തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കായി ദുരന്തനിവാരണ മാര്‍ഗരേഖ കൊണ്ടുവരുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം.
നിലവില്‍ വന്‍കിട പദ്ധതികള്‍ക്ക് മാത്രമാണ് ദുരന്തനിവാരണ മാര്‍ഗരേഖ നിര്‍ബന്ധമുള്ളത്. ഇത് പരിഷ്കരിച്ച് നഗരവികസന പദ്ധതികള്‍ക്കും നടപ്പിലാക്കും. കേരളത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉരുള്‍പൊട്ടല്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങള്‍, മണ്ണിന്റെ അവസ്ഥ തുടങ്ങിയവ മാപ്പ് ചെയ്യപ്പെടുന്ന പിഎം ഗതിശക്തി മാസ്റ്റര്‍പ്ലാന്‍ വഴി എല്ലാ സഹായവും ലഭ്യമാക്കുമെന്നും കേന്ദ്ര വാണിജ്യ അന്താരാഷ്ട്ര വ്യാപാര വികസന വകുപ്പ് ഡയറക്ടര്‍ എസ്.സി. കരോള്‍ പറഞ്ഞു പ്രധാനമന്ത്രി ഗതിശക്തി പദ്ധതികളുടെ അവലോകനയോഗത്തിനുശേഷമാണ് മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. വിഴിഞ്ഞം തുറമുഖം കേരളത്തിനു മാത്രമല്ല, രാജ്യത്തിനു മുഴുവന്‍ ഗുണകരമാണെന്നും വിഴിഞ്ഞം പദ്ധതിയുടെ ഗുണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാന്‍ പദ്ധതി തയാറാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിശാസ്ത്രപരമായ നേട്ടങ്ങളും പരിമിതികളും കണക്കിലെടുത്ത് വേണം കേന്ദ്രീകൃത ജിയോ മാപ്പിങ് പദ്ധതിയായ ദേശീയ മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കേണ്ടതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. പിഎം ഗതിശക്തി പദ്ധതിയുടെ ദക്ഷിണമേഖലാ ശില്പശാലയില് സംസാരിക്കുകയായിരുന്നു മന്ത്രി. പിഎം ഗതിശക്തി ദേശീയ മാസ്റ്റര്‍പ്ലാന്‍ ഡാറ്റാ ദുരന്ത നിവാരണത്തിന് വളരെ വിലപ്പെട്ടതാണെന്ന് ശില്പശാലയില് മുഖ്യപ്രഭാഷണം നടത്തിയ ഡിപിഐഐടി സെക്രട്ടറി രാജേഷ് കുമാര്‍ സിങ് പറഞ്ഞു.
എല്ലാ കാലാവസ്ഥയിലും റോഡുകള്‍, വൈദ്യുതി, ഇന്റര്‍നെറ്റ്, കുടിവെള്ളം മുതലായവയുമായി പൂര്‍ണമായും ബന്ധിപ്പിച്ചിട്ടുള്ള പ്രദേശിക വിവരങ്ങള്‍ ലഭ്യമാക്കുന്ന ദേശീയ മാസ്റ്റര്‍പ്ലാന്‍ പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരെ ബോധവല്‍ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: