ലണ്ടന്‍: പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വമ്പന്‍ തോല്‍വി. ക്രിസ്റ്റല്‍ പാലസിനോട് അവരുടെ സ്വന്തം തട്ടകത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്ന് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയത്.
കനത്ത തോല്‍വിയോടെ യുണൈറ്റഡിന്റെ ഡച്ച് പരിശീലകന് എറിക് ടെന്‍ഹാഗിന്റെ ഭാവി ഏറെക്കുറേ അനിശ്ചിതത്വത്തിലായ നിലയാണ്. ക്ലബ്ബ് ആരാധകരിലും മറ്റും വലിയ മുറുമുറുപ്പാണ് ഉയര്‍ന്നിട്ടുള്ളത്. തോല്‍വിയെ തുടര്‍ന്ന് യുണൈറ്റഡ് ചെല്സിയെക്കാളും പിന്നിലേക്ക് ഇടിഞ്ഞ് എട്ടാം സ്ഥാനത്തായി.
കഴിഞ്ഞ ദിവസം 5-0ന്റെ വമ്പന്‍ ജയത്തോടെ ചെല്‍സി ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് യുണൈറ്റഡിന്റെ തോല്‍വി. ലീഗില്‍ ഇനി മിക്ക ടീമുകള്‍ക്കും മൂന്ന് വീതം മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
ലീഗിന്റെ ആദ്യഘട്ടങ്ങളില്‍ മികച്ച പ്രകടനമാണ് യുണൈറ്റഡ് കാഴ്ച്ചവച്ചത്. ആദ്യനാല് റാങ്കില്‍ മിക്കവാറും ആടിയുലഞ്ഞ് നിന്നിരുന്നു. എന്നാല്‍ മികവ് കാട്ടുന്നതിലെ സ്ഥിരതയില്ലായ്മ ടീമിന് വിനയായി. കൂടാതെ യൂറോപ്യന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താകുകയും ചെയ്തു. വരും സീസണ് യൂറോപ്യണ്‍ ടൂര്‍ണമെന്റില്‍ ടീമിന് യോഗ്യത നേടാനാകില്ലെന്ന് ഏറെക്കുറേ ഉറപ്പായിരിക്കുന്ന അവസ്ഥയാണിപ്പോള്‍. ഇനി നിലവിലെ സീസണില്‍ ആകെ പ്രതീക്ഷയുള്ളത് എഫ്എ കപ്പ് ഫൈനലാണ്. ഈ മാസം 25നാണ് എഫ്എ കപ്പ് കിരീടത്തിനായുള്ള മാഞ്ചസ്റ്റര്‍ ഡെര്‍ബി.
യുണൈറ്റഡിന്റെ എതിരാളികള്‍ സിറ്റിയാകുമ്പോള്‍ പോരാട്ടം തീപാറുമെന്ന് ഉറപ്പാണ്. അവിടെയും പരാജയപ്പെട്ടാല്‍ പരിശീലകന് എറിക് ടെന്‍ ഹാഗ് യുണൈറ്റഡിന്റെ ചുമതലയില്‍ നിന്നും തെറിക്കുമെന്ന് ഉറപ്പിക്കാം. മറുവശത്ത് സിറ്റി ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായി കഴിഞ്ഞു. പ്രീമിയര്‍ ലീഗ് കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. കഴിഞ്ഞ വര്‍ഷം മൂന്ന് വമ്പന്‍ ട്രോഫികള്‍ സ്വന്തമാക്കിയ ടീമിന് ഇക്കുറി അഭിമാനം വീണ്ടെടുക്കാന്‍ ശേഷിക്കുന്ന ഏക മത്സരമാണ് 25ന് വെംബ്ലിയില്‍ നടക്കുന്ന എഫ് എ കപ്പ് ഫൈനല്‍.
ഇന്നലെ നടന്ന പോരാട്ടത്തില്‍ മൈക്കേല്‍ ഓലിസെ നേടിയെ ഇരട്ട ഗോളാണ് ക്രിസ്റ്റല്‍ പാലസിനെ വിജയിപ്പിച്ചത്. ഓലീസെയ്ക്കും ജീന്‍ ഫിലിപ്പെ മട്ടേറ്റയും നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ ക്രിസ്റ്റ്ല്‍ പാലസ് മുന്നിട്ടു നിന്നു. രണ്ടാം പകുതിയില്‍ ടിറിക്ക് മിച്ചല്‍ ആണ് ആദ്യം ഗോളടിച്ചത്. പിന്നിടായിരുന്നു ഓലിസെയുടെ ഇരട്ടഗോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: