ജന്മനാട്ടിലേക്ക് ഭഗവാന് രാമന് മടങ്ങിവന്നു.. പിറന്ന മണ്ണിലേക്ക് മിനിസ്ക്രീനിലെ രാമനും… രാമനായി മാത്രമല്ല മോദിയായും തിളങ്ങിയ പോരാളിയുടെ വരവ്… മീററ്റില്‍ തെരഞ്ഞെടുപ്പ് പ്രചാരണവാഹനത്തില്‍ നിന്ന് ഇമ്പമേറിയ പാട്ടുകള്‍ക്കിടയിലുള്ള അനൗണ്‍സ്മെന്റ് വാഹനങ്ങളില്‍ ശ്രദ്ധേയമായ ഒന്നാണിത്. സാക്ഷാല്‍ അരുണ്‍ ഗോവില്‍ വോട്ട് ചോദിച്ചെത്തുന്നതിന് മുന്നോടിയായി മീററ്റിന്റെ ചരിത്രമടക്കം വിവരിച്ചാണ് നേതാക്കളുടെ പ്രസംഗം. മീററ്റ് വിട്ട് മുംബൈയില്‍ താമസമാക്കിയ അരുണ്‍ ഗോവിലിനെ വരത്തന് എന്ന് വിശേഷിപ്പിച്ച എതിരാളികള്‍ക്കുള്ള മറുപടിയാണിത്.
എന്നാല്‍ ഈ പ്രചാരണത്തെ അരുണ്‍ ഗോവില്‍ തള്ളിക്കളയുന്നില്ല. ജനങ്ങള്‍ പറയുന്നത് ശരിയാണ്. ഞാന്‍ മുംബൈയിലേക്ക് പോയ ആളാണ്. പുതിയ കുട്ടികള്‍ക്ക് പലര്‍ക്കും എന്നെ ഇന്നാട്ടുകാരന് എന്ന നിലയില്‍ അറിയില്ല. പക്ഷേ രാമായണം പിറന്ന നാട്ടില്‍ ഞാനത്ര അപരിചിതനല്ല. നാല് പതിറ്റാണ്ട് മുമ്പാണ് ദൂരദര്‍ശനില്‍ രാമായണം സംപ്രേഷണം ചെയ്തതെങ്കിലും ഈ രാമന് അന്നേ ജനമനസില്‍ കയറിയതാണ്. മീററ്റില്‍ എന്നെ സ്ഥാനാര്‍ത്ഥിയാക്കി നിശ്ചയിക്കുന്നതിന് പിന്നിലും ആ രാമമുഖമുണ്ട്. അതില്‍ എനിക്ക് സന്തോഷമുണ്ട്, കടപ്പാടുമുണ്ട്.
ധീരദേശാഭിമാനി മംഗള്‍പാണ്ഡെ ഇംഗ്ലീഷ് സേനയ്ക്ക് നേരെ ആദ്യ വെടിയുതിര്‍ത്ത മണ്ണാണ് മീററ്റ്. ജനങ്ങള്‍ ദേശീയതയെക്കുറിച്ച് ഏറെ പ്രബുദ്ധരാണ്. അരുണ്‍ ഗോവിലല്ല, പ്രധാനമന്ത്രി മോദിയാണ് അവരോട് വോട്ട് തേടുന്നത്. അത് ജനങ്ങള്‍ക്ക് അറിയാം, അരുണ്‍ ഗോവില്‍ പറയുന്നു.
ചിലര്‍ പറയുന്നു ഞാന്‍ പുറത്തുനിന്ന് വന്നയാളാണെന്ന്. ആരെക്കാളും മീററ്റിലെ ഓരോ ഗലികളും എനിക്കറിയാം. വോട്ട് ചോദിച്ച് ചെല്ലുന്നിടത്തൊക്കെ ഞാന്‍ ആ ഗ്രാമങ്ങളെക്കുറിച്ച് സംസാരിക്കാറുണ്ട്. ശരിയാണ്, ഞാന്‍ പുതിയ ആളാണ്. 2021ലാണ് ബിജെപിയുടെ ഭാഗമായത്. മത്സരിക്കാന്‍ ആദ്യമായി അവസരം ലഭിച്ചപ്പോള്‍ ജനിച്ച നാട് തന്നെ നല്‍കിയതില്‍ പാര്‍ട്ടിയോട് എനിക്ക് നന്ദിയുണ്ട്. ശ്രീരാമനിലും മോദിയിലും ജനങ്ങള്‍ക്കുള്ള വിശ്വാലമാണ് എന്റെ ആത്മവിശ്വാസം, അരുണ്‍ ഗോവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷമണിഞ്ഞതും അരുണ്‍ ഗോവിലാണ്.
തുടര്‍ച്ചയായി മൂന്ന് തവണ ജയിച്ച സിറ്റിങ് എംപി രാജേന്ദ്ര അഗര്‍വാളിനെ ഒഴിവാക്കിയാണ് അരുണ്‍ ഗോവിലിനെ മീററ്റിലെ സ്ഥാനാര്‍ത്ഥിയായി ബിജെപി അവതരിപ്പിച്ചത്. രാഷ്ട്രീയത്തില്‍ വൈകിയെത്തിയ ആളെന്ന പരിഹാസവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. എന്തിനും അതിന്റേതായ സമയമുണ്ടെന്നാണ് ഗോവിലിന്റെ മറുപടി. ഇത് ഭാരതത്തിന്റെ സമയമാണ്. ഈ സമയത്ത് രാഷ്ട്രത്തെ സേവിക്കാന്‍ അവസരം ലഭിക്കുക എന്നത് രാമന്റെ ഇച്ഛയാണ്, ഗോവില്‍ പറയുന്നു. ബിഎസ്പി നേതാവ് ദേവവ്രത് ത്യാഗിയാണ് മീററ്റില്‍ ഗോവിലിന് എതിരാളി. എസ്പി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: