ഇലക്ട്രല്‍ ബോണ്ടിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് 2017ല്‍ അന്നത്തെ ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞ കാര്യങ്ങള്‍ ഇന്നാണ് കൂടുതല്‍ പ്രശസ്തമാകുന്നതും ചര്‍ച്ചയാകുന്നതും. രാജ്യസഭയെ അഭിസംബോധന ചെയ്ത് ധനവകുപ്പ്മന്ത്രി പറഞ്ഞത് രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കമ്പനി അക്കൗണ്ട് വഴി സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 2 പ്രായോഗിക പ്രതിസന്ധികളാണ് പറയുന്നത്. ഞങ്ങളുടെ പേര് വെളിയില്‍ വരും. അങ്ങിനെ വന്നാല്‍ രാഷ്ട്രീയമായി എതിര്‍ചേരിയില്‍ ഉള്ളവര്‍ അവരെ ലക്ഷ്യം വെക്കും. നാളെ ഞങ്ങള്‍ ബിസിനസ് ചെയ്യുമ്പോള്‍ ആരെങ്കിലും ഒരു കേസ് ഫയല്‍ ചെയ്യും. എന്നിട്ട് പറയും നിങ്ങള്‍ പണം കൊടുത്തതു കൊണ്ടാണ് നിങ്ങള്‍ക്ക് കരാര്‍ കിട്ടിയത് എന്ന്. സത്യസന്ധമായും സുതാര്യമായും പണം നല്കി അവസാനം അതിന്റെ പേരില്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ട അവസ്ഥ ഉണ്ടാവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. കണക്കുകള്‍ ഉള്ള, ധാര്‍മികമായ പണം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വരണം, എന്നാല്‍ അത് സുതാര്യമാവുകയും വേണം. ഈ രണ്ടു താല്പര്യങ്ങള് മുന്‍നിര്‍ത്തിയാണ് ഇലക്ട്രല്‍ ബോണ്ട് എന്ന് നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.
ഭരണത്തില്‍ ഇരുന്നുകൊണ്ട് പ്രതിപക്ഷത്തിനു കൂടി ഗുണം ചെയ്യുന്ന നല്ല കാര്യമാണ് ബിജെപി ചെയ്യുന്നത്. അതിനു വിശാല ഹൃദയം വേണം. അന്തരിച്ച അരുണ്‍ ജെറ്റ്ലിയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നത് ഈയടുത്ത് പുറത്തുവന്ന ഇലക്ട്രല്‍ ബോണ്ടിന്റെ കണക്കുകള്‍ കാണുമ്പോഴാണ്.
കണക്കുകള്‍ പ്രകാരം ബിജെപിയെക്കാള്‍ കുറച്ചുമാത്രം എംപിമാരും ഒരു സംസ്ഥാനത്ത് മാത്രം ഭരണമുള്ള പല പ്രാദേശിക പാര്‍ട്ടികള്‍ക്കും ആണ് ഇലക്ട്രല്‍ ബോണ്ടിന്റെ സഹായത്താല്‍ വലിയ രീതിയില്‍ പണം സമ്പാദിക്കുവാന്‍ സാധിച്ചിട്ടുള്ളത് എന്ന് മനസ്സിലാക്കുവാന്‍ സാധിക്കും. ഭാരതത്തിന്റെ 28 സംസ്ഥാനങ്ങളിലെ 17 സംസ്ഥാനങ്ങളിലും ഭരണം ഉള്ള പാര്‍ട്ടികള്‍ കിട്ടിയ പണം എംപിമാരുടെ എണ്ണം വെച്ച് നോക്കിയാല്‍ ഇന്ന് ഭരണത്തില്‍ ഇരിക്കുന്ന എല്ലാ പ്രാദേശിക പാര്‍ട്ടികളെക്കാള്‍ കുറവാണ് എന്നു കാണാം. 2019 മുതല്‍ 2024 വരെ എല്ലാ പ്രാദേശിക പാര്‍ട്ടികളും ചേര്‍ന്ന് 5221കോടി രൂപ സ്വരൂപിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 6,060കോടി രൂപ എന്നതാണല്ലോ. പുതിയ കണക്ക് ഇതുപ്രകാരമാണെങ്കില്‍ പോലും ബിജെപിക്ക് കൂടുതല്‍ കിട്ടിയിട്ടുള്ളത് 839 കോടി രൂപ മാത്രമാണ്. 60%ത്തിലധികം സംസ്ഥാന ഭരണവും, ഏറ്റവും കൂടുതല്‍ എംപിമാരും ഉള്ള പ്രസ്ഥാനത്തിന് കൂടുതല്‍ പണം ജനങ്ങള്‍ സംഭാവന ചെയ്യുന്നത് സ്വാഭാവികമാണ്. അത് അംഗീകരിക്കില്ല എന്നത് ഒന്നുകില്‍ അസൂയ അല്ലെങ്കില്‍ ശരിയായ മാനസിക വൈകല്യം മാത്രമാണ്.
വാര്‍ത്തകള്‍ ബിജെപിക്കെതിരെ തിരിക്കുന്നു
സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിങ് & ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് ആണല്ലോ ഏറ്റവും കൂടുതല്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിയത്. അതില്‍ തന്നെ അവര്‍ നല്‍കിയത് 509കോടി രൂപയും ദ്രാവിഡ മുന്നേറ്റ കഴകത്തിനാണെന്ന കണക്കുകള്‍ പുറത്തു വന്നു.
മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത് ഡിഎംകെക്ക് ഇലക്ടറല്‍ ബോണ്ട് കിട്ടിയ ആകെ തുക 656.5 കോടി രൂപ മാത്രമാണ്. അതില്‍ തന്നെ 25 കോടി ഇടതു കക്ഷികള്‍ക്ക് ഡിഎംകെ സംഭാവന നല്കി എന്നുവരുമ്പോള്‍ ആരെയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി സഹായിച്ചത് എന്ന് മനസ്സിലാകും. ഡിഎംകെ 25 കോടി അക്കൗണ്ടിലൂടെ സിപിഎമ്മിനും സിപിഐക്കും നല്കിയെങ്കില് പണമായി എത്ര നല്‍കിക്കാണും? മാത്രവുമല്ല മാര്‍ട്ടിന്റെ കമ്പനികളുമായി നിരന്തരമായ അടുപ്പം പ്രതിപക്ഷ കക്ഷികള്‍ക്കും പ്രത്യേകിച്ച് സിപിഎമ്മിനും ആയിരുന്നുവല്ലോ. എന്നാല്‍ മാര്‍ട്ടിനെതിരെ ആദ്യ കേസ് എടുത്തത് കര്‍ണാടകയിലെ യെദിയൂരപ്പ സര്‍ക്കാര്‍ ആണ്. നേരെമറിച്ച് ഡിഎംകെയുടെ സ്ഥാപകന്‍ കരുണാനിധിയുടെ 75-ാമത് സിനിമ നിര്‍മ്മിച്ചത് സാന്റിയാഗോ കമ്പനിയാണ്, തമിഴ്നാട് സര്‍ക്കാരിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആണ് സാന്റിയാഗോ കമ്പനിയുടെ കേസുകള്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. 2008ല്‍ കോണ്‍ഗ്രസ് നേതാവ് എ.എം സംഘ്വിയും മാര്‍ട്ടിന്റെ കേസ് വാദിച്ചിരുന്നു. എന്നാല്‍ പിന്നീട് എതിര്‍പ്പ് മൂലം പിന്‍വാങ്ങി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും ഒട്ടും മോശമല്ല. ഇതേ വിവാദ വ്യവസായിയുടെ കയ്യില്‍ നിന്ന് 2011ല്‍ തന്നെ 2കോടി വാങ്ങി പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ നിക്ഷേപിച്ച ചരിത്രമുണ്ട് മാര്‍ക്സിസ്റ് പാര്‍ട്ടിക്ക്. ഇത്രയൊക്കെ പുറത്തുവന്ന ചരിത്രമുണ്ടെങ്കിലും, മാധ്യമങ്ങള്‍ക്കും, പത്രപ്രവര്‍ത്തകര്‍ക്കും, വിശ്വസിക്കുവാന്‍ താല്പര്യം സാന്റിയാഗോ മാര്ട്ടിന് ബിജെപിക്കായിരിക്കും പണം നല്‍കിയത് എന്നാണ്. ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ പൊതുവേ പ്രതീക്ഷിച്ചതുപോലെ നിരന്തരമായി ബിജെപി സര്‍ക്കാരിനോട് ചേര്‍ത്തു പറയുന്ന ഇന്ത്യന്‍ വ്യവസായികളുടെ പേരുകള്‍ കാണാത്തതിന്റെ ഹൃദയഭേദകമായ ദുഃഖം കാരണമുണ്ടായ മനോവൈകല്യമാണിത്.
മെഗാ എന്‍ജിനീയറിങ്
മെഗാ എന്‍ജിനീയറിങ് കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട കോണ്‍ട്രാക്ട് തെലുങ്കാനയിലെ കാളീശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയാണ്. ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും ചെലവ് കൂടിയ വലിയ ജലസേചന പദ്ധതി എന്നാണ് അറിയപ്പെടുന്നത്. സി& എജി റിപ്പോര്‍ട്ടില്‍ 2,600കോടി രൂപയുടെ അഴിമതി ചൂണ്ടിക്കാണിച്ചതും, ഹിന്ദു പത്രം ‘ദ ബിഗ്ഗസ്റ്റ് നാഷണല്‍ സ്കാം’ എന്ന് റിപ്പോര്‍ട്ട് ചെയ്ത പദ്ധതിയുമാണിത്. ഈ പദ്ധതിയിലെ അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ടത് ബിജെപി മാത്രമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ബിജെപിയുടെ അദിലാബാദ് എംഎല്‍എ പായല്‍ ശങ്കര്‍ ഈ പദ്ധതിയിലെ അഴിമതിയെ കുറിച്ച് സിബിഐ അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രക്ഷോഭം നയിക്കുക പോലും ഉണ്ടായി. എന്നിട്ടും എന്തുകൊണ്ടാണ് ഈ പദ്ധതിയിലെ അഴിമതിക്കെതിരെയും, മെഗാ എന്‍ജിനീയറിങ് കമ്പനിക്കെതിരെയും കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രി രേവന്ത് റെഡി അന്വേഷണം നടത്താത്തത്? എന്തുകൊണ്ടാണ് ഈ അന്വേഷണത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിന്തുണയ്ക്കാത്തത്?
ഫാര്‍മ കമ്പനിയായ ഹെറ്ററോ ഡ്രഗ്ഗ് കമ്പനി ഇലക്ട്രല്‍ ബോണ്ട് വാങ്ങിച്ചത് ഐടി റെയ്ഡിനു പിന്നാലെയാണ് എന്നു ചിലര്‍ ആരോപിക്കുമ്പോള്‍ ഹെറ്ററോ ഡ്രഗ്ഗ് കമ്പനിയുടെ സിഎംഡി പാര്‍ത്ഥ സാരഥി റെഡ്ഡി ആരാണെന്നുമാത്രം പറയുകയില്ല. ഇന്ത്യയിലെ തന്നെ ഏറ്റവും പണക്കാരന് ആയ പത്മസാരഥി റെഡ്ഡി തെലുങ്കാന രാഷ്ട്ര സമിതിയുടെ (ഇപ്പോള്‍ ബിആര്‍എസ്) രാജ്യസഭ എംപി ആണെന്ന് പറയുവാന്‍ പത്ര ലേഖകരും വാര്‍ത്ത അവതാരകരും മടിക്കും. ഇത് കേരളത്തില്‍ പറയുവാന്‍ ഭയക്കുന്നതിനും കാരണം ഇപ്പോള്‍ ബിആര്‍എസ് എന്ന പാര്‍ട്ടിയുമായിട്ടാണല്ലോ കേരള മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിക്കെതിരെ ദേശീയ ബദല്‍ രൂപീകരിക്കുവാന്‍ ഇറങ്ങിപ്പുറപ്പെട്ടിരുന്നത്.
അടുത്ത ആരോപണമായ യശോദ ഹോസ്പിറ്റല്‍ ഗാസിയ ബാദില്‍ ഉള്ളതാണെന്ന ആരോപണം തുടക്കത്തിലെ പാളി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പണവും ബിജെപിക്ക് ലഭിച്ചു എന്ന വാദമുഖവും നില്ക്കുന്നതല്ല. കാരണം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനു കേന്ദ്രം വാക്സിന്റെ കുത്തകയൊന്നും നല്‍കിയിരുന്നില്ല. കൊവിഡ് കാലഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ അവരുടെ വാക്സിന് കൂടാതെ നാലോളം മറ്റു വാക്സിനുകളും ഭാരതത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവയൊന്നും വേണ്ടത്ര ഗുണനിലവാരമുള്ളതല്ല എന്ന അപവാദ പ്രചരണം ഉയര്‍ത്തി ജര്‍മ്മനിയിലെ ഫൈസര്‍ കമ്പനിയുടെ വാക്സിന് ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുവാനുള്ള നിരന്തര പരിശ്രമവും നിര്‍ബന്ധവുമാണ് രാഹുല്‍ഗാന്ധിയും, കോണ്‍ഗ്രസും ചെയ്തത്. ഇത് വിദേശത്തുനിന്ന് വലിയ കമ്മീഷന് വാങ്ങുവാനാണെന്നുള്ള ആരോപണം വന്നപ്പോഴാണ് രാഹുല്‍ ഇതില്‍ നിന്നും പിന്മാറിയത്. അല്ലെങ്കില്‍ തന്നെ സ്വദേശി ഉല്‍പ്പന്നങ്ങളോടും ആശയങ്ങളോടും കോണ്‍ഗ്രസിന് പണ്ടേ അറപ്പും വെറുപ്പും ആണല്ലോ.
ഐഎഫ്ബി ആഗ്രോ കമ്പനി ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിയത് എപ്പോഴാണ്? പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടി പ്രവര്‍ത്തകരും, പോലീസും അവരുടെ സ്ഥാപനങ്ങള്‍ പോലും അക്രമിച്ചപ്പേഴാണ് ഐഎഫ്ബി ആഗ്രോ കമ്പനി ഇലക്ട്രല്‍ ബോണ്ട് വാങ്ങിയത് എന്ന് വാങ്ങിച്ച മാസവും, ആക്രമിക്കപ്പെട്ട മാസവും താരതമ്യപ്പെടുത്തിയതില്‍ മനസ്സിലാകും. ഇലക്ട്രല്‍ ബോണ്ട് വാങ്ങിച്ച പ്രധാന 20 സ്ഥാപനങ്ങളില്‍ 7സ്ഥാപനങ്ങളും പശ്ചിമബംഗാളില്‍ നിന്നാണ് എന്നതും ,ഇലക്ട്രല്‍ ബോണ്ടിന്റെ യഥാര്‍ത്ഥ ചിത്രം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: