ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യധാന്യ സംഭരണ പദ്ധതിക്ക് ദല്‍ഹിയില്‍ തുടക്കമായി. സഹകരണ മേഖലയിലെ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 700 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കാനുതകുന്ന ഗോഡൗണുകളുടെ ശൃംഖല പണിയുകയാണ് ലക്ഷ്യം. 1.25 ലക്ഷം കോടിയാണ് ചെലവ്. അഞ്ചു വര്‍ഷംകൊണ്ട് ഇതു പൂര്‍ത്തിയാക്കും.
ഇതിന്റെ ഭാഗമായി 11 സംസ്ഥാനങ്ങളിലെ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ (പിഎസി) ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലായി 500 സഹകരണസംഘങ്ങള്‍ക്ക് തറക്കല്ലുമിട്ടു. ഗോഡൗണുകള്‍ പണിയുക, കൃഷിക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് ഈ സൊസൈറ്റികളുടെ ചുമതല.
ചുരുങ്ങിയ സമയത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷ്യധാന്യ സംഭരണത്തിന് ആയിരക്കണക്കിന് കൂറ്റന്‍ ഗോഡൗണുകളും വെയര്‍ഹൗസുകളും നിര്‍മിച്ച് അവയെ ബന്ധിപ്പിക്കുകയാണ് പദ്ധതി.
ഭക്ഷ്യസുരക്ഷ ശക്തമാക്കുന്ന പദ്ധതി സാമ്പത്തിക വികസനത്തിനും കുതിപ്പ് പകരും. നബാര്‍ഡ്, നാഷണല്‍ കോ ഓപ്പറേറ്റീവ് ഡവലപ്മെന്റ് കോര്പറേഷന് എന്നിവയുടെ സഹായത്തോടെയാണ് ഇതു നടപ്പാക്കുന്നത്. കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി(എഐഎഫ്), കാര്‍ഷിക വിപണന അടിസ്ഥാന സൗകര്യം (എഎംഐ) എന്നിവ പോലെ നിലവിലുള്ള പദ്ധതികള്‍ കൂട്ടിച്ചേര്‍ത്താണ് പുതിയ പദ്ധതി. പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് വലിയ തോതില്‍ സബ്സിഡിയും ലഭിക്കും.
രാജ്യത്തെ 18,000 കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കാനുള്ള ബൃഹദ്പദ്ധതിയും മോദി ഉദ്ഘാടനം ചെയ്തു. സഹകരണ മേഖലയെ നവീകരിക്കുക, നാമമാത്ര, ചെറുകിട കര്‍ഷകരെ ശാക്തീകരിക്കുക എന്നിവയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. സഹകരണത്തിലൂടെ സമൃദ്ധി എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു. കൃഷി ശക്തമാക്കുന്നതില്‍ സഹകരണ മേഖലയ്ക്കു വലിയ പങ്കു വഹിക്കാനുണ്ട്. അതിനാലാണ് കേന്ദ്രം സഹകരണ മന്ത്രാലയം തന്നെ തുടങ്ങിയത്.
രാജ്യത്തൊട്ടാകെയായി കര്‍ഷകരുടെയും ഉത്പാദകരുടെയും 10,000 കൂട്ടായ്മകള്‍ (ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് ഓര്ഗനൈസേഷന്) രൂപീകരിക്കാന്‍ ലക്ഷ്യമിട്ടിരുന്നു. ഇതില്‍ എണ്ണായിരവും രൂപീകരിച്ചു കഴിഞ്ഞു, മത്സ്യമേഖലയില്‍ 25,000 സഹകരണ സംഘങ്ങളും. രാജ്യത്തു രണ്ടു ലക്ഷം സഹ. സംഘങ്ങള്‍ സ്ഥാപിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമെന്നു പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: