ഇടുക്കി: മൂന്നാര്‍ സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്. 2022-23 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിലാണ് ക്രമക്കേടു കണ്ടെത്തിയത്. സിപിഎം നിയന്ത്രണത്തിലുള്ളതാണ് ബാങ്ക്.
മാക്സി മൂന്നാര്‍ എന്ന കമ്പനി രൂപീകരിച്ച് പന്ത്രണ്ടേകാല്‍ കോടി രൂപയുടെ ക്രമക്കേടു നടത്തി. സഹകരണ വകുപ്പ് അനുമതിയില്ലാതെ 22.53 കോടി രൂപ ചെലവഴിച്ചു. 31 കോടി രൂപ ചെലവില്‍ വാങ്ങിയ റിസോര്‍ട്ടും അമ്യൂസ്മെന്റ് പാര്‍ക്കും മാക്സി മൂന്നാര്‍ എന്ന സഹകമ്പനി രൂപീകരിച്ച് ബാങ്ക് ഭരണസമിതി അതിനു കീഴിലാക്കി എന്നിവയാണ് ഓഡിറ്റ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
സഹകരണ സംഘ നിയമ പ്രകാരമുള്ള ചട്ടങ്ങള്‍ പാലിക്കാതെയാണ് സഹകമ്പനി രൂപീകരിച്ചത്. കമ്പനിയുടെ 97 ശതമാനം ഓഹരിയും ബാങ്കിന്റെ പേരിലാണ്. മൂന്നു ശതമാനം ഓഹരി സിപിഎം നേതാക്കളും മുന്‍ സെക്രട്ടറിയും ചേര്‍ന്നു സ്വന്തമാക്കി.
50 കോടി രൂപ മുടക്കി മൂന്നാര്‍ സര്‍വീസ് സഹ. ബാങ്ക് മൂന്നു പദ്ധതികള്‍ ആരംഭിച്ചു, റിസോര്‍ട്ട്, അമ്യൂസ്മെന്റ് പാര്‍ക്ക്, സിപ് ലൈന്‍ തുടങ്ങിയവ. ഇവയാണ് സഹകമ്പനിയിലേക്കു മാറ്റിയത്.
ബാങ്കിന്റെ സാമ്പത്തിക ഇടപാട് റിപ്പോര്‍ട്ട് ഓഡിറ്റിങ്ങിനു ഹാജരാക്കിയപ്പോള്‍ സഹകമ്പനിയിലേക്കു മാറ്റിയ മൂന്നു വിനോദ സഞ്ചാര പദ്ധതികളുടെ ലാഭമെത്രയെന്നതിനെക്കുറിച്ചു കണക്കുകളില്ല. ജോയിന്റ് രജിസ്ട്രാറുടെ അനുമതിയില്ലാതെ അധിക പണം നല്‍കിയാണ് റിസോര്‍ട്ട് വാങ്ങിയത്. സഹകമ്പനിയിലേക്കു പദ്ധതികള്‍ മാറ്റിയതിനും സഹകരണ വകുപ്പിന്റെ അനുമതിയില്ല.
സഹകരണ നിയമ ഭേദഗതി പ്രകാരം അംഗീകാരം നഷ്ടമാകുമെന്നതിനാല്‍ മാക്സി മൂന്നാര്‍ അവസാനിപ്പിച്ചെന്നാണ് ബാങ്കിന്റെ വിശദീകരണം.
കമ്പനിയുടെ വരവുചെലവു കണക്കുകള്‍ സഹ. വകുപ്പിനെ ബോധ്യപ്പെടുത്തിയെന്നും അടുത്ത സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റിങ്ങില്‍ ഇത് രേഖപ്പെടുത്തുമെന്നും ബാങ്ക് ഭരണസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: