കോഴിക്കോട്: ‘ഒരിക്കല്‍ പരിചയപ്പെട്ടവര്‍ക്കാര്‍ക്കും അവനെ മറക്കാന്‍ കഴിയില്ല. നല്ല ഫോട്ടോഗ്രഫര്‍, ഫെയ്സ് പെയിന്റിങ്ങില്‍ മിടുക്കന്. എല്ലാ പരിപാടികളുടെയും ഫോട്ടോയെടുക്കുന്നതവനായിരുന്നു. സീനിയര്‍, ജൂനിയര്‍ ഭേദമില്ലാതെ അവന് ആരോടും ഇടപഴകും. അവന് ആത്മഹത്യ ചെയ്തു എന്നത് ഒരിക്കലും വിശ്വസിക്കാനാകില്ല.’ കേരള വെറ്ററിനറി സര്‍വകലാശാല പൂക്കോട് കേന്ദ്രത്തിലെ സിദ്ധാര്‍ത്ഥനെ കുറിച്ച് സഹപാഠി പറയുന്നതിങ്ങനെ.
‘ഇവിടെ ഭയത്തിന്റെ അന്തരീക്ഷമാണ്. ആരും കാമ്പസ് വിട്ട് പോകരുതെന്നും കര്‍ശന നിര്‍ദേശമുണ്ട്. അന്വേഷണം കഴിയുന്നതു വരെ പുറത്തുപോകണമെങ്കില്‍ മുന്‍കൂര്‍ അനുവാദം വാങ്ങണമെന്ന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അവധിക്ക് പോയ കേരളത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികളാരും തിരിച്ചെത്തിയിട്ടില്ല.’ പേര് വെളിപ്പെടുത്തരുതെന്ന അപേക്ഷയോടെ വിദ്യാര്‍ത്ഥി പറഞ്ഞു.
‘സിദ്ധാര്‍ത്ഥനെതിരെ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ല. ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും അവന് ധാരാളം നല്ല സുഹൃത്തുക്കളുണ്ട്. അതിലൊരാളെയാണ് ഉപദ്രവിച്ചുവെന്ന് പറയുന്നത്. എന്നാല്‍ ഉപദ്രവിച്ചെന്ന് പറഞ്ഞതിന് ശേഷവും അവരൊന്നിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീടെങ്ങനെ പരാതിയുണ്ടായി എന്ന് അറിയില്ല. പരാതിയുണ്ടെങ്കില്‍ തന്നെ പറഞ്ഞു പരിഹരിക്കാന്‍ പറ്റുമായിരുന്നു.’
‘ഹോസ്റ്റല്‍ ഒരു അധോലോകം തന്നെയാണ്. അവിടെ നടക്കുന്നതൊന്നും പുറത്ത് അറിയില്ലെന്ന ധൈര്യത്തിലാണ് അക്രമം നടന്നത്. ഭീകരമര്‍ദനം നടന്നിട്ടുണ്ട്. ആത്മഹത്യ ചെയ്യാന്‍ യാതൊരു സാധ്യതയുമില്ലാത്ത സാഹചര്യത്തിലാണ് സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടത്. അവന്റെ ഉയരവുമായി താരതമ്യപ്പെടുത്തിയാല്‍ ആ ചെറിയ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ കഴിയില്ലെന്നുറപ്പാണ്. ഡോര്മെട്രിയോടനുബന്ധിച്ചുള്ള ശുചിമുറിയിലാണ് മരിച്ചത്. മറ്റുള്ളവരൊക്കെ ഭക്ഷണം കഴിക്കാന്‍ പുറത്തുപോയിരുന്ന സമയത്താണ് മരിച്ചതെന്നാണ് പറയുന്നത്. മരണം പോലീസിനെ പോലും അറിയിക്കാതെ മൃതദേഹം അഴിച്ചുകിടത്തുകയായിരുന്നു. ഡീനും അദ്ധ്യാപകരുമുള്ളപ്പോള് ഒരു പിജി വിദ്യാര്‍ത്ഥിയാണ് മരണം വീട്ടില്‍ അറിയിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ഡീന്‍ വീട് സന്ദര്‍ശിച്ചത്. ഇതെല്ലാം സംശയമുളവാക്കുന്നുണ്ട്.’
‘ഇവിടെ ഒരു സംഘടന മാത്രമേയുള്ളൂ. എല്ലാവരേയും നിര്‍ബന്ധിച്ച് പരിപാടികളില്‍ പങ്കെടുപ്പിക്കും. തെരഞ്ഞെടുപ്പ് പോലും വര്‍ഷങ്ങളായി നടന്നിട്ടില്ല. അവര്‍ പ്രഖ്യാപിക്കുന്നവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍. സിദ്ധാര്ത്ഥന് എസ്എഫ്ഐയുടെ പ്രവര്‍ത്തകനെന്ന് പറയുന്നത് ശരിയല്ല. ഒന്നാം വര്‍ഷ ക്ലാസില്‍ കൂട്ടത്തില്‍ ഒരാളെ പ്രതിനിധിയായി തെരഞ്ഞെടുക്കുകയാണ് പതിവ്. അങ്ങനെയാണ് ആദ്യ വര്‍ഷ പ്രതിനിധിയാവുന്നത്. എസ്എഫ്ഐയുടെ ഒരു പരിപാടിയിലും അവനെ കണ്ടതായി ഓര്‍മയില്ല. എല്ലാ ക്രൂരതകളോടും കൂടിയ റാഗിങ് ഇവിടെ നടക്കുന്നു. ആരും പുറത്ത് പറയില്ല. ഇത്രയെങ്കിലും അനുഭവിച്ചാല്‍ മതിയല്ലോയെന്ന് കരുതി മിണ്ടാതിരിക്കും.’
പൂക്കോട് വെറ്ററിനറി കോളജ് എസ്എഫ്ഐയുടെ പാര്‍ട്ടി ഗ്രാമമാണ്. അവിടെ കൊലപാതകം ആത്മഹത്യയാകും. അതിന് അവര്‍ കാരണം കണ്ടെത്തും. ഭയപ്പാടോടെയാണ് വിദ്യാര്‍ത്ഥി കോളജ് അനുഭവം പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: