വെല്ലിങ്ടണ്‍: ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ജയിക്കാന്‍ ന്യൂസിലന്‍ഡിന് 258 റണ്‍സ് വേണം. കിവീസിന്റെ കൈയില്‍ രണ്ട് ദിവസവും ഏഴ് വിക്കറ്റും ബാക്കിയുണ്ട്. സ്വന്തം നാട്ടില്‍ പരമ്പര പിടിക്കാനുള്ള വെല്ലുവിളിയാണ് ടീമിന് മുന്നിലുള്ളത്. അര്‍ദ്ധസെഞ്ചുറി (56) പിന്നിട്ട് രചിന് രവീന്ദ്ര ക്രീസിലുള്ളത് ആതിഥേയര്‍ക്ക് പ്രതീക്ഷ നല്കുന്നു.
സ്കോര്‍: ഓസ്ട്രേലിയ-383, 164/10(51.1); ന്യൂസിലന്‍ഡ്- 179, 111/3(41)
മത്സരത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ അവസാനിക്കുമ്പോള്‍ രചിന് രവീന്ദ്രയ്ക്കൊപ്പം ഡാരില്‍ മിച്ചല്‍(12) ആണ് ക്രീസില്‍. കിവീസ് മുന്‍നിരയിലെ ടോം ലാതം(എട്ട്), വില്‍ യങ്(15), കെയ്ന്‍ വില്ല്യംസണ്(ഒമ്പത്) എന്നിവര്‍ തുടക്കത്തിലേ പുറത്തായി. 59 റണ്‍സിന് മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടിടത്ത് നിന്നാണ് രചിന്-മിച്ചല്‍ സഖ്യം പിരിയാത്ത 52 റണ്‍സ് കൂട്ടുകെട്ടുമായി ആശ്വാസം പകര്‍ന്നിരിക്കുന്നത്. രണ്ടാം ഇന്നിങ്സിലും ഓസീസ് നിരയിലെ സ്പിന്‍ ബൗളര്‍മാരാണ് വിക്കറ്റ് കൊയ്ത്ത് ആരംഭിച്ചിരിക്കുന്നത്. നഥാന്‍ ലിയണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ പാര്‍ട്ട്ടൈം സ്പിന്നര്‍ ട്രാവിസ് ഹെഡ് ഒരു വിക്കറ്റ് നേടി.
ഒന്നാം ഇന്നിങ്സില്‍ 204 റണ്‍സിന്റെ ലീഡ് നേടിയ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സില്‍ വളരെ വേഗം തകര്‍ന്നടിഞ്ഞു. സ്പിന്നിനെ തുണയ്ക്കുന്ന വെല്ലിങ്ടണിലെ പിച്ചില്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി പാര്‍ട്ട് ടൈം ഓഫ് സ്പിന്നര്‍ ഗ്ലെന്‍ ഫിലിപ്സ് ആണ് ഓസീസിനെ തകര്‍ത്തത്. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിക്കാരന്‍ കാമറോണ്‍ ഗ്രീന്‍(34), ട്രാവിസ് ഹെഡ്(29), ഉസ്മാന് ഖവാജ(28), മിച്ചല്‍ മാര്‍ഷ്(പൂജ്യം), അലക്സ് കാരി(മൂന്ന്) എന്നീ വിലപ്പെട്ട വിക്കറ്റുകളാണ് ഗ്ലെന്‍ ഫിലിപ്സ് സ്വന്തമാക്കിയത്. തലേന്ന് നൈറ്റ് വാച്ച്മാനായി ഇറങ്ങിയ നഥാന്‍ ലിയോണ്‍ ആണ് ഓസീസിന്റെ രണ്ടാം ഇന്നിങ്സിലെ ടോപ് സ്കോറര്‍. 46 പന്തുകള്‍ നേരിട്ട താരം 41 റണ്‍സെടുത്തുനില്‍ക്കെ മാറ്റ് ഹെന്റിയുടെ പന്തില്‍ പുറത്തായി. ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയയ്ക്കായി 173 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗ്രീന്‍ 34 റണ്‍സോടെ രണ്ടാം ഇന്നിങ്സില്‍ രണ്ടാമത്തെ മികച്ച സ്കോററായി.
ഇന്നലെ രാവിലെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെന്ന നിലയ്ക്കാണ് കംഗാരുക്കള്‍ ബാറ്റിങ് തുടങ്ങിയത്. ടീം സ്കോര്‍ 50 പിന്നിടുമ്പോഴേക്കും ലിയോണ്‍ പുറത്തായി. നിലയുറപ്പിക്കുമെന്ന ഭാവത്തില്‍ തുടര്‍ന്ന ഖവാജയെ(28) ഫിലിപ്സ് പുറത്താക്കി. ഓസീസ് സ്കോര്‍ നാലിന് 81 എന്ന നിലയിലായി. പിന്നീട് ഗ്രീനും ഹെഡും ഒന്നിച്ച അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് വെല്ലുവിളിയാകുമെന്ന് വന്നപ്പോള്‍ ഫിലിപ്സ് വീണ്ടും ഓസീസിനെ ഞെട്ടിച്ചു. ഇക്കുറി ഹെഡ്(29) ആയിരുന്നു ഇര. കിവീസ് പേസ് ബൗളര്‍ മാറ്റ് ഹെന്റിയും മൂന്ന് വിക്കറ്റ് പ്രകടനവുമായി മിന്നി. ആദ്യ ഇന്നിങ്സില്‍ താരം അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: