ന്യൂദല്‍ഹി: 2000ന്റെ നോട്ടുകള്‍ പിന്‍വലിച്ച ശേഷം ഏകദേശം 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് റിസര്‍വ്വ് ബാങ്ക്. ഇതോടെ പിന്‍വലിക്കപ്പെടാനുള്ള 2000 രൂപ നോട്ടുകള്‍ വളരെ കുറവ് എണ്ണം മാത്രമേ പുറത്തുള്ളൂവെന്നും റിസര്‍വ്വ് ബാങ്ക് പറയുന്നു. ഇനി തിരിച്ചുകിട്ടേണ്ടത് 2.24 ശതമാനം നോട്ടുകള്‍ മാത്രമാണെന്നും റിസര്‍വ്വ് ബാങ്ക് പറഞ്ഞു.
2023 മെയ് 19നാണ് 2000 രൂപയുടെ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചത്. ഇനി 7961 കോടിയുടെ 2000 രൂപ നോട്ടുകള്‍ മാത്രമാണ് ജനങ്ങളുടെ പക്കല്‍ അവശേഷിക്കുന്നതെന്നും റിസര്‍വ്വ് ബാങ്ക് പറഞ്ഞു. ഏപ്രില്‍ 30, 2024 ലെ കണക്ക് പ്രകാരമാണിത്. ഇതിന് മുന്‍പ് ഏകദേശം 3.54 ലക്ഷം കോടിയുടെ 2000 രൂപ നോട്ടുകള്‍ മടക്കിക്കിട്ടാനുണ്ടായിരുന്നു.
ഇപ്പോഴും 2000 രൂപ നോട്ടുകള്‍ ലീഗല്‍ ടെണ്ടര്‍ ആണ്. അതായത് 2000 രൂപയുടെ നോട്ട് ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 19 റിസര്‍വ്വ് ബാങ്ക് ശാഖകളില്‍ കൊടുത്താല്‍ തത്തുല്ല്യ മൂല്യത്തിനുള്ള തുക തിരിച്ചുകൊടുക്കും. കേരളത്തില്‍ തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ശാഖയില്‍ മാത്രമാണ് 2000 രൂപ നോട്ട് മാറ്റിക്കിട്ടുക. അതുപോലെ പോസ്റ്റ് ഓഫീസ് ശാഖകള്‍ വഴി ജനങ്ങള്‍ക്ക് 2000 രൂപ നോട്ടുകള്‍ റിസര്‍വ്വ് ബാങ്കിലേക്ക് അയച്ചാല്‍, തുല്ല്യ തുകയ്ക്കുള്ള നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: