ഫ്ളോറിഡ: മയാമി ഓപ്പണ്‍ ടെന്നിസില്‍ ഇന്ന് രാത്രി നടക്കുന്ന പുരുഷ സിംഗിള്‍സ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത് രണ്ട് വേറിട്ട താരങ്ങള്‍.
സീസണിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം ചൂടി വരവറിയിച്ച യാനിക് സിന്നര്‍ കുതിപ്പ് തുടര്‍ന്നിരിക്കുകയാണ്. അതേസമയം എതിരാളി ഗ്രിഗര്‍ ദിമിത്രോവ് രണ്ട് വമ്പന്‍ അട്ടിമറി നടത്തിയാണ് ഫൈനലിനെത്തുന്നത്. ലോക രണ്ടാം നമ്പര്‍ താരവും നിലവിലെ മയാമി ഓപ്പണ്‍ കിരീട ജേതാവുമായ കാര്‍ലോസ് അല്‍കരാസിനെ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. അതിന് പിന്നാലെ സെമിയില്‍ അലക്സാണ്ടര്‍ സ്വരേവിനെയും.
ഈ ടൂര്‍ണമെന്റില്‍ വമ്പന്‍ അട്ടിമറികള്‍ നടത്തിയില്ലെങ്കിലും ഇറ്റാലിയന്‍ താരം യാനിക് സിന്നറുടെ വരവ് അത്ര നിസ്സാരമായല്ല. സെമിയില്‍ മൂന്നാം സീഡ് താരം ഡാനില്‍ മെദ്വെദെവിനെ തകര്‍ത്തത് നേരിട്ടുള്ള സെറ്റുകള്‍ക്കാണ്. അതും സ്കോര്‍: 61, 62ന്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലിലും മെദ്വെദെവിനെ തോല്‍പ്പിച്ചാണ് സിന്നര്‍ കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം ഉയര്‍ത്തിയത്. മയാമി ഓപ്പണില്‍ ഇതുവരെ താരം ഒരു സെറ്റ് മാത്രമേ നഷ്ടപ്പെടുത്തിയിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: