ആലപ്പുഴ: എന്‍ഡിഎയുടെ വന്‍ മുന്നേറ്റത്തില്‍ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങള്‍ തകര്‍ന്നടിഞ്ഞു. സിപിഎമ്മിന്റ അനുഭാവികളുടെയും പാര്‍ട്ടി കേഡര്‍മാരുടെയും വോട്ടുകള്‍ ഇത്തവണ ബിജെപിക്ക് ലഭിച്ചു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് നേടിയ 2,99,648 വോട്ടുകള്‍ ഇടതു, വലതു കേന്ദ്രങ്ങളെ ഒരു പോലെ ഞെട്ടിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലങ്ങളില്‍ കനത്ത വോട്ടു ചോര്‍ച്ചയാണ് സിപിഎം സ്ഥാനാര്‍ത്ഥിക്ക് ഇത്തവണയുണ്ടായത്.
സിപിഎമ്മില്‍ ആരീഫിനെതിരെ നീക്കം നടന്നിരുന്നു എന്ന് ആക്ഷേപം തുടക്കം മുതലുണ്ടായിരുന്നു. സിപിഎമ്മുകാരായ എംഎല്‍എമാര്‍ പാലം വലിക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ വലിയ ജനവികാരമാണ് ഇടതു ശക്തികേന്ദ്രങ്ങളില്‍ പോലും ഉണ്ടായിരുന്നത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും. എന്‍ഡിഎയുടെ സംഘടനാ സ്വാധീനവും സ്ഥാനാര്‍ത്ഥിയുടെ മികവും ഉറച്ച സിപിഎം വോട്ടുകളെ പോലൂം സ്വാധീനിച്ചെന്ന് പാര്‍ട്ടി നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. കൂടാതെ സിപിഎമ്മിലെ വിഭാഗീയതയും ആരീഫിന് തിരിച്ചടിയായി.
ഹരിപ്പാടും കായംകുളത്തും ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതും സിപിഎമ്മിന് മാനക്കേടായി. രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട് കെ.സി.വേണുഗോപാലിന്റെ ഭൂരിപക്ഷം 1345 വോട്ടായി കുറഞ്ഞത് കോണ്‍ഗ്രസിലും ചര്‍ച്ചയായി. ശോഭ നേടിയ മൂന്നു ലക്ഷത്തോളം വോട്ടില്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്നുള്ള വോട്ട് എത്രയെന്ന അന്വേഷണം സിപിഎമ്മില്‍ പല വെട്ടിനിരത്തലുകള്‍ക്കും ഇടയാക്കും. ഒരിക്കലും നഷ്ടമാകില്ലെന്ന് സിപിഎം നേതൃത്വം ഉറച്ച് വിശ്വസിച്ച ചില മേഖലകളില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് ചെയ്തു. ആകെ വോട്ടുനിലയില്‍ ശോഭ സുരേന്ദ്രനും എ.എം.ആരിഫും തമ്മിലുള്ള വ്യത്യാസം 39,755 വോട്ട് മാത്രമാണ്. എല്ലാക്കാലത്തും ഉരുക്കുകോട്ടയായി ഇടതിനെ കാത്ത കായംകുളത്തും ചേര്‍ത്തലയിലും വോട്ട് മറിഞ്ഞു. കായംകുളത്ത് സിപിഎം. മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു എന്നതാണ് വലിയ തിരിച്ചടി. ശോഭാ സുരേന്ദ്രന് ആരിഫിനെക്കാള്‍ 755 വോട്ട് കൂടുതല്‍ കിട്ടി.കായംകുളത്ത് 2019ല്‍ ആരിഫ് 4297 വോട്ടിന്റെ ഭൂരിപക്ഷം നേടിയതാണ്.
ചേര്‍ത്തലയില്‍ കഴിഞ്ഞപ്രാവശ്യം ആരിഫിന് 16,895 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു. ഇക്കുറി വേണുഗോപാലിനാണ് ഭൂരിപക്ഷം 843. ഇവിടെ കഴിഞ്ഞപ്രാവശ്യം ആരിഫിനു ലഭിച്ചത് 83,221 വോട്ട്. ഇക്കുറി 61,858 മാത്രം. അതേസമയം എന്‍ഡിഎയ്ക്ക് കഴിഞ്ഞപ്രാവശ്യം ഇവിടെ ലഭിച്ചത് 22,655 ആയിരുന്നത് ഇക്കുറി 40,474 ആയി. ഹരിപ്പാട് മണ്ഡലത്തില്‍ ആരിഫിന് കഴിഞ്ഞ തവണ 55,601 വോട്ട് ലഭിച്ചതാണെങ്കില്‍ ഇക്കുറി 41,769 വോട്ടുമാത്രമാണ്. എന്നാല്‍, എന്‍ഡിഎയ്ക്ക് കഴിഞ്ഞപ്രാവശ്യം 26,238 വോട്ടുകിട്ടിയത് ഇക്കുറി 47,121 വോട്ടായി കുതിച്ചു. 5352 വോട്ട് ആരിഫിനെക്കാള്‍ കൂടുതല്‍ ശോഭാ സുരേന്ദ്രന് പിടിച്ചു. കരുനാഗപ്പള്ളിയില്‍ വെറും 191 വോട്ടിന്റെയും അമ്പലപ്പുഴയില്‍ 110 വോട്ടിന്റെയും വ്യത്യാസംമാത്രമാണ് ആരിഫും ശോഭാ സുരേന്ദ്രനും തമ്മിലുള്ളത്.
ഇത്തവണ വോട്ട് വര്‍ദ്ധിച്ചത് ബിജെപിക്ക് മാത്രമാണ്. കോണ്‍ഗ്രസിനും, സിപിഎമ്മിനും വോട്ട് ഗണ്യമായി കുറഞ്ഞു. ബിജെപിക്ക് ഇത്തവണ 1,11, 919 വോട്ടുകളുടെ വലിയ വര്‍ദ്ധനവാണുണ്ടായത്. കോണ്‍ഗ്രസിന് 30,936 വോട്ടുകളുടെ കുറവുണ്ടായി. എല്‍ഡിഎഫിനാകട്ടെ 1,04923 വോട്ടുകളുടെ വന്‍ കുറവാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: