മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ഒരാൾ വധഭീഷണി മുഴക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കേസിൽ ഒരാളെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. യോഗേഷ് സാവന്ത് എന്ന പ്രതിയെ റായ്ഗഡ് ജില്ലയിലെ പൻവേലിൽ നിന്നാണ് സാന്താക്രൂസ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
‘ഗവ്രൻ വിശേഷൻ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ സാവന്ത് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെയ്ക്കുകയായിരുന്നു. അഭിമുഖത്തിൽ ഉപമുഖ്യമന്ത്രി ഫഡ്നാവിസിനെതിരെ ആക്ഷേപകരമായ പരാമർശം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
ആക്ടിവിസ്റ്റ് അക്ഷയ് പൻവേൽക്കർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഫഡ്നാവിസിനെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ ഉപയോഗിച്ചതിന് അജ്ഞാതനായ ഒരാൾക്കെതിരെയും തന്റെ ഫേസ്ബുക്ക് പേജിൽ വീഡിയോ ഷെയർ ചെയ്തതിന് സാവന്തിനെതിരെയും കേസെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറസ്റ്റിനെ തുടർന്ന് സാന്താക്രൂസ് പോലീസ് സാവന്തിനെ മുംബൈ കോടതിയിൽ ഹാജരാക്കി. തുടർന്ന് 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: