കൊല്ലം: നാട്ടാനകളുടെ കൈമാറ്റവും ഗതാഗതവും അനുവദിച്ച് നിയമഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വന്നതോടെ ക്ഷേത്രങ്ങള്‍ക്ക് എഴുന്നള്ളത്തിന്റെ ആവശ്യത്തിന് ഇതര സംസ്ഥാനത്ത് നിന്ന് ആനകളെ എത്തിക്കാം. ഓണര്‍ഷിപ്പും, മൈക്രോചിപ്പും ശരിയാണെങ്കില്‍ മാത്രമേ കൈമാറ്റവും ഗതാഗതവും അനുവദിക്കുകയുള്ളു.
ഏത് സംസ്ഥാനത്ത് നിന്നാണ് ആനകളെ കൊണ്ടു വരുന്നത് ആ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് സെന്‍ട്രല്‍ സൂ അതോറിറ്റി പുറത്തിറക്കിയ പുതിയ ഫോമില്‍ അപേക്ഷ നല്‍കേണ്ടതാണ്. ആ അപേക്ഷ കേരളത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. ഇവിടുത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയെ കൊണ്ടുവന്നാല്‍ പരിപാലിക്കാന്‍ ശേഷിയുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ അനുമതി നല്‍കുകയുള്ളു. സ്വകാര്യ വ്യക്തികള്‍ക്ക് ആദ്യഘട്ടം ആനകളെ എത്തിക്കാന്‍ അനുമതി നല്‍കിയേക്കില്ല.
ആനകളെ പരിപാലിക്കാനുള്ള ശേഷിയുള്ള ക്ഷേത്രങ്ങള്‍ക്ക് മാത്രമായിരിക്കും ആദ്യ ഘട്ടം ആനകളെ കൊണ്ടുവരാന്‍ അനുവദിക്കുകയുള്ളു. പാറമേക്കാവ് ,തിരുവമ്പാടി, ഗുരുവായൂര്‍ ദേവസ്വങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്. ഇതിനോടകം ആനകളെ പരിപാലിച്ച് പാരമ്പര്യമുള്ള അമ്പതോളം ക്ഷേത്രങ്ങള്‍ ആനകളെ നടയ്ക്കിരുത്താന്‍ അനുമതിക്കായി കാത്തു നില്‍ക്കുകയാണ്. അതേ സമയം കേരളത്തിലെ ഒരു വിഭാഗം ആന ഉടമസ്ഥര്‍ ആനകളെ പുറത്തു നിന്നും എത്തിക്കുന്നത് തടയാന്‍ നീക്കം നടത്തുന്നുണ്ട്. നാട്ടാനകളുടെ എണ്ണം കുറഞ്ഞതോടെ എഴുന്നള്ളത്ത് ക്ഷാമം മുതലാക്കി ഇവരുടെ പക്കലുള്ള ആനകള്‍ക്ക് കഴിഞ്ഞ ഉത്സവ സീസണില്‍ ലക്ഷങ്ങളുടെ വരുമാനമാണ് ലഭിച്ചത്. അടുത്ത ഉത്സവ സീസണ് കഴിഞ്ഞതിന് ശേഷം ആനകളെ എത്തിച്ചാല്‍ മതിയെന്ന നിലപാടിലാണ് ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: