തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവ്. കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച 2023 ഒക്ടോബര്‍ 27ന് ശേഷം 3,11,805 വോട്ടര്‍മാരാണ് പുതുതായി ചേര്‍ന്നത്. കരട് വോട്ടര്‍ പട്ടികയില്‍ 77,176 യുവ വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇത് ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 2,88,533 ആയി. മാര്‍ച്ച് 25 വരെയുള്ള കണക്കനുസരിച്ച് 3,88,981 യുവ വോട്ടര്‍മാരാണ് ഉള്ളത്.
18നും 19നും ഇടയില്‍ പ്രായമുള്ള സമ്മതിദായകരാണു യുവവോട്ടര്‍മാരുടെ വിഭാഗത്തിലുള്ളത്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിലെ കന്നി വോട്ടര്‍മാര്‍ കൂടിയാണ് ഇവര്‍. ഹ്രസ്വകാലയളവിനുള്ളില്‍ യുവ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ ഈ വര്‍ദ്ധന ശരാശരി അടിസ്ഥാനത്തില്‍ രാജ്യത്തുതന്നെ ഒന്നാമതാണ്. ഭിന്നലിംഗക്കാരായ വോട്ടര്‍മാരുടെ എണ്ണം കരട് പട്ടികയില്‍ 268 ആയിരുന്നു. അന്തിമ വോട്ടര്‍ പട്ടികയില്‍ ഇത് 309 ആയി.
ഇന്നലെ വരെയുള്ള കണക്ക് പ്രകാരം ഭിന്നലിംഗക്കാരായ 338 പേര് പട്ടികയില്‍ ഉണ്ട്. ചീഫ് ഇലക്ടറല്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ വ്യാപകമായി നടത്തിയ പ്രചാരണ പരിപാടികളും ജില്ലാ ഇലക്ഷന് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാ തലങ്ങളില്‍ നടത്തിയ പ്രചാരണവുമാണ് യുവാക്കളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാക്കിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: