ധര്‍മ്മശാല: അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഭാരതത്തിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് 250 കടന്നു. അടിമുടി ഭാരത ബാറ്റിങ് ആധിപത്യമായിരുന്നു ഇന്നലെ ധര്‍മ്മശാലയില്‍ കണ്ടത്. സെഞ്ചുറി നേട്ടവുമായി നായകന് രോഹിത് ശര്‍മ്മയും(103) ശുഭ്മാന്‍ ഗില്ലും(110) അടിച്ചു തകര്‍ത്തപ്പോള്‍ പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കലും സര്‍ഫറാസ് ഖാനും അര്‍ദ്ധ സെഞ്ചുറി പ്രകടനവുമായി മിന്നി. ഒടുവില്‍ വിക്കറ്റെടുക്കുമ്പോള്‍ വാലറ്റക്കാരുടെ ഗണത്തില്‍പ്പെട്ട കുല്‍ദീപ് യാദവും ജസ്പ്രീത് സിങ് ബുംറയും ചേര്‍ന്ന് ഗംഭീരമായി പൊരുതിനില്‍ക്കുന്നു.
55 പന്തുകള്‍ നേരിട്ട കുല്‍ദീപ് രണ്ട് ബൗണ്ടറി സഹിതം 27 റണ്‍സുമായാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇത്രയും തന്നെ പന്തുകള്‍ നേരിട്ട ബുംറ രണ്ട് ബൗണ്ടറിയുടെ ബലത്തില്‍ 19 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 45 റണ്‍സെടുത്തിട്ടുണ്ട്. മികച്ച പ്രകടനവുമായി മുന്നേറിയ ഭാരതത്തിന്റെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെടുമ്പോള്‍ ടോട്ടല്‍ 403ലെത്തിയിരുന്നു. പക്ഷെ പെട്ടെന്നാണ് അടുത്ത മൂന്ന് വിക്കറ്റുകള്‍ വീണത്. ഭാരത സ്കോര്‍ 427ലെത്തിയപ്പോള്‍ വ്യക്തിഗത സ്കോര്‍ 15ലെത്തിയ രവീന്ദ്ര ജഡേജ പുറത്തായി പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറെലും(15) പുറത്തേക്ക് നടന്നു. അധികം വൈകാതെ ആര്. അശ്വിന്(പൂജ്യം) കൂടി പുറത്തായപ്പോള്‍ ഭാരതത്തിന്റെ ഒന്നാം ഇന്നിങ്സ് ഇന്നലെ തന്നെ അവസാനിക്കുമെന്ന് കരുതി. പക്ഷെ ബുംറയും കുല്‍ദീപും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.
തലേന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സുമായി ഇറങ്ങിയ ഭാരതത്തിനായി രോഹിത്തും ഗില്ലും ചേര്‍ന്ന് 171 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രോഹിത് ആണ് ആദ്യം പുറത്തായത്. അധികം വൈകാതെ ഗില്ലിനെ ആന്ഡേഴ്സന് ബൗള്‍ഡാക്കി. പിന്നീട് നാലാം വിക്കറ്റില്‍ ഒരുമിച്ച ദേവ്ദത്ത് പടിക്കലും സര്‍ഫറാസ് ഖാനും ചേര്‍ന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 60 പന്തുകളില്‍ നിന്ന് എട്ട് ബൗണ്ടറികളും ഒരു സിക്സും സഹിതം 56 റണ്‍സെടുത്ത സര്‍ഫറാസ് ഖാന് ഷോയിബ് ബഷീറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഭാരത ടോട്ടല്‍ 400 കടത്തിയതിന് ശേഷമാണ് 65 റണ്‍സെടുത്ത പടിക്കല്‍ മടങ്ങിയത്. മത്സരത്തിന്റെ രണ്ടാം ദിവസം പിന്നിടുമ്പോള്‍ ഭാരത ലീഡ് 255 റണ്‍സായി ഉര്ന്നിരിക്കുകയാണ്. ഇംഗ്ലണ്ടിനായി ബഷീര്‍ നാല് വിക്കറ്റും ടോം ഹാര്‍ട്ട്ലി രണ്ട് വിക്കറ്റും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: