- ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി
- വിശദമായ വിജ്ഞാപനം www.cee.kerala.gov.in ല്‍
- രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടാന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നിര്‍ബന്ധം
- പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/കോഴ്‌സുകളിലേക്ക് പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം
- ആര്‍ക്കിടെക്ചര്‍ ഒന്നാംഘട്ട അന്തിമ സീറ്റ് അലോട്ട്‌മെന്റ് 20 ന് പ്രസിദ്ധപ്പെടുത്തും
കേരള (കീം-2024) എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ്, ആര്‍ക്കിടെക്ചര്‍ ബിരുദ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി; വിശദവിവരങ്ങളടങ്ങിയ ഔദ്യോഗിക വിജ്ഞാപനം www.cee.kerala.gov.in ല്‍ ലഭ്യമാണ്.
എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളില്‍ ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയവരും, അലോട്ട്‌മെന്റ് ലഭിക്കാത്തവരും നിലവിലുള്ള ഹയര്‍ ഓപ്ഷനുകള്‍ രണ്ടാംഘട്ട അലോട്ട്‌മെന്റിലേക്ക് പരിഗണിക്കപ്പെടണമെങ്കില്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം. ഇതിനായി വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലിലെ ഹോം പേജില്‍ പ്രവേശിച്ച് ‘കണ്‍ഫേം’- ബട്ടണ്‍ ക്ലിക്ക് ചെയ്യണം. തുടര്‍ന്ന് ഹയര്‍ ഓപ്ഷന്‍ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്തവ റദ്ദാക്കുന്നതിനും പുതുതായി ഉള്‍പ്പെടുത്തിയ കോളജ്/കോഴ്‌സുകളിലേക്ക് പുതിയ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ആഗസ്ത് 16 രാത്രി 11.59 മണിവരെ സൗകര്യം ലഭിക്കുന്നതാണ്. രണ്ടാം ഘട്ടത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകളും സര്‍ക്കാര്‍/എയിഡഡ്/സ്വയംഭരണ/സ്വാശ്രയ ആര്‍ക്കിടെക്ചര്‍ കോളജുകളും വിജ്ഞാപനത്തില്‍/വെബ്‌സൈറ്റില്‍ ഉണ്ട്.
ഒന്നാം ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കും പുതുതായി ഉള്‍പ്പെടുത്തിയ എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്ക് ഓപ്ഷനുകള്‍ ഈ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
ഒന്നാംഘട്ട അലോട്ട്‌മെന്റ് ലഭിച്ച് ഫീസ് ഒടുക്കിയതിനുശേഷം രണ്ടാം ഘട്ടത്തിലേക്ക് ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താതിരുന്നാല്‍ ആദ്യ അലോട്ട്‌മെന്റ് നിലനില്‍ക്കുന്നതാണ്. ഓണ്‍ലൈന്‍ ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍ നടത്താത്തവരെ രണ്ടാംഘട്ട അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല.
ആര്‍ക്കിടെക്ചര്‍ റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്കാണ് ഒന്നാംഘട്ട അലോട്ട്‌മെന്റിനായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാവുന്നത്. ആര്‍ക്കിടെക്ചര്‍ കോളജുകളുടെ പട്ടിക വിജ്ഞാപനത്തിലുണ്ട്. ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ് അടയ്‌ക്കേണ്ടതുണ്ട്.
അലോട്ട്‌മെന്റ്: ആഗസ്ത് 16 രാത്രി 11.59 മണിവരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകൡലേക്കുള്ള രണ്ടാംഘട്ട താല്‍ക്കാലിക അലോട്ട്‌മെന്റും ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്കുള്ള ഒന്നാംഘട്ട താല്‍ക്കാലിക അലോട്ട്‌മെന്റും ആഗസ്ത് 19 ന് പ്രസിദ്ധീകരിക്കും.
എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകളിലേക്ക് ഒന്നാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്ക് രണ്ടാം ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുകയാണെങ്കില്‍ ആദ്യ അലോട്ട്‌മെന്റ് റദ്ദാകുന്നതായിരിക്കും. പുതിയ അലോട്ട്‌മെന്റ് പ്രകാരം ലഭിക്കുന്ന കോളജ്/കോഴ്‌സില്‍ പ്രവേശനം നേടണം.
എന്‍ജിനീയറിങ്/ഫാര്‍മസി കോഴ്‌സുകളിലെ രണ്ടാംഘട്ട അന്തിമ അലോട്ട്‌മെന്റും ആര്‍ക്കിടെക്ചര്‍ കോഴ്‌സ് ഒന്നാംഘട്ട അന്തിമ അലോട്ട്‌മെന്റും ആഗസ്ത് 20ന് പ്രസിദ്ധപ്പെടുത്തും. 21-27 വൈകിട്ട് 3 മണിവരെ ഫീസ് അടച്ച് അലോട്ട്‌മെന്റ് ലഭിച്ച കോളജുകളില്‍ പ്രവേശനം നേടാം. ആര്‍ക്കിടെക്ചര്‍ കോഴ്‌സില്‍ അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ആഗസ്ത് 24 വൈകിട്ട് 3 മണിക്കകം ഫീസ് അടച്ച് അഡ്മിഷന്‍ നേടേണ്ടതാണ്.
ഫീസ് ഘടന: രണ്ടാം ഘട്ടത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍, കോഴ്‌സുകള്‍, ഫീസ് ഘടന, ആര്‍ക്കിടെക്ചര്‍ കോളജുകളിലെ വാര്‍ഷിക ഫീസ് ഘടനയുമെല്ലാം വിജ്ഞാപനത്തില്‍/വെബ്‌സൈറ്റിലുണ്ട്. ഗവണ്‍മെന്റ്/എയിഡഡ് സ്വയംഭരണ കോളജുകളില്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സിലേക്കുള്ള വാര്‍ഷിക ഫീസ് 8650 രൂപയാണ്.
ന്യൂനപക്ഷ/കമ്മ്യൂണിറ്റി/ട്രസ്റ്റ് ക്വാട്ടാ സീറ്റുകള്‍: വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള കോളജുകളിലെ ന്യൂനപക്ഷ/കമ്മ്യൂണിറ്റി/ട്രസ്റ്റ് ക്വാട്ടാ സീറ്റുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ആഗസ്ത് 16 വരെ പുതുതായി ഓപ്ഷുകള്‍ നല്കാവുന്നതാണ്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ പ്രസ്തുത കാറ്റഗറി ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും www.cee.kerala.gov.in- സന്ദര്‍ശിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: