ന്യൂദല്‍ഹി: ഭക്ഷ്യവസ്തുക്കളില്‍ അമിത അളവില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളില്‍ കേന്ദ്രത്തിനും ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യക്കും സുപ്രീംകോടതി നോട്ടീസയച്ചു. ഭക്ഷ്യവിളകളിലും ഭക്ഷ്യഉത്പന്നങ്ങളിലും അമിത അളവില്‍ രാസകീടനാശിനി കണ്ടെത്തിയതില്‍ ആശങ്കയറിയിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര കാര്‍ഷിക മന്ത്രാലയം, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവയ്ക്കാണ് നോട്ടീസ് അയച്ചത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.
ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനികളുടെ സാന്നിധ്യം വ്യക്തമാക്കുന്ന തരത്തില്‍ ഹര്‍ജിക്കാരന്റെ പക്കല്‍ മതിയായ തെളിവുകളുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷക സുനിത ഷേണായ് കോടതിയെ അറിയിച്ചു. ഭക്ഷ്യ വസ്തുക്കളിലെ കീടനാശിനി കാരണം നിരവധിപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടുവെന്നും പരാതിയില്‍ പറയുന്നു. അഭിഭാഷകന് ആകാശ് വസിഷ്ഠ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: