റായ്പൂര്‍: മഹാദേവ് ബെറ്റിങ് ആപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗെലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഛത്തീസ്ഗഡ് പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ബാഗെലിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബാഗെലിന് ബന്ധമുള്ളതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് കേസെടുത്തിരിക്കുന്നത്.
മഹാദേവ് ബെറ്റിങ് ആപ് കേസില്‍ ഇ ഡിയും അന്വേഷണം തുടരുകയാണ്. ബെറ്റിങ് ആപ്പ് നിര്‍മാതാക്കള്‍ നിയമ വിരുദ്ധമായി 5,000 കോടി ശേഖരിച്ചെന്നാണ് ഇ ഡിയുടെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ വിശ്വാസവഞ്ചന, ഗൂഢാലോചന, അഴിമതി എന്നീ കുറങ്ങള്‍ ചുമത്തിയാണ് ഛത്തീസ്ഗഡ് പോലീസ് കേസെടുത്തത്. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് ഇ ഡിയുടെ നടപടി.
ബാഗെലിനെ കൂടാതെ ഇയാളുടെ ഡ്രൈവര്‍ അസീം ദാസ്, ശുഭം സോണി എന്നിങ്ങനെ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ശുഭം സോണി മഹാദേവ് ബെറ്റിങ് ആപ്പ് പ്രമോട്ടര്‍മാരില്‍ ഒരാളാണ്. വാതുവെപ്പ് പണത്തിന്റെ ഒരുവീതം ബാഗെലിന് എത്തിച്ചിരുന്നത് അസീം ദാസ് ആയിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 3ന് ഇത്തരത്തില്‍ 5.39 കോടി രൂപ സോണിയുടെ നിര്‍ദേശ പ്രകാരം അസീംദാസ് ബാഗെലിന് കൈമാറിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് ഈ ആരോപണങ്ങളെല്ലാം നിരസിച്ചു. രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.
ആപ്പിന്റെ ഉടമകളായ സൗരഭ് ചന്ദ്രശേഖര്‍, രവി ഉപ്പല്‍ എന്നിവര്‍ ഉള്‍പ്പടെ 16 പേര് എഫ്ഐആറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സൗരഭും, രവി ഉപ്പലും ദുബായിയിലാണ്. ഇവരെ തിരിച്ചെത്തിക്കുന്നതിനായി റെഡ് കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പടെ പുറത്തിറക്കാനുള്ള നടപടികളിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: