ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ദയനീയമായ പരാജയത്തിന്റെ കാരണങ്ങളിലൊന്ന് പിണറായി വിജയന് നേതൃത്വം നല്കുന്ന സര്‍ക്കാരിന്റെ ഭരണപരാജയങ്ങളാണ്. പരാജയം വിലയിരുത്തിക്കൊണ്ട് എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. സിപിഎം നയിക്കുന്ന മുന്നണിയില്‍നിന്ന് വിട്ടുപോരുന്നതിനെക്കുറിച്ചുപോലും സിപിഐയുടെ നേതൃയോഗങ്ങളില്‍ ചര്‍ച്ച നടക്കുകയുണ്ടായി. വന്‍ പരാജയത്തില്‍നിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമം ഇതിനു പിന്നിലുണ്ടാകാമെങ്കിലും പിണറായി സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ ഒരുവിധത്തിലും മൂടിവയ്ക്കാനാവില്ല. ഭരണത്തിലെ ജനവിരുദ്ധതയും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയുമാണ് ഇത്ര വലിയ തെരഞ്ഞെടുപ്പ് പരാജയത്തിനു കാരണമെന്ന് സിപിഎമ്മിനകത്തുപോലും വിമര്‍ശനമുയര്‍ന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നത്. അധികാരത്തിന്റെ ഹുങ്കില്‍ സിപിഎമ്മും സര്‍ക്കാരും ചില സംഘടിത വിഭാഗക്കാര്‍ക്കു പിന്നാലെ പോയതും, കര്‍ഷകരടക്കമുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ക്കുനേരെ കണ്ണടച്ചതും പരാജയം ക്ഷണിച്ചുവരുത്തിയെന്നാണ് ഇടതുപക്ഷ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. ഈ വസ്തുത അംഗീകരിക്കാന്‍ സിപിഎം തയ്യാറല്ലെന്നതിനു തെളിവാണ് തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടിയുടെ സംസ്ഥാനസമിതിയും സെക്രട്ടറിയേറ്റും ‘കണ്ടെത്തിയ’ കാരണങ്ങള്‍. പാര്‍ട്ടിക്കും മുന്നണിക്കും ജനങ്ങള്‍ വോട്ടു ചെയ്യാത്തതിന് ക്രൈസ്തവസഭകളെയും എസ്എന്‍ഡിപി യോഗത്തെയും കടന്നാക്രമിക്കുകയാണ് സിപിഎം ചെയ്തിരിക്കുന്നത്.
വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമം ലക്ഷ്യംവച്ച് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പദ്ധതികളും നല്കുന്ന ആനുകൂല്യങ്ങളും സംസ്ഥാനത്ത് എങ്ങനെയൊക്കെ അട്ടിമറിക്കാമെന്നാണ് ഇടതുമുന്നണി സര്‍ക്കാര്‍ നോക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ സാധാരണക്കാര്‍ക്ക് ലഭിച്ചാല്‍ അത് സംസ്ഥാനത്ത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും, ഇത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നുമാണ് സിപി
എമ്മിന്റെ നിലപാട്. കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ഗ്രാമസഭായോഗങ്ങള്‍ പോലും ചേരാതിരിക്കുന്ന സാഹചര്യമുണ്ട്. അഥവാ യോഗം ചേര്‍ന്നാല്‍ തന്നെ കേന്ദ്രം ഭരിക്കുന്ന കക്ഷിയായ ബിജെപിയുടെ പ്രതിനിധികളെ പങ്കെടുപ്പിക്കാതിരിക്കുന്ന രീതിയും വ്യാപകമാണ്. തങ്ങള്‍ക്ക് കഴിയാത്ത കാര്യങ്ങള്‍ മറ്റാരെങ്കിലും ചെയ്താല്‍ അതിന്റെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കരുതെന്ന് ഉറപ്പുവരുത്തുന്ന ഈ രീതി മനുഷ്യവിരുദ്ധമാണ്. ഇടതുമുന്നണി ഭരണത്തില്‍ ഇതിന്റെ തിക്തഫലം അനുഭവിക്കുന്നവരാണ് സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍. എട്ട് വര്‍ഷമായി അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാര്‍ നെല്‍കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന നെല്ലിന് മതിയായ വില നല്‍കാതെയും, വില നല്‍കുന്നത് വച്ചുതാമസിപ്പിച്ചും ദ്രോഹിക്കുകയാണ്. ഇതിനെതിരെ നടന് ജയസൂര്യയും, നെല്കര്ഷകന് തന്നെയായ നടന് കൃഷ്ണപ്രസാദുമൊക്കെ രംഗത്തുവന്നിട്ടും ഇവരൊന്നും പറയുന്നത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളിറക്കി കര്‍ഷകദ്രോഹം മറച്ചുപിടിക്കുകയാണ് മന്ത്രിമാര്‍ ചെയ്യുന്നത്.
വീണ്ടും അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ദിവസമാണ് നെല്ലുള്‍പ്പെടെ പതിനാല് ഖാരിഫ് വിളകളുടെ മിനിമം താങ്ങുവില വന്‍തോതില്‍ ഉയര്‍ത്തിയത്. ക്വിന്റലിന് 117 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതുപ്രകാരം നെല്ലിന്റെ താങ്ങുവില 2300 രൂപയായി വര്‍ധിച്ചു. പരുത്തിയുടെയും റാഗിയുടെയും ചോളത്തിന്റെയും ചെറുധാന്യങ്ങളുടെയും മിനിമം താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. കര്ഷകര്ക്കുമാത്രം രണ്ട് ലക്ഷം കോടിരൂപ താങ്ങുവിലയായി ലഭിക്കുമെന്നും, ഇതുമൂലം കഴിഞ്ഞ സീസണെ അപേക്ഷിച്ച് 35,000 കോടി രൂപയുടെ വര്ധനവാണുണ്ടാവുകയെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറയുകയുണ്ടായി. ഉല്‍പ്പാദന ചെലവിന്റെ ഒന്നര ശതമാനത്തെക്കാള്‍ കൂടുതല്‍ താങ്ങുവിലയായി നല്‍കുമെന്ന ബജറ്റിലെ പ്രഖ്യാപനം കേന്ദ്ര സര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കര്‍ഷകദ്രോഹ നയങ്ങളും കാരണം ഈ ആനുകൂല്യങ്ങളൊന്നും സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാര്‍ നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിക്കുന്നതിനനുസരിച്ച് സംസ്ഥാന വിഹിതം വെട്ടിക്കുറക്കുകയാണ്. ഇതിനാല്‍ ഏറ്റുവുമൊടുവില്‍ കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയുടെ ആനുകൂല്യവും കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കുമെന്ന് കരുതാനാവില്ല. മറ്റ് സംസ്ഥാനങ്ങളൊന്നും നെല്ലിന് താങ്ങുവില നല്‍കുന്നില്ലെന്നാണ് ഇതിന് പറയുന്ന ന്യായം. കേന്ദ്രവിഹിതം വകമാറ്റി ചെലവഴിക്കുന്നതും, പണം ചെലവഴിച്ചതിന്റെ കണക്കുകള്‍ യഥാസമയം നല്‍കാത്തതും കേന്ദ്രത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിന് തടസ്സമാവുകയും ചെയ്യുന്നു. കര്‍ഷക ആത്മഹത്യകള്‍ ഒഴിവാക്കാനെങ്കിലും പിണറായി സര്‍ക്കാര്‍ ഈ നയം മാറ്റണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: