കൊല്ലം: രണ്ടാമത് ഹോക്കി ഇന്ത്യ സബ് ജൂനിയര്‍ സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കേരളവും വനിതാ വിഭാഗത്തില്‍ ആന്ധ്രാപ്രദേശും ചാമ്പ്യന്മാര്. പുരുഷ വിഭാഗം ഫൈനലില്‍ തമിഴ്നാടിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളം ചാമ്പ്യന്മാരായത്. വനിതാ വിഭാഗം ഫൈനലില്‍ തമിഴ്നാടിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ആന്ധ്രാപ്രദേശ് ചാമ്പ്യന്മാരായത്.
പുരുഷന്മാരുടെ ഫൈനലില്‍ തുടക്കം മുതല്‍ തന്നെ ആക്രമിച്ച് കളിച്ച കേരളം മൂന്നാം മിനിറ്റില്‍ തന്നെ ആദിത്യാ ലക്റയിലൂടെ മുന്നിലെത്തി. പിന്നീട് അങ്ങോട്ട് കേരളത്തിന്റെ ഗോളടിമേളമാണ് കണ്ടത്. കേരളത്തിന് വേണ്ടി രാജു ബംഗാരിയും ബഹല സൂരജും രണ്ട് വീതം ഗോളുകള്‍ നേടി. മിന്‍സ് ദിനേശ്, അര്‍മന്‍ തുടങ്ങിയവര്‍ ഓരോ ഗോള്‍ വീതവും നേടി.
തോല്‍വി അറിയാതെയാണ് കേരളം സ്വര്‍ണം നേടിയത്. ആറ് മത്സരങ്ങളില്‍ നിന്നായി കേരളം 41 ഗോളുകളടിച്ചു. കേരളത്തിന്റെ ബഹല സൂരജും പുതുച്ചേരിയുടെ നിതീശ്വരനും ടൂര്‍ണമെന്റിലെ പുരുഷ വിഭാഗത്തിലെ ടോപ് സ്കോറര്‍മാര്‍.
വനിതാ ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം സ്ഥാന പോരില്‍ കേരളം ജയിച്ചു. കര്‍ണാടകയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കേരളത്തിന്റെ വെങ്കല നേട്ടം. കേരളത്തിന് വേണ്ടി രേഷ്മ സമദ്, അഭയ ജോതി, ത്രികി, കാര്‍ത്തിക എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. മദ്ധ്യനിരയെ നിയന്ത്രിച്ച് ഗോള്‍ നേടിയ രേഷ്മ സമദാണ് മത്സരത്തിലെ താരം. പുരുഷന്മാരുടെ വെങ്കലമെഡല്‍ പോരാട്ടത്തില്‍ കര്‍ണാടക രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പുതുച്ചേരിയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: