കണ്ണൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടിയിലെ വനിതാ സഹകരണ സംഘത്തില്‍ രണ്ടു ഘട്ടങ്ങളിലായി നിക്ഷേപിച്ച 18 ലക്ഷം രൂപ കാലാവധി കഴിഞ്ഞിട്ടും പിന്‍വലിക്കാനാകാതെ അദ്ധ്യാപിക. മാസങ്ങള്‍ കഴിഞ്ഞിട്ടും തുക തിരിച്ചു നല്‍കാത്തതിനെത്തുടര്‍ന്ന് മൂന്ന് ദിവസമായി സഹകരണ സംഘത്തിന് മുന്നില്‍ സമരവുമായി എത്തിയെങ്കിലും യാതൊരു നടപടിയും സൊസൈറ്റിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നാണ് ഇവരുടെ പരാതി.
സിപിഐ നേതാവും രാജ്യസഭാ എംപിയുമായ സന്തോഷ്കുമാറിന്റെ സഹോദരിയും ഭിന്നശേഷിക്കാരിയുമായ അദ്ധ്യാപിക ഷീജയാണ് ഇരിട്ടി കീഴൂരില്‍ പ്രവര്‍ത്തിക്കുന്ന കീഴൂര്‍ ചാവശ്ശേരി വനിതാ സഹകരണസംഘത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇവര്‍ രണ്ടു തവണകളായാണ് ഒരു വര്‍ഷത്തേക്ക് സ്ഥിരം നിക്ഷേപമായി 18 ലക്ഷം രൂപയാണ് സംഘത്തിന് നല്‍കിയത്. 2021 ജൂലൈയില്‍ 6 ലക്ഷം രൂപയും തുടര്‍ന്ന് ഡിസംബറില്‍ 12 ലക്ഷം രൂപയുമാണ് നിക്ഷേപിച്ചത്.
ആദ്യം ഒരു വര്‍ഷത്തേക്ക് നിക്ഷേപിച്ച തുക തന്റെ വിശ്വാസത്തിലുള്ള സൊസൈറ്റി അധികൃതരുടെ വാക്കില്‍ വിശ്വസിച്ച് ഒരുവര്‍ഷം കൂടി നീട്ടി നിക്ഷേപിക്കുകയായിരുന്നു. കഴിഞ്ഞ ജൂലായില്‍ രണ്ടുവര്‍ഷം കാലാവധി പൂര്‍ത്തിയായി. പലിശയടക്കം 20 ലക്ഷം രൂപയാണ് സൊസൈറ്റി നല്‍കാനുള്ളത്. ജൂലൈ മുതല്‍ സഹകരണസംഘത്തെ സമീപിച്ചെങ്കിലും ഒരു രൂപപോലും തിരിച്ചു തരാതെ പല കാലാവധികള്‍ പറഞ്ഞ് മടക്കി അയക്കുകയായിരുന്നു.
ഉറപ്പെല്ലാം വെറുതെയായപ്പോള്‍ കഴിഞ്ഞ നവംബറില്‍ ഇപ്പോഴത്തെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കൂടിയായ എം.വി. ജയരാജന് അദ്ധ്യാപിക ഇത് സംബന്ധിച്ച കത്ത് നല്കി. എന്നാല്‍ ഇതിന് ഒരു മറുപടി ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഇടയ്ക്ക് ചികിത്സയ്ക്കായി പണം ആവശ്യമായി വന്നപ്പോള്‍ എങ്ങിനെയെങ്കിലും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. മാര്‍ച്ചില്‍ മുഴുവന്‍ പണവും തരാമെന്ന് സഹകരണസംഘം അധികൃതരും സഖാക്കളും വാക്ക് നല്‍കിയെങ്കിലും അതും പാലിക്കപ്പെട്ടില്ല. ഇപ്പോള്‍ സഹകരണസംഘത്തിനു മുന്നില്‍ നിത്യവും സമരത്തിലാണ് ടീച്ചര്‍.
പ്രതിഷേധവുമായെത്തിയതോടെ അറ്റകുറ്റ പണികള്‍ക്കായി സഹകരണസംഘം അടച്ചിട്ടിരിക്കയാണെന്ന അറിയിപ്പ് നല്കി സംഘം അധികൃതര്‍ മുങ്ങിയിരിക്കയാണ്. സഹകരണ സംഘം ഭാരവാഹികള്‍ ചതിച്ചാലും താന്‍ വിശ്വസിക്കുന്ന ഈ പ്രസ്ഥാനത്തിലെ നേതാക്കള്‍ തന്നെ ചതിക്കില്ലെന്നാണ് ഉറച്ചു വിശ്വസിച്ചിരുന്നതെന്നും തന്റെ പണം തിരിച്ചു തന്നില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ടീച്ചര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: