ഒരിക്കലും ജയിക്കാത്ത വടക്കന്‍ തമിഴ്നാട്ടില്‍ ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് ബിജെപി തമിഴ്നാട് അധ്യക്ഷന്‍ അണ്ണാമലൈ. ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ ഉടനീളം എന്റെ മണ്ണ്, എന്റെ ജനങ്ങള്‍ (എന്‍ മണ്, എന്‍ മക്കള്‍) എന്ന രാഷ്ട്രീയ പദയാത്ര നടത്തിയതിന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുമ്പോഴായിരുന്നു അണ്ണാമലൈയുടെ ഈ വെളിപ്പെടുത്തല്‍.
ഏകദേശം 10,000 കിലോമീറ്ററുകളോളമാണ് എന്റെ മണ്ണ്, എന്റെ ജനങ്ങള്‍ (എന്‍ മണ്, എന്‍ മക്കള്‍) എന്ന രാഷ്ട്രീയ പദയാത്രയുടെ ഭാഗമായി അണ്ണാമലൈ നടന്നത്. ബിജെപി ഒരിക്കലും വടക്കന്‍ തമിഴ്നാട്ടിലെ 35 മണ്ഡലങ്ങളില്‍ മുന്നേറിയിട്ടില്ല. ധര്‍മ്മപുരി, കാഞ്ചീപൂരം, കൃഷ്ണഗിരി, റാണിപേട്ട്, തിരുപ്പത്തൂര്‍, തിരുവണ്ണാമലൈ, വെല്ലൂര്‍ ജില്ലകളിലെ മണ്ഡലങ്ങളെല്ലാം വടക്കന്‍ തമിഴ്നാട്ടില്‍ ഉള്‍പ്പെടും. . “ഈ പ്രദേശങ്ങളിലെ 35 സീറ്റുകളില്‍ ബിജെപി ഇതുവരെ വിജയിച്ചിട്ടില്ല. ഈ 35 സീറ്റുകളും വടക്കേ തമിഴ്നാട്ടിലാണ്. പക്ഷെ വടക്കന്‍ തമിഴ്നാട്ടില്‍ രാഷ്ട്രീയ പര്യടനയാത്രയ്ക്കിടിയില് യുവാക്കള്‍ ബിജെപിയുമായി അടുക്കുന്നത് കണ്ടു.പ്രത്യേകിച്ചും ധര്‍മ്മപുരി പോലുള്ള പ്രദേശങ്ങളില്‍ യുവാക്കള്‍ ഏറെ വൈകാരികതയോടെയാണ് എന്റെ യാത്രയോട് അടുക്കുന്നത് കണ്ടത്. ദ്രാവിഡരാഷട്രീയത്തോട് അത്രയ്ക്ക് നിരാശ അവരുടെ മുഖത്തുണ്ട്. “- അണ്ണാമലൈ ചൂണ്ടിക്കാട്ടുന്നു.
“ദ്രാവിഡ രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാറി മാറി ഭരിച്ചിട്ടും വടക്കന്‍ തമിഴ്നാട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മനസ്സിലായി. തമിഴ്നാട്ടില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വളരെ കൂടുതലാണ്. ഇതുവരെ ബിജെപി തൊട്ടിട്ടില്ലാത്ത ഈ 35 ലോക് സഭാ മണ്ഡലങ്ങളില്‍ ഇക്കുറി വലിയ മാറ്റം വരും.” – ദൃഡനിശ്ചയത്തോടെ അണ്ണാമലൈ പറയുന്നു.
തന്റെ രാഷ്ട്രീയ പര്യടനം ബിജെപിയെ മുന്നിലേക്ക് കൊണ്ടുവരുമെന്ന് അണ്ണാമലൈ വിശ്വസിക്കുന്നു. “ഈ യാത്ര തുടങ്ങിയപ്പോള്‍ സ്റ്റാലിന് അതിനെ പാപയാത്ര എന്ന് വിളിച്ചു, ആര് ബിജെപിയിലേക്ക് വരും എന്ന് വരെ ചോദിച്ചു. ഇതിനെയെല്ലാം തകര്‍ത്ത് നിരവധി ചെറുപ്പക്കാര്‍ ബിജെപിയിലേക്ക് ആകൃഷ്ടരായി”- അണ്ണാമലൈയുടെ പറയുന്നു.
“തന്റെ യാത്രയ്ക്ക് എത്തിച്ചേര്‍ന്ന ജനങ്ങളില്‍ 80 ശതമാനം പേരും ബിജെപിക്കാരല്ല. അവര്‍ വന്നത് എന്റെ യാത്രയില്‍ പങ്കാളിയായി ചരിത്രം സൃഷ്ടിക്കാനാണ്. മാത്രമല്ല, അവരുടെ ജീവിതത്തിന്റെ ഉയര്‍ച്ചയ്ക്ക് വേണ്ടിയാണ് ഈ യാത്ര എന്ന് അവര്‍ക്ക് മനസ്സിലായി. എന്റെ യാത്രയില്‍ ഉണ്ടായ ഏറ്റവും വലിയ പ്രയോജനം തറയില്‍(ഗ്രൗണ്ടില്‍) നിന്നേ ഞങ്ങള്‍ക്ക് നേതാക്കളെ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നാണ്. അടുത്ത അഞ്ച് പത്ത് വര്‍ഷങ്ങളില്‍ അവര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായും എംഎല്‍എമാരായും ഉയര്‍ന്നുവരും. “- ആത്മവിശ്വാസത്തോടെ അണ്ണാമലൈ പറയുന്നു.
“പ്രധാനമന്ത്രി ഹൃദയവും ആത്മാവും തമിഴ്നാടിന് നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ജനവരി 21ന് തമിഴ്നാട്ടില്‍ ആദ്യമായി വന്നു. അതിന് ശേഷം അദ്ദേഹം പത്ത് തവണയെങ്കിലും എത്തി. ഇനിയും വരാന്‍ പോകുന്നു. പ്രധാനമന്ത്രിയാണ് മുന്നില്‍ നിന്ന് നയിക്കുന്നത്. അദ്ദേഹം ജനങ്ങളെ നേരിട്ട് കാണുകയാണ്. അദ്ദേഹം ഫലം നോക്കാറില്ല. പകരം ആ പ്രക്രിയയുടെ ഭാഗമാവുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. “- അണ്ണാമലൈ ചൂണ്ടിക്കാട്ടുന്നു.
തമിഴ്നാട്ടിലെ പ്രശ്നങ്ങള്‍ മുഴുവന്‍ ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. അവിടെ മദ്യാസക്തി ജനങ്ങളില്‍ കൂടുതലാണ്. എല്ലായിടത്തും ടാസ് മാകുകളാണ്. ഈ രംഗത്ത് മാറ്റം വരണം. അതുപോലെ പൊലീസില്‍ പരിഷ്കാരം വേണം, ക്ഷേത്രഭരണത്തില്‍ പരിഷ്കരണം വേണം കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കും. സര്‍ക്കാര്‍ ജോലി എത്താത്ത കുടുംബങ്ങളില്‍ സര്‍ക്കാര്‍ ജോലി എത്തിക്കുമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടാണ് ഞങ്ങള്‍ ജനങ്ങളിലേക്ക് കൊണ്ടുവരുന്നത്. – അണ്ണാമലൈ ചൂണ്ടിക്കാട്ടുന്നു.
രാഷ്ട്രീയത്തില്‍ ചില കുടുംബങ്ങള്‍ മാത്രം തുടര്‍ച്ചയായി മന്ത്രിമാരായി അധികാരം കയ്യില്‍ വെച്ചിരിക്കുകയാണ്. ഉദാഹരണത്തിന് ടി.ആര്. ബാലുവിനെ നോക്കൂ. 83 വയസ്സായി. ഇപ്പോഴും അദ്ദേഹം പാര്‍ലമെന്റംഗമാണ്. 1995 മുതല്‍ മത്സരിക്കുകയാണ്. പല തവണ മന്ത്രിയായി. ഇതുപോലെ ഏതാനും കുടുംബങ്ങളിലേക്ക് അവിടെ അധികാരം കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതിന് മാറ്റം വരണം. – അണ്ണാമലൈ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: