ന്യൂദല്‍ഹി: രാജ്യത്തെ ഓഹരി വിപണി തകര്‍ക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നീക്കം. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് വലിയ റിസ്കാണെന്ന പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണം ഈ നീക്കം ശരിവയ്ക്കുന്നു. ഓഹരി വിപണി തകര്‍ക്കാനും രാജ്യത്ത് സാമ്പത്തിക അരാജകത്വമുണ്ടാക്കാനുമാണ് രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ലക്ഷ്യമെന്ന് ബിജെപി ദേശീയ നേതൃത്വം കുറ്റപ്പെടുത്തി. ഓഹരി വിപണിയെയും സെബിയെയും ലക്ഷ്യമിട്ടു രംഗത്തെത്തിയ ഹിന്‍ഡന്‍ബര്‍ഗിനു പിന്നില്‍ ജോര്‍ജ് സോറസാണെന്നും ബിജെപി ആരോപിച്ചു.
സാമ്പത്തിക അസ്ഥിരതയും അരാജകത്വവുമാണ് കോണ്‍ഗ്രസ് ലക്ഷ്യമെന്ന് മുന്‍ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഭാരതത്തിനെതിരായ വെറുപ്പാണ് ഇതിനെല്ലാം പിന്നില്‍. സുരക്ഷിതവും സ്ഥിരതയുള്ളതും നേട്ടമുറപ്പുള്ളതുമായ ഓഹരി വിപണിയാണ് രാജ്യത്ത്. അതിനെ തകര്‍ക്കാനാണ് സംഘടിത ശ്രമം. നമ്മുടെ ഓഹരി വിപണിയെ തകര്‍ക്കാന്‍ കോണ്‍ഗ്രസ് വിദേശ സഹായം തേടിയിരിക്കുന്നു. തുടര്‍ച്ചയായ മൂന്നാം തെരഞ്ഞെടുപ്പിലും അധികാരത്തില്‍ നിന്നു പുറത്തായതിന്റെ നിരാശയാണ് ഇത്തരത്തിലുള്ള ടൂള്‍കിറ്റുകളുടെ സഹായത്തോടെ അസ്ഥിരത സൃഷ്ടിക്കാനുള്ള നീക്കത്തിനു പിന്നില്‍. ഹിന്‍ഡന്‍ബര്‍ഗ് ഒരു റിപ്പോര്‍ട്ട് ശനിയാഴ്ച പ്രസിദ്ധീകരിക്കുന്നു, കോണ്‍ഗ്രസ് അത് ഞായറാഴ്ച മുഴുവനും പ്രചരിപ്പിക്കുന്നു, തിങ്കളാഴ്ച ഓഹരി വിപണി തകരണമെന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഇത്തരം രാജ്യവിരുദ്ധ പ്രചാരണങ്ങള്‍ തള്ളി ഓഹരി വിപണി ഇന്നലെ സ്ഥിരത പ്രകടിപ്പിച്ചതില്‍ അഭിമാനമുണ്ട്, രവിശങ്കര്‍ പ്രസാദ് കൂട്ടിച്ചേര്‍ത്തു.
ഹിന്‍ഡന്‍ബര്‍ഗില്‍ നിക്ഷേപിച്ചതാരാണെന്ന് ജനങ്ങള്‍ തിരിച്ചറിയണം. ഭാരതത്തിനെതിരേ നിരന്തരം പ്രചാരണം അഴിച്ചുവിടുന്ന ജോര്‍ജ് സോറസാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ പ്രധാന നിക്ഷേപകന്. നരേന്ദ്ര മോദിക്കെതിരായി ആരംഭിച്ച വെറുപ്പിന്റെ പ്രചാരണം കോണ്‍ഗ്രസ് രാജ്യത്തിനെതിരായ പ്രചാരണമാക്കിയെന്നും രവിശങ്കര്‍ കുറ്റപ്പെടുത്തി. ഹിന്‍ഡന്‍ബര്‍ഗ് രാജ്യത്തെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് ആരോപിച്ചു. ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാകില്ല. ഹിന്‍ഡന്‍ബര്‍ഗ് ഭാരതത്തിന്റെ ശത്രുവായതായും അദ്ദേഹം പറഞ്ഞു.
കുറച്ചു നാളായി ആളുകള്‍ വലിയ തോതില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കുകയാണെന്നും രാജ്യത്തിന്റെ ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നത് വലിയ റിസ്കാണെന്ന് ജനങ്ങളെ അറിയിക്കേണ്ടത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്റെ ചുമതലയാണെന്നുമായിരുന്നു രാഹുലിന്റെ വിവാദ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: