തൃശൂര്‍: ഗായകന് ജയചന്ദ്രന് എണ്‍പത് വയസ്സായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ തോന്നില്ല. കാരണം മറ്റൊന്നുമല്ല, ഒരു അറുപതുകാരന്റെ പോലെയാണ് ജയചന്ദ്രന് ഇപ്പോഴും നടക്കുന്നത്. ഒറ്റയ്ക്ക് പുറത്തിറങ്ങി നടക്കും. പരിചയക്കാരോട് ഏറെ നേരം സംസാരിക്കും. മരുന്നെല്ലാം നന്നേ കുറവ്.
ജയചന്ദ്രന്റെ യൗവനം കാത്ത് സൂക്ഷിക്കാന്‍ ഒരു പാട് കാര്യങ്ങളുണ്ട്. അതില്‍ മുഖ്യമായ ഒന്നാണ് അദ്ദേഹത്തിന്റെ ടെന്‍ഷനില്ലാത്ത മനസ്സ്. ഒന്നിലും ഒരു കൂസലുമില്ല. നഷ്ടബോധങ്ങളില്ല. കിട്ടിയാലും കിട്ടിയില്ലെങ്കിലും ഒന്നും ജയചന്ദ്രനെ ബാധിക്കുന്നില്ല. ഒരു സന്യാസിയുടേത് പോലെ ഡിറ്റാച്ച്ഡ് അറ്റാച്ച്മെന്റ്.
സദ്യയോടുള്ള ജയചന്ദ്രന്റെ കമ്പം പ്രശസ്തമാണ്. ഉച്ചയൂണ് കേമമാക്കണം എന്ന് നിര്‍ബന്ധമാണ്. അത് സദ്യപോലുള്ള ഊണാണെങ്കില്‍ ഏറെ സന്തോഷം. മിക്കവാറും മദ്രാസില്‍ റെക്കോഡിങ്ങുള്ളപ്പോള് പ്രസിദ്ധഹോട്ടലുകളില് സദ്യപോലുള്ള ഉച്ചയൂണ് ജയചന്ദ്രന് നിര്‍ബന്ധമാണ്. തൈരുകൂട്ടിയുള്ള ഊണും നിര്‍ബന്ധം. ശബ്ദം പോകുമെന്ന് ഭയന്ന് യേശുദാസ് തൈര് കൂട്ടാറില്ലെങ്കിലും, ശബ്ദം പോയാലും തൈര് വേണം എന്ന നിലപാടാണ് ജയചന്ദ്രന്.
അതുപോലെ ഉറക്കം. അത് കളഞ്ഞുള്ള അവസരമൊന്നും താല്പര്യമില്ല. ഒരിയ്ക്കല്‍ സാക്ഷാന്‍ റഹ്മാന് തന്നെ പാടാന്‍ ചെല്ലാന്‍ വിളിച്ചിട്ടും ജയചന്ദ്രന് ഒരിയ്ക്കല്‍ പോകാതിരുന്നിട്ടുണ്ട്. കാരണം മറ്റൊന്നുമല്ല, അടിയന്തരമായി വിശദമായ ഒരു കുളി പാസാക്കണം. ഈ കുളിയെല്ലാം കഴിഞ്ഞപ്പോഴേക്ക് മണിക്കൂറുകള്‍ കടന്നുപോയി. ഫ്രഷ് ആയപ്പോള്‍ ജയചന്ദ്രന് റഹ്മാന്റെ ഓഫീസിലേക്ക് വിളിച്ചുചോദിച്ചു:”ഞാന്‍ കുളിയൊക്കെ കഴിഞ്ഞ് ഫ്രഷ് ആയി. ഇപ്പോള്‍ വന്നോട്ടെ എന്ന്. അപ്പോഴേക്കും റഹ്മാന് ആ പാട്ട് മറ്റൊരു ഗായകന് കൊടുത്തിരുന്നു. ഇത്രയും നല്ല സുവര്‍ണ്ണാവസരം പോയാലും ജയചന്ദ്രന് വിഷമമില്ല. നന്നായി കുളിച്ച് ഫ്രഷ് ആവാന്‍ പറ്റിയല്ലോ…..അതാണ് ആ പ്രകൃതം. കൊച്ചിയിലെ നാടുവാഴിയായിരുന്ന പാലിയത്തച്ചന്റെ തറവാടായ പാലിയം കോവിലകത്ത് വളര്‍ന്ന യുവാവിന് കുളിയും ഊണും ഉറക്കവും കമ്പമായില്ലെങ്കിലേ അത്ഭുതമുള്ളൂ.
യേശുദാസിന്റെ ശബ്ദത്തെ ഇപ്പോള്‍ കുറെയൊക്കെ വിറയല്‍ ബാധിച്ചിട്ടുണ്ട്. പക്ഷെ ഈ എണ്‍പതാം വയസ്സിലും ജയചന്ദ്രന്റെ ശബ്ദം യുവത്വം നിറഞ്ഞതാണ്. ഇപ്പോഴും പ്രണയഗാനം പാടിയാല്‍ നമ്മള് അതില്‍ അറിയാതെ വീണുപോകും. ‘പ്രേമിക്കുമ്പോള്‍ നീയും ഞാനും നീരില്‍ വീഴും പൂക്കള്‍…’ എന്ന സോള്‍ട്ട് ആന്റ് പെപ്പര്‍ എന്ന സിനിമയിലെ റഫീക് അഹമ്മദ് എഴുതി ബിജിപാല്‍ സംഗീതം നല്കിയ ഗാനം പാടുമ്പോള്‍ ജയചന്ദ്രന്റെ പ്രായം അറുപത്തേഴാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: