വാഷിങ്ടണ്‍: ഒരു വ്യക്തിക്ക് ദേഷ്യം കൂടുന്നതിനനുസരിച്ച് ഹൃദ്രോഗ സാധ്യതയും കൂടുമെന്ന് പഠനം. അല്പനേരത്തേക്കുള്ള ദേഷ്യം പോലും ആരോഗ്യത്തിന് ഹാനികരമാണെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍.
ആളുകള്‍ ദേഷ്യപ്പെടുമ്പോള്‍, അത് കുറച്ച് നിമിഷത്തേക്കാണെങ്കില്‍പ്പോലും രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ഇതിലൂടെ രക്തചംക്രമണം തടസപ്പെടുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. ഇതുമൂലം അല്പസമയത്തെ ദേഷ്യംപോലും ഹൃദ്രോഗസാധ്യതകള്‍ വര്‍ധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ സാധ്യതകള്‍ കൂട്ടുകയും ചെയ്യുമെന്ന് പഠനത്തിലുണ്ട്.
യുവാക്കളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇവരില്‍ ദേഷ്യപ്പെടുന്ന സമയത്ത് രക്തക്കുഴലുകളുടെ പ്രവര്‍ത്തനത്തില്‍ തടസമുണ്ടാവുകയും ഹൃദയസംബന്ധമായ രോഗങ്ങളുണ്ടാവുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. പഠനകാലയളവില്‍ ആര്‍ക്കും പക്ഷാഘാതമോ, ഹൃദയാഘാതമോ ഉണ്ടായിട്ടില്ലെങ്കിലും ദേഷ്യപ്പെട്ട നിമിഷങ്ങളേക്കുറിച്ച് ഓര്‍ക്കുമ്പോള്‍പ്പോലും രക്തക്കുഴലുകളുടെ ആരോഗ്യത്തെ അത് ബാധിക്കുന്നതായി കണ്ടെത്തി.
പഠനത്തില്‍ പങ്കാളികളായ ഒരുവിഭാഗത്തിന് ദേഷ്യം, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയ്ക്കുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്തത്. രക്തസമ്മര്‍ദത്തിന്റെ തോതും രക്തക്കുഴലുകളുടെ വികാസശേഷിയും പരിശോധിച്ചു. തുടര്‍ന്നാണ് ദേഷ്യത്തിലൂടെ കടന്നുപോയവരില്‍ രക്തക്കുഴലുകളുടെ വികാസശേഷിയില് കാര്യമായ കുറവുണ്ടെന്നു കണ്ടെത്തിയത്. അതിനാല്‍ തുടര്‍ച്ചയായി ഇതുസംഭവിക്കുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കുമെന്നു, ഗവേഷകര്‍ പറയുന്നു. ദേഷ്യം മാത്രമല്ല ഉത്കണ്ഠ, വിഷാദം തുടങ്ങിയവയും ഹൃദയാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: