ബെംഗളൂരു: കർണാടക ബിജെപി എംഎൽഎയും മുൻ സംസ്ഥാന യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ കേശവ് പ്രസാദ് നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ജൂൺ ഏഴിന് ഹാജരാകാൻ കർണാടകയിലെ പ്രത്യേക കോടതി നിർദേശിച്ചു.
സംസ്ഥാനത്തെ മുൻ ബിജെപി സർക്കാർ പദ്ധതികൾ നൽകുന്നതിന് 40 ശതമാനം കമ്മീഷൻ വാങ്ങിയെന്ന് ആരോപിച്ച് മുഴുവൻ പേജ് പരസ്യം നൽകി കോൺഗ്രസ് പ്രചരണം നടത്തിയെന്ന് പ്രസാദ് നൽകിയ മാനനഷ്ടക്കേസിൽ ആരോപിക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. തെറ്റായ കുറ്റം ചുമത്തിയതിന് ഐപിസി സെക്ഷൻ 500 പ്രകാരം അവരെ ശിക്ഷിക്കണമെന്നും കേസിൽ അഭ്യർത്ഥിച്ചു.
അതേ സമയം രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമോയെന്നത് സംബന്ധിച്ച ഉത്തരവ് കോടതി മാറ്റിവച്ചു. നേരത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇതേ കേസിൽ കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു.
ശനിയാഴ്ച ഹാജരാകുമെന്ന് കോടതിയിൽ ഉറപ്പ് നൽകിയിട്ടും കേസിൽ കക്ഷികൂടിയായ രാഹുൽ ഗാന്ധി വിട്ടുനിന്നു. അതേ സമയം ഏഴാം ഘട്ട വോട്ടെടുപ്പും ഇൻഡി ബ്ലോക്ക് നേതാക്കളുടെ യോഗവും കാരണം തന്റെ കക്ഷിക്ക് കോടതിയിൽ ഹാജരാകാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ എസ്.എ.അഹമ്മദ് വാദിച്ചു.
എന്നാൽ ജൂൺ ഏഴിന് രാഹുൽ ഗാന്ധി ഹാജരാകുമെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ജൂൺ 7 വരെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നും വയനാട് എംപിക്ക് ഹാജരാകാൻ മറ്റൊരു തീയതി നൽകണമെന്നും രാഹുൽ ഗാന്ധിയുടെ മറ്റൊരു അഭിഭാഷകൻ രമേഷ് ബാബു കോടതിയോട് അപേക്ഷിച്ചു-അത്തരത്തിലുള്ള മൂന്നാമത്തെ അപേക്ഷയാണിത്.
ബിജെപി അഭിഭാഷകൻ വിനോദ് കുമാർ ഈ ആവശ്യങ്ങളെ എതിർക്കുകയും രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
രാഹുൽ ഗാന്ധിക്ക് ഹാജരാകാൻ സമയം അനുവദിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് അഭിഭാഷകൻ അഹമ്മദ് എതിർത്തു. തുടർന്ന് ഇവരുടെ വാദം കേട്ട ശേഷം വിഷയത്തിൽ വിധി പറയുന്നത് മാറ്റി വെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: