ന്യൂദല്‍ഹി: കാനഡയില്‍ വെച്ച് ഖാലിസ്ഥാനി തീവ്രവാദികളുമായി ആപ്പ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. പഞ്ചാബ് നിയമസഭാ സ്പീക്കറും ആപ്പ് നേതാവുമായ കുല്‍ത്താര്‍ സിങ് സന്ധ്വാന് ആണ് ഖാലിസ്ഥാനി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് എന്നിവരുമായി ഖാലിസ്ഥാനി നേതാക്കള്‍ ഈ യോഗത്തിനിടെ ഫോണിലും ബന്ധപ്പെട്ടു. തുടര്‍ന്ന് അമ്പതു ലക്ഷം യുഎസ് ഡോളറും ആപ്പിന് ഇവര്‍ കൈമാറി.
ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ നേതാവ് ഹര്‍ജീത് സിങ് ബാജ്വയുമായാണ് കുല്‍ത്താര്‍ സിങ് കാനഡയിലെ മോണ്ട്രിയലില് രഹസ്യ കൂടിക്കാഴ്ച നടത്തിയത്. 2022 സപ്തംബറിലായിരുന്നു യോഗം നടന്നത്. ഖാലിസ്ഥാന്‍ രാജ്യത്തിനായി റഫറണ്ടം നടത്തണമെന്ന ആവശ്യമുയര്‍ത്തി സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്യരുത് എന്നതായിരുന്നു ബബ്ബര്‍ ഖല്‍സയുടെ ആവശ്യം.
കാനഡയില്‍ നിന്ന് പാര്ട്ടിക്കാവശ്യമായ ഫണ്ടിങ് തുടരണമെന്നതായിരുന്നു ആപ്പിന്റെ ആവശ്യം. 2022ലെ സ്വാതന്ത്ര്യദിനത്തില്‍ കാനഡയിലെ ഭാരത കോണ്‍സുലേറ്റ് ആക്രമിക്കുകയും ദേശീയപതാക കത്തിക്കുകയും ചെയ്ത സംഭവത്തിന് നേതൃത്വം നല്കിയ ഖാലിസ്ഥാനി ഭീകരനാണ് ബാജ്വ. പ്രത്യേക ഖാലിസ്ഥാന്‍ രാജ്യം വേണമെന്നാവശ്യപ്പെട്ട് കാനഡ കേന്ദ്രീകരിച്ച് നടക്കുന്ന ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നേതാവു കൂടിയാണ് ബാജ്വ.
ഭീകര സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസ് നേതാവ് ഗുര്‍പത് വന്ത് സിങ് പന്നു ആംആദ്മി പാര്‍ട്ടിക്ക് ഖാലിസ്ഥാനി സംഘടനകള്‍ 16 മില്യണ്‍ യുഎസ് ഡോളര്‍(133 കോടി രൂപ) നല്‍കിയതായി വെളിപ്പെടുത്തിയിരുന്നു. 2014നും 2022നും ഇടയില്‍ ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക കൈമാറിയതെന്നും പന്നു വെളിപ്പെടുത്തി.
ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഖാലിസ്ഥാനി ഭീകരര്‍ ദേവീന്ദര്‍ പാല് സിങ് ഭുള്ളറിനെ മോചിപ്പിക്കാം എന്ന വാഗ്ദാനവും കേജ്രിവാള് നല്‍കിയെന്നാണ് ഖാലിസ്ഥാനി നേതാക്കള്‍ പറയുന്നത്.
ഒന്‍പതു പേര് കൊല്ലപ്പെടുകയും മുപ്പതിലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത 1993ലെ ദല്‍ഹി സ്ഫോടനക്കേസിലെ പ്രധാന പ്രതിയാണ് ഭുള്ളര്‍. ആപ്പ് നേതാവ് ഗുര്‍പ്രീത് ഗുജ്ജി വഴിയാണ് ബബ്ബര്‍ ഖല്‍സ നേതാവ് രജീന്ദര്‍സിങിനെ സമീപിക്കുകയും ആപ്പിന്റെ ഫണ്ട് ആവശ്യം ഖാലിസ്ഥാനി ഭീകരരെ ധരിപ്പിക്കുകയും ചെയ്തത്.
ഭഗവന്ത് മാനും സഞ്ജയ് സിങ് എംപിയുമാണ് കാര്യങ്ങളുടെ ഏകോപനം നടത്തിയത്. കേസ് ഏറ്റെടുത്ത എന്‍ഐഎ ഉടന്‍ തന്നെ ആപ്പ് നേതാക്കളെയും ഖാലിസ്ഥാനി ഭീകരരെയും പ്രതികളാക്കി എഫ്ഐആര്‍ ഫയല്‍ ചെയ്യാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: