ന്യൂയോർക്ക്: അധിക വായ്പ നേടാൻ വ്യാജരേഖകൾ ചമച്ച് തട്ടിപ്പ് നടത്തിയെന്ന കേസിൽ അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തിരിച്ചടി. ട്രംപിന് 355 മില്യൺ ഡോളർ പിഴ ചുമത്തി ന്യൂയോര്‍ക്ക് കോടതി. സ്വന്തം കമ്പനികളുടെ മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെയും ഇൻഷുറൻസ് കമ്പനികളെയും വഞ്ചിച്ച കേസിലാണ് ന്യൂയോര്‍ക്കിലെ കോടതി ശിക്ഷ വിധിച്ചത്.
ന്യൂയോർക്കിൽ ഒരു കമ്പനിയുടെയും ഓഫീസറായോ ഡയറക്ടറ്റായോ ചുമതല വഹിക്കുന്നതിൽ നിന്ന് മൂന്ന് വര്‍ഷത്തേക്ക് ഡൊണാൾഡ് ട്രംപിനെ കോടതി വിലക്കിയിട്ടുണ്ട്. ന്യൂയോർക്കിലെ ബാങ്കുകളിൽ നിന്ന് അടക്കം വായ്പകൾക്ക് അപേക്ഷിക്കുന്നതിൽ നിന്നും മൂന്ന് വർഷത്തേക്ക് ട്രംപിന് കോടതി വിലക്കേർപ്പെടുത്തി. മൂന്ന് മാസത്തോളം നീണ്ട കോടതി നടപടികൾക്കൊടുവിലാണ് ജഡ്ജ് ആർതർ എങ്കറോൺ ട്രംപിനെതിരെ വിധി പ്രസ്താവം നടത്തിയത്. അതേസമയം കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കുമെന്നാണ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചത്.
“സമ്പൂർണമായ തട്ടിപ്പ്” എന്നാണദ്ദേഹം സ്വന്തം ‘ട്രൂത് സോഷ്യൽ’ സാമൂഹ്യ മാധ്യമത്തിൽ കുറിച്ചത്. തെരഞ്ഞെടുപ്പിൽ ഇടപെടുകയാണ് കോടതി ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. ഇതൊരു രാഷ്ട്രീയ വേട്ടയാണ്. മഹത്തായ ഒരു കമ്പനി പടുത്തതിനാണ് തന്റെ മേൽ ഭീമമായ പിഴ അടിച്ചത്. മൂന്നു മാസം നീണ്ട വിചാരണക്കിടയിൽ ജഡ്ജ് ആർതർ എൻകോറോണിനെയും അറ്റോണി ജനറൽ ലെറ്റീഷ്യ ജെയിംസിനെയും നിരന്തരം ആക്രമിച്ചിരുന്ന ട്രംപ് അവരെ വർഗീയ വാദികളെന്നും അഴിമതിക്കാരെന്നും വിളിക്കാൻ മടിച്ചില്ല.
കറുത്ത വർഗക്കാരിയായ ജെയിംസ് വർണ ശത്രുതയാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. അവർ അഴിമതിക്കാരിയുമാണ്. “ജഡ്ജ് എൻകോറോൺ വഞ്ചകനാണ്. ഈ വിധിന്യായം അമേരിക്കൻ മൂല്യങ്ങൾക്കു ചേർന്നതല്ല” – ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: