ന്യൂദല്‍ഹി: ദല്‍ഹിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകാന്‍ കാരണം ആപ്പ് സര്‍ക്കാരിന്റെ പിടിപ്പുകേടെന്ന് ബിജെപി. വേനല്‍ക്കാലത്തിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ നടത്താത്തതാണ് ഇപ്പോള്‍ പ്രശ്നങ്ങള്‍ രൂക്ഷമാകാന്‍ കാരണമെന്നും ബിജെപി ആരോപിച്ചു. ഇന്നലെയും ദല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
ബിജെപി എംപി ബാന്‍സുരി സ്വരാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആര്‍കെ പുരം സെക്ടര്‍ ഏഴിലെ ദല്‍ഹി ജല ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇത് സ്വാഭാവിക പ്രതിസന്ധിയല്ലെന്നും ആപ്പ് സര്‍ക്കാര്‍ മനഃപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും അവര്‍ കുറ്റപ്പെടുത്തി. ദല്‍ഹിയില്‍ ധാരാളം വെള്ളമുണ്ട്, കരാറില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വെള്ളം ഹരിയാന നല്‍കുന്നുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താനോ മുന്നൊരുക്കങ്ങള്‍ നടത്താനോ ആപ്പ് സര്‍ക്കാര്‍ തയാറായില്ല. ആപ്പിന്റെ ഒരു പതിറ്റാണ്ട് ഭരണത്തില്‍ ദല്‍ഹി ജല ബോര്‍ഡിന് 7,300 കോടി രൂപയുടെ നഷ്ടമുണ്ടാക്കി. 2013 ല്‍ അത് 600 കോടി രൂപയില്‍ താഴെയായിരുന്നു. ആം ആദ്മി സര്‍ക്കാരിന്റെ പിന്തുണയുള്ള അനധികൃത ടാങ്കര്‍ മാഫിയകള്‍ ദല്‍ഹിയില്‍ തടിച്ചു കൊഴുക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ദല്‍ഹിയിലെ കുടിവെള്ളക്ഷാമത്തിന് ഉത്തരവാദി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും ആപ്പ് സര്‍ക്കാരുമാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ കുറ്റപ്പെടുത്തി. നല്കേണ്ടതിനേക്കാള് കൂടുതല്‍ അളവില്‍ വെള്ളം ഹരിയാന നല്‍കുന്നുണ്ട്. ജലമോഷണവും പാഴാക്കലുമാണ് ദല്‍ഹിയില്‍ ജലക്ഷാമം നേരിടുന്നതിന്റെ അടിസ്ഥാന കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നജഫ്ഗഡില്‍ വെസ്റ്റ്ദല്ഹി എംപിയും ബിജെപി നേതാവുമായ കമല്‍ജീത് സെഹ്രാവത്തും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് കാലിയായ മണ്‍പാത്രങ്ങള്‍ ഉടച്ച് പ്രതിഷേധിച്ചു. പലയിടത്തും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പഴയ പൈപ്പുകള്‍ യഥാസമയം മാറ്റി പുതിയത് സ്ഥാപിക്കാത്തതിനാലാണിത്. പൈപ്പുകള്‍ മാറ്റിയിടാന്‍ നടപടി സ്വീകരിക്കേണ്ട ആപ്പ് സര്‍ക്കാര്‍ എന്നാല്‍ മറ്റു സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്ന തിരക്കിലാണ്. കൂടുതല്‍ പണം നല്കി സ്വകാര്യ വാട്ടര്‍ ടാങ്കറുകളില്‍ നിന്ന് വെള്ളം വാങ്ങേണ്ട അവ സ്ഥയിലാണ് ജനം. മന്ത്രിയെന്ന നിലയില്‍ അതിഷി തന്റെ വകുപ്പില്‍ ശ്രദ്ധചെലുത്തണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ദല്‍ഹിയിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി മന്ത്രി. ജലവകുപ്പ് മന്ത്രി അതിഷിയാണ് ഈ ആവശ്യം ഉന്നയിച്ച് ദല്‍ഹി പോലീസ് കമ്മിഷണര്‍ സഞ്ജയ് അറോറയ്ക്ക് കത്തയച്ചത്. കടുത്ത ജലക്ഷാമം അനുഭവിക്കുന്ന സാഹചര്യത്തില്‍ അടുത്ത 15 ദിവസത്തേക്ക് പ്രധാന ജലവിതരണ പൈപ്പ് ലൈനുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പൈപ്പുകളില്‍ നിന്ന് ജലം മോഷ്ടിക്കുന്നതാണ് ജലക്ഷാമം രൂക്ഷമാകാനുള്ള ഒരു കാരണമെന്ന് ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: