ദുബായ്: ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്ട്രോള് ഓഫ് ഇന്ത്യ(ബിസിസിഐ) സെക്രട്ടറി ജയ് ഷാ അടുത്ത അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) അധ്യക്ഷ്യനായേക്കും. ഇതിനുള്ള എല്ലാ സാധ്യതകളും ഉറപ്പായിട്ടുണ്ട്. യാഥാര്‍ത്ഥ്യമായാല്‍ ഐസിസിയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായിരിക്കും 36കാരനായ ജയ് ഷാ.
ഇപ്പോഴത്തെ ഐസിസി അധ്യക്ഷന്‍ ഗ്രെഗ് ബാര്‍ക്ലേ കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പുതിയ ആള്‍ക്കായുള്ള നടപടികളിലേക്ക് ഐസിസി കടന്നത്. ഗ്രെഗ് ബാര്‍ക്ലേയുടെ കാലാവധി വരുന്ന നവംബര്‍ 30ന് അവസാനിക്കും. തുടര്‍ന്ന് ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ അധ്യക്ഷന്‍ ചുമതല ഏറ്റെടുക്കണം. ഇതിന് മുന്നോടിയായി ഈ മാസം 27 വരെ ഐസിസി അധ്യക്ഷപദവിക്കായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
ഐസിസിയിലെ 16 ഡയറക്ടര്‍മാരില്‍ ഉള്‍പ്പെട്ടവര്‍ക്കേ നാമനിര്‍ദേശം നല്കാന് സാധിക്കുകയുള്ളൂ. ഐസിസി ഡയറക്ടര്‍മാരില്‍ ഒരാളായ ജയ് ഷാ മാത്രമാണ് നിലവില്‍ ഇതിന് തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്. ഒന്നില്‍ കൂടുതല്‍ ആളുകള്‍ മുന്നോട്ട് വന്നാല്‍ വരുന്ന നവംബറിലെ രണ്ടാമത്തെ ആഴ്ച തെരഞ്ഞെടുപ്പ് നടത്തണം. കൂടുതല്‍ വോട്ടുവാങ്ങി ജയിക്കുന്നയാള്‍ക്ക് പുതിയ അധ്യക്ഷനാകാം. പ്രധാനമായും ഇത്തരം സാഹചര്യങ്ങളില്‍ മുന്നോട്ട് വരാറുള്ള ഓസ്ട്രേലിയ, ഇംഗ്ലണ്ട് പ്രതിനിധികള്‍ ഇക്കുറി പദവ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചുകഴിഞ്ഞു. ഇതേ തുടര്‍ന്ന് ജയ് ഷാ ഐക്യകണ്ഠേന ഐസിസി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുമെന്ന് ഏറെക്കുറേ ഉറപ്പായിരിക്കുകയാണ്.
ഐസിസി അധ്യക്ഷപദവിയിലെത്തിയാല് ജയ് ഷായ്ക്ക് നിലവിലെ ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരും. 2022 ഒക്ടോബര്‍ മുതലാണ് ഷാ രണ്ടാം തവണയും പദവിയില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
ബിസിസിഐ പ്രതിനിധിയായാണ് ഷാ ഐസിസി ഡയറക്ടര്‍ സ്ഥാനത്തെത്തിയത്. കൂടാതെ ഐസിസിയുടെ പ്രധാന വിഭാഗങ്ങളായ ധനകാര്യ, വാണിജ്യകാര്യ ഉപകമ്മറ്റിയുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചുവരികയാണ് ജയ് ഷാ. ഇതും കൂടി കണക്കിലെടുത്താല്‍ അദ്ദേഹത്തിന്റെ ഐസിസി അധ്യക്ഷ പദവി പ്രവേശത്തിന് തടസ്സങ്ങളൊന്നും ഉണ്ടാവില്ലെന്നറിയുന്നത്. ജയ് ഷാ ഐസിസി അധ്യക്ഷനായാല്‍ തല്‍ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഭാരതീയനായിരിക്കും. ജഗ്മോഹന് ഡാല്‍മിയ, ശരദ് പവാര്‍, എന്‍. ശ്രീനിവാസന്, ശശാങ്ക് മനോഹര്‍ എന്നിവരാണ് ഈ പദവിയില്‍ ഇതിന് മുമ്പ് എത്തിയ മറ്റ് ഭാരതീയര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: