ഭുവനേശ്വർ: ഒഡീഷയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആയിരത്തിലധികം പേർ മരിച്ചതായി വനം-പരിസ്ഥിതി മന്ത്രി പ്രദീപ് കുമാർ അമത് അറിയിച്ചു. ചൊവ്വാഴ്ച സംസ്ഥാന നിയമസഭയിലാണ് അദ്ദേഹം ഞെട്ടിക്കുന്ന വിവരം വ്യക്തമാക്കിയത്.
2014 നും 2024 നും ഇടയിൽ സംസ്ഥാനത്ത് ആനയുടെ ആക്രമണത്തിൽ 1,054 പേർ കൊല്ലപ്പെട്ടതായി കോൺഗ്രസ് എംഎൽഎ താര പ്രസാദ് ബഹിനിപതിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു. ധെങ്കനാൽ, സുന്ദർഗഢ്, അംഗുൽ, മയൂർഭഞ്ച്, കിയോഞ്ജർ ജില്ലകളിലെ പ്രധാന ആനകളുടെ ആവാസ മേഖലകളിലാണ് കൂടുതൽ മരണങ്ങൾ സംഭവിച്ചിരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടയിൽ കാട്ടാനയുടെ ആക്രമണത്തിൽ ധെങ്കനാൽ ജില്ലയിൽ 227 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. സുന്ദർഗഡ് ജില്ല (181), അംഗുൽ (144), മയൂർഭഞ്ച് (102) എന്നിങ്ങനെയാണ് മരണ സംഖ്യ സൂചിപ്പിക്കുന്നത്. ഒഡീഷയിലെ 30 ജില്ലകളിൽ ജഗത്സിംഗ്പൂർ, കേന്ദ്രപാറ, കോരാപുട്ട്, മൽക്കൻഗിരി ജില്ലകളിൽ കഴിഞ്ഞ ദശകത്തിൽ ആനയുടെ ആക്രമണം മൂലം ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ല.
2017ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് 1,976 ആനകളാണുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം 4 ലക്ഷം രൂപയിൽ നിന്ന് 6 ലക്ഷം രൂപയായി സംസ്ഥാന സർക്കാർ അടുത്തിടെ വർധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: