ടെല്‍ അവീവ്: ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ഹമാസിന്റെ പുതിയ തലവാനായി യഹിയ സിന്‍വാറിനെ തെരഞ്ഞെടുത്തു. ഇസ്രായേല്‍ ഹിറ്റ് ലിസ്റ്റില്‍ ഒന്നാം നമ്പറുകാരനായ ഭീകരനാണ് യഹിയ സിന്‍വാര്‍. ഹനിയ കൊല്ലപ്പെട്ട് ഒരാഴ്ച തികയുന്നതിന് മുന്‍പാണ് പുതിയ നേതാവ് സ്ഥാനമേല്‍ക്കുന്നത്.
അതേസമയം യഹിയ സിന്‍വാറിനെ ഉടനടി ഇല്ലാതാക്കുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. ഹനിയയ്ക്കുപകരം സിന്‍വാറിനെ നിയമിച്ചത് വേഗത്തില്‍ ഉന്മൂലനം ചെയ്യാനും ഈ ഹീനമായ സംഘടനയെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കാനുമുള്ള മറ്റൊരു ശക്തമായ കാരണമാണെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി കാറ്റ്സ് പ്രസ്താവിച്ചു.
എക്സിലാണ് ഇസ്രായേല്‍ മന്ത്രി ഇക്കാര്യം പോസ്റ്റ് ചെയ്തത്. 23 വര്‍ഷത്തോളം ഇസ്രായേലിന്റെ തടങ്കലിലായിരുന്നു സിന്‍വാര്‍. 2011ല്‍ ഹമാസ് ബന്ദിയാക്കിയ ഫ്രഞ്ച്- ഇസ്രായേല്‍ സൈനികന് ഗിലാദ് ഷാലിറ്റിനെ മോചിപ്പിക്കുന്നതിന് പകരമായി സിന്‍വാറിനെ വിട്ടയയ്ക്കുകയായിരുന്നു. 2017ല്‍ സിന്‍വാര്‍ ഗാസ മുനമ്പിലെ ഹമാസിന്റെ നേതാവായി. ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനാണ്. യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നിരവധി ഹമാസ് നേതാക്കളില്‍ ഒരാളാണ് സിന്‍വാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: