തിരുവനന്തപുരം: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകളുടെ കേസുകള്‍ നാലുവര്‍ഷത്തോളം പൂഴ്ത്തിവച്ചശേഷം ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) കൈമാറിയതില്‍ ദുരൂഹത. 2019 മുതല്‍ രജസിറ്റര്‍ ചെയ്ത കേസുകളില്‍ ഭീകരവാദബന്ധം അന്നുമുതലെ വ്യക്തമായിരുന്നു. എന്നിട്ടും കേസുകള്‍ എന്‍ഐയ്ക്ക് കൈമാറാത്തത് തെളിവുകള്‍ നശിപ്പാക്കാനെന്ന് ആരോപണം.
പതിനാലു സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത 20 കേസുകള്‍ എന്‍ഐഎക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത് ഈമാസം 16ന്. മലപ്പുറം ജില്ലയില്‍ മാത്രം ഏഴുകേസുകളും കോഴിക്കോട് കസബയില്‍ രജിസ്റ്റര്‍ ചെയ്ത അഞ്ചുകേസുകളും ഉള്‍പ്പെടെയാണ് എന്‍ഐഎയ്ക്ക് കൈമാറിയത്. മലപ്പുറം സൈബര്‍ ക്രൈം, പെരിന്തല്‍മണ്ണ എന്നിവടങ്ങളിലെ രണ്ടുവീതം കേസുകളും തിരൂരങ്ങാടി, കൊളത്തൂര്‍, മഞ്ചേരി എന്നിവിടങ്ങളിലെ കേസുകളാണ് മലപ്പുറത്തേത്ത്. എറണാകുളം സെന്‍ട്രല്‍, തൃക്കാക്കര, കൊരട്ടി, പാലക്കാട് നോര്‍ത്ത്, കൊപ്പം, കണ്ണൂര്‍ മുഴക്കുന്ന്, കാസര്‍കോട് അമ്പലത്തറ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ചെയ്ത ഓരോ കേസുകളുമാണ് ഇപ്പോള്‍ കൈമാറിയത്.
2019 മുതലുള്ള കേസുകള്‍ നാലുവര്‍ഷമാണ് സര്‍ക്കാര്‍ കാര്യമായി അന്വേഷിക്കാതെ എന്‍ഐഎയ്ക്ക് കൈമാറാതിരുന്നത്. 2019 ല്‍ മലപ്പുറം മഞ്ചേരി സ്റ്റേഷന് പരിധിയില്‍ രജിസ്റ്റര്‍ ചെയ്തതാണ് പട്ടികയിലെ പഴക്കമുള്ള കേസ്. പിന്നാലെ 2020ല്‍ കണ്ണൂര്‍ റൂറലിലെ മുഴക്കുന്നു സ്റ്റേഷന് പരിധിയിലും സമാന രീതിയില്‍ എക്സ്ചേഞ്ച് കണ്ടെത്തി. കേരളപോലീസ് അന്വേഷിച്ചതല്ലാതെ കൂടുതല്‍ പ്രതികളിലേക്ക് അന്വേഷണം കടന്നില്ല. ഇതോടെ എക്സേഞ്ചുകളുടെ എണ്ണം മലബാര്‍ മേഖലയില്‍ വ്യാപകമായി. 2021ല്‍ 10 ഉം 2022 ല്‍ ആറും സമാന്തര എക്സചേഞ്ചുകള്‍ കണ്ടെത്തി.
2022 ല്‍ മലപ്പുറം കൊളത്തൂരില്‍ കണ്ടെത്തിയത് വിദേശത്തു നിന്നും നിയന്ത്രിക്കുന്നവയാണ്. പുലാമന്തോള്‍, കട്ടുപ്പാറ, ആമയൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിടിച്ചെടുത്ത ഉപകരണങ്ങള്‍ അത്യാധുനിക സംവിധാനത്തോടെ ഉള്ളതായിരുന്നു. ഒരേ സമയം 512 സിംകാര്‍ഡുകള്‍ ഉപയോഗിച്ച് വിളിക്കാന്‍ ശേഷിയുള്ളവയാണ് പിടിച്ചെടുത്ത ഉപകരണങ്ങള്‍. വിദേശബന്ധം അടക്കമുള്ളവ കേരള പോലീസിന് അന്വേഷിച്ച് കണ്ടെത്താനാകില്ലെന്ന് അന്നുതന്നെ വ്യക്തമായിരുന്നു.
എന്നിട്ടും പോലീസ് ദേശീയ ഏജന്‍സികള്‍ക്ക് കേസ് കൈമാറിയില്ല. വര്‍ഷങ്ങള്‍ കഴിയുന്നതോടെ കേസിലെ കൂടുതല്‍ അന്വേഷണത്തിനുള്ള സാധ്യതമങ്ങും. ഇതിനുവേണ്ടി ആഭ്യന്തരവകുപ്പ് കേസുകളില്‍ തുടര്‍ നടപടികളെടുക്കാതെ വൈകിപ്പിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഭീകരവാദ സംഘടനകള്‍ക്ക് ഇടത് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണം ഇതോടെ ശക്തമായിട്ടുണ്ട്.
സാമന്തര ടെലഫോണ്‍ എക്സ്ചേഞ്ചുകളില്‍ കണ്ടെത്തിയപ്പോള്‍ തന്നെ കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: