തരവിട്ടിരിക്കുന്നത്.
സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതി തടസം നില്ക്കുന്നു എന്നാണ് പരാതിക്കാരനായ ക്വാറി ഉടമയുടെ വാദം. ഇതേ പ്രദേശത്ത് മറ്റൊരാള്‍ക്ക് ക്വാറി തുടങ്ങാന്‍ അനുമതി നല്‍കിയിട്ട് തന്നോട് വിവേചനം കാണിക്കുന്നുവെന്നാണ് ആക്ഷേപം ഉന്നയിച്ചത്.
ഭരണഘടന വിഭാവനം ചെയ്യുന്ന മതന്യൂനപക്ഷ സംരക്ഷണവും തുല്യനീതിയും തുല്യ അവകാശവും ലഭ്യമാക്കണമെന്നായിരുന്നു ക്വാറി ഉടമയുടെ ആവശ്യം. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷ കമ്മിഷന്റെ വിചിത്രമായ ഉത്തരവ്. രേഖകള്‍ പരിശോധിച്ച് ആവശ്യമായ പരിസ്ഥിതി സര്‍ട്ടിഫിക്കറ്റ് ഒരു മാസത്തിനകം നല്‍കാനാണ് സംസ്ഥാനതല പരിസ്ഥിതി ആഘാത വിലയിരുത്തല്‍ സമിതിക്ക് കമ്മിഷന് നിര്‍ദേശം നല്‍കിത്. പരാതിക്കാരന് ചൂണ്ടിക്കാട്ടിയ മറ്റൊരു ക്വാറിക്കു നല്കിയ ലൈസന്‍സ് സംബന്ധിച്ചുള്ള കേസ് കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ പരിഗണനയില്‍ തീര്‍പ്പാകാതെ കിടക്കുകയുമാണ്.
മൂന്നു തരത്തിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്റെ ഉത്തരവ് ചട്ടലംഘനം നടത്തുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് ക്വാറി നടത്താന്‍ ഭരണഘടനാപരമായ അവകാശമൊന്നുമില്ല. കമ്മിഷന് ഒരു സര്‍ക്കാര്‍ സംവിധാനത്തോട് സര്‍ട്ടിഫിക്കറ്റ് നല്കാന് നിര്‍ദേശിച്ച് ഉത്തരവ് കൊടുക്കാന്‍ അധികാരമില്ല. പരാതിക്കാരന്റെ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന പ്രകാരം പ്രദേശത്ത് ക്വാറിക്ക് കൊടുത്ത അനുമതിയില്‍ ട്രൈബ്യൂണലില്‍ കേസ് നടക്കുകയാണ്. എല്ലാ ചട്ടവും അധികാര പരിധികളും ലംഘിച്ച ന്യൂനപക്ഷ കമ്മിഷന്റെ നടപടി പുതിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: