പൊന്മുടി മലയോരം മുതല്‍ അഞ്ചുതെങ്ങും വര്‍ക്കല പാപനാശവും കാപ്പിലും വരെയുള്ള കടലോരം വരെ നീണ്ടുകിടക്കുന്ന മണ്ഡലമാണ് ആറ്റിങ്ങല്‍. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമായ ആറ്റിങ്ങല്‍ കലാപത്തിന് സാക്ഷിയായ മണ്ണ്. ശ്രീനാരായണഗുരുദേവന്റെ സമാധിയുള്ള ശിവഗിരിമഠവും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പരദേവതാ സ്ഥാനമായ തിരുവാറാട്ട് കാവും കടുവാപ്പള്ളിയും അഞ്ചുതെങ്ങ് കോട്ടയും പള്ളിയും പൊന്മുടിയിലെ വനവാസി ക്ഷേത്രങ്ങളും ശാര്‍ക്കര കാളിയൂട്ടും വേങ്കമലയും ഒക്കെയുള്ള മേഖല. കയറും നെയ്ത്തും മത്സ്യബന്ധനവും കൃഷിയും തഴപ്പായ നിര്‍മാണവും കശുവണ്ടി ഫാക്ടറിയും നിര്‍മ്മാണ തൊഴിലാളികളും പ്രവാസികളും അടങ്ങുന്ന തൊഴിലാളികളുടെ നാട്.
ആറ്റിങ്ങല്‍ ലോക്സഭാമണ്ഡലം പിടിക്കാനുള്ള ത്രികോണ മത്സരത്തിലാണ് എന്‍ഡിഎയും യുഡിഎഫും എല്‍ഡിഎഫും. 2008ലെ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷമാണ് ചിറയന്‍കീഴായിരുന്ന ലോക്സഭാ സീറ്റ് ആറ്റിങ്ങല്‍ മണ്ഡലമായി മാറിയത്.
വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതാണ് ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലം. ഇതില്‍ ആറ്റിങ്ങലും ചിറയിന്‍കീഴും എസ്സി മണ്ഡലങ്ങളും. എല്ലാ മണ്ഡലത്തിലും എല്‍ഡിഎഫ് എംഎല്‍എമാര്‍. നെടുമങ്ങാട് മണ്ഡലത്തില്‍ നിന്നും മന്ത്രിയും. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശാണ് ജയിച്ചത്. 13,73,827 വോട്ടര്‍മാരാണ് നിലവില്‍ വോട്ടര്‍പട്ടികയിലുള്ളത്. അതില്‍ 6,41,938 പുരുഷന്മാരും 7,31,870 വനിതകളും 19 ട്രാന്‍സ്ജന്‍ഡര്‍മാരുമാണ് പട്ടികയിലുള്ളത്. യുവജനങ്ങളാണ് കൂടുതല്‍.
തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാല്‍ പഴയ ചിറയിന്‍കീഴ് മണ്ഡലത്തില്‍ 1957 മുതല്‍ 67 വരെ സിപിഎം സ്ഥാനാര്‍ത്ഥികളെയും 1971 മുതല്‍ 89 വരെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളും വിജയിച്ചു. 1991 ല്‍ ഇടത് നേതാവ് സുശീലാ ഗോപാലന് വിജയിച്ചു. തിരിച്ചുപിടിച്ചതിന് ശേഷമുളള തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം ഇടതിനൊപ്പമായിരുന്നു. തുടര്‍ന്ന് 1996 ല്‍ സമ്പത്തും 1998 മുതല്‍ 2004 വരെ വര്‍ക്കല രാധാകൃഷ്ണനും വിജയിച്ചു. ആറ്റിങ്ങല്‍ ആയതിന് ശേഷം 2009 ലും 2014ലും ഇടതിനൊപ്പം നിന്ന മണ്ഡലം 2019ല്‍ യുഡിഎഫിനൊപ്പം ചേര്‍ന്നു. അടൂര്‍ പ്രകാശ് വിജയിച്ചു. ബിജെപി 14.43 ശതമാനം വോട്ട് വര്‍ധിപ്പിച്ച് രണ്ടരലക്ഷത്തിനടുത്തേക്ക് വോട്ടുപിടിച്ച് കരുത്ത് തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയായിരുന്നു അത്. ശോഭാസുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് രണ്ടാം സ്ഥാനത്ത് ആയിരുന്നെങ്കിലും 11.18% വോട്ട് കുറവുണ്ടായി.
ഇക്കുറി താമര വിരിയിക്കാന്‍ ബിജെപിയും മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫും തിരിച്ചുപിടിക്കാന്‍ എല്‍ഡിഎഫും കഠിന പരിശ്രമത്തിലാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ബിജെപിക്ക് വേണ്ടി കളത്തില്‍. മോദിസര്‍ക്കാര്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളും വിദേശകാര്യ സഹമന്ത്രി എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയുള്ള ആവേശോജ്ജ്വല പ്രചരണം നടന്നുവരികയാണ്. നിലവിലെ എംപിയായ അടൂര്‍ പ്രകാശാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ത്ഥി. വര്‍ക്കല എംഎല്‍എ വി. ജോയി ആണ് എല്‍ഡിഎഫിനായി രംഗത്ത് ഉള്ളത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിഞ്ഞിട്ടുണ്ട്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ഏറെ മുന്നേറ്റം നടത്തിയിട്ടുണ്ട്. കൂടാതെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളും മണ്ഡലത്തെ മാറ്റി മറിച്ചിട്ടുണ്ട്. ഇതെല്ലാം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: