ഭുവനേശ്വര്‍: ഒഡീഷയില്‍ കരാര്‍ ഭരണമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജഗന്നാഥപുരിയുടെ രത്നഭണ്ഡാരം കരാറുകാരെ ഏല്പിച്ച മുഖ്യമന്ത്രിയാണ് നവീന്‍ പട്നായിക്കെന്ന് സ്മൃതി ആരോപിച്ചു. വി.കെ. പാണ്ഡ്യന്റെ റിമോട്ട് കണ്ട്രോള് ഭരണമാണ് പൗരാണികസംസ്കൃതിയുടെ ഈറ്റില്ലമായ ഒഡീഷയില്‍ നടക്കുന്നത്. ഇതിനെതിരെ ജനങ്ങള്‍ ഉണരണം, ജഗത്സിങ് പൂരില്‍ എന്‍ഡിഎ റാലിയെ അഭിവാദ്യം ചെയ്ത് സ്മൃതി ഇറാനി പറഞ്ഞു.
പുരി ജഗന്നാഥക്ഷേത്രത്തിന്റെ രത്നഭണ്ഡാരത്തിന്റെ താക്കോല്‍ കൈമോശം വന്നിരിക്കുന്നു. സമ്പൂര്ണചോര്ച്ചയാണ് സംഭവിച്ചത്. ഉത്തരം നവീന്‍ പട്നായിക്കിന്റെ പക്കലില്ല. മോദിസര്‍ക്കാര്‍ ഇത് അന്വേഷിക്കും. ഇതിന് പിന്നിലുള്ളവരെ ജനങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവരും.
ഒഡീഷ മുഖ്യമന്ത്രിക്ക് നാവില്ലെന്ന് ജനങ്ങള്‍ പറയുന്നു. എന്തെങ്കിലും പറയുന്ന പണിയും കരാറുകാരനെ ഏല്പിച്ചിരിക്കുന്നുവെന്നാണ് അറിയുന്നത്. രാജ്യത്തെ മുന്നേറ്റത്തില്‍ നിന്ന് ഒഴിഞ്ഞുനില്ക്കാന് ഒഡീഷയ്ക്ക് ആകില്ല. ഇരട്ട എന്ജിന് സര്‍ക്കാരിനെ സ്വീകരിക്കാന്‍ ഒഡീഷ പാകമായിരിക്കുന്നു, സ്മൃതി ഇറാനി പറഞ്ഞു.
ഭാരതമാകെ മോദിതരംഗമാണ്. ജനക്ഷേമപദ്ധതികളിലൂടെ മോദിസര്‍ക്കാര്‍ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നു. ജഗന്നാഥന്റെ മണ്ണും മോദിയെ എല്ലാ അര്‍ത്ഥത്തിലും സ്വീകരിക്കുമെന്നതിന്റെ തെളിവാണ് കേന്ദ്രപ്പാരയിലും ബാലാസോറിലും ജഗത്സിങ്പൂരിലും ബിജെപി റാലികളിലെ വലിയ ജനപങ്കാളിത്തമെന്ന് സ്മൃതി ഇറാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: