ഈ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ എന്റെ ആദ്യ അഭിസംബോധനയാണിത്. ‘ആസാദി കാ അമൃത് കാലി’ന്റെ തുടക്കത്തിലാണ് ഈ മനോഹരമായ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ സുഗന്ധം നിറഞ്ഞിരിക്കുന്ന ഇവിടം, ഇന്ത്യയുടെ നാഗരികതയുടെയും സംസ്കാരത്തിന്റെയും സാക്ഷ്യമാണ്. നമ്മുടെ ജനാധിപത്യ-പാര്‍ലമെന്ററി പാരമ്പര്യങ്ങളെ ബഹുമാനിക്കാനുള്ള ദൃഢനിശ്ചയവും ഇവിടെ പ്രതിധ്വനിക്കുന്നു. മാത്രമല്ല, 21-ാംനൂറ്റാണ്ടിലെ പുതിയ ഇന്ത്യക്കായി പുതിയ പാരമ്പര്യങ്ങള്‍ കെട്ടിപ്പടുക്കാനുള്ള പ്രതിബദ്ധതയും ഇതുള്‍ക്കൊള്ളുന്നു. നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തു ‘വികസിത ഭാരത’ത്തിന്റെ വികസനത്തിനു രൂപം നല്കുന്ന നയങ്ങളെക്കുറിച്ചുള്ള ഫലപ്രദമായ സംവാദത്തിന് ഈ പുതിയ കെട്ടിടം സാക്ഷ്യം വഹിക്കുമെന്ന് എനിക്കുറപ്പുണ്ട്.
ഈ വര്‍ഷം നമ്മുടെ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75-ാം വര്‍ഷം കൂടിയാണ്. ഈ കാലയളവില്‍, സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ അമൃതമഹോത്സവം പൂര്‍ത്തിയായി. ഈ കാലയളവില്‍ രാജ്യത്തുടനീളം നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. വാഴ്ത്തപ്പെടാത്ത സ്വാതന്ത്ര്യസമരസേനാനികളെ രാജ്യം അനുസ്മരിച്ചു. 75 വര്‍ഷങ്ങള്‍ക്കുശേഷം യുവതലമുറ സ്വാതന്ത്ര്യസമരത്തിന്റെ ആ കാലഘട്ടം പുനഃസ്ഥാപിച്ചു.
ചരിത്രനേട്ടങ്ങളുടെ വര്‍ഷം
കഴിഞ്ഞ വര്‍ഷം ഭാരതത്തെ സംബന്ധിച്ചിടത്തോളം ചരിത്രനേട്ടങ്ങള്‍ നിറഞ്ഞതായിരുന്നു. ഈ കാലഘട്ടത്തില്‍ നമ്മുടെ അഭിമാനം വര്‍ധിപ്പിച്ച നിരവധി മുഹൂര്‍ത്തങ്ങളുണ്ടായി. ഗുരുതരമായ ആഗോളപ്രതിസന്ധികള്ക്കിടയില്, തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ 7.5 ശതമാനത്തിലധികം സ്ഥിരമായ വളര്‍ച്ചാനിരക്കു നിലനിര്‍ത്തി അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയായി രാജ്യം ഉയര്‍ന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പതാക ഉയര്‍ത്തിയ ആദ്യ രാജ്യമായി ഭാരതം മാറി. രാജ്യം ആദിത്യ ദൗത്യം വിജയകരമായി വിക്ഷേപിക്കുകയും അതിന്റെ ഉപഗ്രഹം ഭൂമിയില്‍നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ എത്തുകയും ചെയ്തു. ചരിത്രപരമായ ജി-20 ഉച്ചകോടിയുടെ വിജയം ഭാരതത്തിന്റെ ആഗോളനിലവാരത്തിനു കരുത്തുകൂട്ടി. ഏഷ്യന്‍ ഗെയിംസില്‍ ഇതാദ്യമായി നൂറിലധികം മെഡലുകള്‍ നേടി. പാരാ ഏഷ്യന്‍ ഗെയിംസിലും നാം നൂറിലധികം മെഡലുകള്‍ നേടി. ഏറ്റവും വലിയ കടല്‍പ്പാലമായ അടല്‍ സേതു ലഭിച്ചു. ആദ്യത്തെ നമോ ഭാരത് ട്രെയിനും ആദ്യത്തെ അമൃത് ഭാരത് ട്രെയിനും ലഭിച്ചു. ലോകത്ത് ഏറ്റവും വേഗത്തില്‍ 5ജി സംവിധാനം നടപ്പാക്കുന്ന രാജ്യമായി ഭാരതം മാറി. ഒരു ഭാരത വ്യോമയാനകമ്പനി ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാടു നടത്തി. കഴിഞ്ഞ വര്‍ഷം എന്റെ സര്‍ക്കാര്‍, ദൗത്യമെന്ന നിലയില്‍ ലക്ഷക്കണക്കിനു യുവാക്കള്‍ക്കു സര്‍ക്കാര്‍ ജോലി നല്കി.
സുപ്രധാന നിയമങ്ങള്‍
കഴിഞ്ഞ പന്ത്രണ്ട് മാസത്തിനിടെ, എന്റെ സര്‍ക്കാര്‍ നിരവധി സുപ്രധാന നിയമ നിര്‍മ്മാണങ്ങള്‍ കൊണ്ടുവന്നു. എല്ലാ പാര്‍ലമെന്റ് അംഗങ്ങളുടെയും സഹകരണത്തോടെയാണ് ഈ നിയമങ്ങള്‍ നടപ്പാക്കിയത്. ‘വികസിതഭാരതം’ എന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരത്തിനു ശക്തമായ അടിത്തറ പാകുന്ന നിയമങ്ങളാണിവ. മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം നാരീശക്തി വന്ദന്‍ അധീനിയം അവതരിപ്പിച്ചതിനു നിങ്ങളെ ഏവരെയും ഞാന്‍ അഭിനന്ദിക്കുന്നു. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉറപ്പാക്കും വഴി സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിനുള്ള എന്റെ സര്‍ക്കാരിന്റെ ദൃഢനിശ്ചയത്തിനു കരുത്തുപകരും. പരിഷ്കരണം, പ്രവര്‍ത്തനം, പരിവര്‍ത്തനം എന്നിവയോടുള്ള പ്രതിബദ്ധത എന്റെ സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. അടിമത്തത്തിന്റെ കാലഘട്ടത്തില്‍ വേരൂന്നിയ കുറ്റകൃത്യ ക്രിമിനല്‍ നീതിന്യായവ്യവസ്ഥ ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമായി. ഇപ്പോള്‍, ശിക്ഷയെക്കാള്‍ നീതിക്കാണു മുന്‍ഗണന. ‘നീതി ആദ്യം’ എന്ന തത്വത്തില്‍ അധിഷ്ഠിതമായ പുതിയ ന്യായസംഹിത രാജ്യത്തിനു ലഭിച്ചു. ഡിജിറ്റല്‍ വ്യക്തിപര വിവര സംരക്ഷണ നിയമം ഡിജിറ്റല്‍ ഇടത്തെ കൂടുതല്‍ സുരക്ഷിതമാക്കും. ‘അനുസന്ധാന്‍ ദേശീയ ഗവേഷണ ഫൗണ്ടേഷന് നിയമം’ രാജ്യത്തെ ഗവേഷണത്തെയും നവീകരണത്തെയും ശക്തിപ്പെടുത്തും. ജമ്മു കശ്മീര്‍ സംവരണ നിയമം അവിടെയുള്ള ഗോത്രവര്‍ഗക്കാര്‍ക്കു പ്രാതിനിധ്യത്തിനുള്ള അവകാശം ഉറപ്പാക്കും. ഇക്കാലയളവില്‍ കേന്ദ്ര സര്‍വകലാശാല നിയമം ഭേദഗതി ചെയ്തു. ഇതു തെലങ്കാനയില്‍ ‘സമ്മക്ക സാരക്ക കേന്ദ്ര ഗോത്ര സര്‍വകലാശാല’ സ്ഥാപിക്കുന്നതിനു വഴിയൊരുക്കി. കഴിഞ്ഞ വര്‍ഷം 76 പഴയ മറ്റു നിയമങ്ങളും റദ്ദാക്കിയിരുന്നു. പരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടു യുവാക്കള്‍ക്കുള്ള ആശങ്കകള്‍ എന്റെ സര്‍ക്കാരിനറിയാം. അതിനാല്‍ ഇത്തരം തെറ്റായ പ്രവൃത്തികള്‍ കര്‍ശനമായി നേരിടാന്‍ പുതിയ നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്.
ദേശീയ താല്‍പ്പര്യങ്ങള്‍ക്കായി രാജ്യത്തെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കാത്തിരുന്ന നിരവധി ദൗത്യങ്ങള്‍ നിറവേറ്റുന്നതിന് ഭാരതം സാക്ഷ്യം വഹിച്ചു. രാമക്ഷേത്രം നിര്‍മിക്കണമെന്ന ആഗ്രഹം നൂറ്റാണ്ടുകളായി നിലനിന്നിരുന്നു. ഇന്ന് അതു യാഥാര്‍ഥ്യമാണ്. ജമ്മു കശ്മീരില്‍നിന്ന് അനുച്ഛേദം 370 എടുത്തുകളയുന്നതു സംബന്ധിച്ചു സംശയങ്ങളുണ്ടായിരുന്നു. അതൊക്കെ ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാണ്. മുത്തലാഖിനെതിരെ ഈ പാര്‍ലമെന്റ് കര്‍ശനമായ നിയമവും കൊണ്ടുവന്നു. നമ്മുടെ അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്കു പൗരത്വം നല്‍കുന്നതിനുള്ള നിയമവും ഈ പാര്‍ലമെന്റ് പാസാക്കി.
കരുത്തുറ്റ സമ്പദ് വ്യവസ്ഥ
രാജ്യത്ത് വലിയ തോതില്‍ ദാരിദ്ര്യനിര്‍മാര്‍ജനം നടക്കുന്നു. നിതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം, എന്റെ സര്‍ക്കാര്‍ കഴിഞ്ഞ ദശകത്തില്‍ രാജ്യത്തെ ഏകദേശം 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍നിന്നു കരകയറ്റി. സമ്പദ് വ്യവസ്ഥയുടെ വിവിധ തലങ്ങളിലേക്ക് നോക്കിയാല്‍ ‘ദുര്‍ബലമായ അഞ്ച്’ എന്നതില്‍നിന്നു ‘മികച്ച അഞ്ച്’ സമ്പദ്വ്യവസ്ഥകളിലൊന്നിലേക്ക് ഭാരതം മാറുന്നതു നാം കണ്ടു. രാജ്യത്തിന്റെ കയറ്റുമതി 450 ബില്യണ്‍ ഡോളറില്‍നിന്ന് ഏകദേശം 775 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. നേരിട്ടുള്ള വിദേശ നിക്ഷേപം ഇരട്ടിയായി. ഖാദി-ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നാലിരട്ടിയിലേറെ വര്‍ധിച്ചു. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം ഏകദേശം 3.25 കോടിയില്‍നിന്ന് ഇരട്ടിയിലധികം എന്ന നിലയില്‍ ഏകദേശം 8.25 കോടിയായി വര്‍ധിച്ചു.
ഒരു ദശാബ്ദം മുമ്പ്, രാജ്യത്ത് നൂറുകണക്കിനു സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമാണുണ്ടായിരുന്നത്. ഇന്നത് ഒരുലക്ഷത്തിലേറെയായി വളര്‍ന്നു. ഒരു വര്‍ഷം 94,000 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോഴിത് 1,60,000 ആയി ഉയര്‍ന്നു. 2017 ഡിസംബറില്‍ 98 ലക്ഷം പേരാണു ജിഎസ്ടി അടച്ചിരുന്നതെങ്കില്‍, ഇന്ന് അവരുടെ എണ്ണം 1.4 കോടിയാണ്. 2014നു മുമ്പുള്ള 10 വര്‍ഷത്തിനിടെ 13 കോടി വാഹനങ്ങളാണു വിറ്റഴിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 21 കോടിയിലധികം വാഹനങ്ങള്‍ പൗരന്മാര് വാങ്ങി. 2014-15ല്‍ രണ്ടായിരത്തോളം വൈദ്യുതവാഹനങ്ങളാണു വിറ്റത്. അതേസമയം, 2023-24 വര്‍ഷം ഡിസംബര്‍വരെ ഏകദേശം 12 ലക്ഷം വൈദ്യുതവാഹനങ്ങള് വിറ്റഴിച്ചു.
ഡിജിറ്റല്‍ ഇന്ത്യ
ഡിജിറ്റല്‍ ഇന്ത്യയുടെ വിജയത്തോടെ ഇന്ന് ലോകത്തെ മൊത്തം തത്സമയ ഡിജിറ്റല്‍ ഇടപാടുകളുടെ 46 ശതമാനവും ഭാരതത്തിലാണ് നടക്കുന്നത്. കഴിഞ്ഞ മാസം യുപിഐ വഴി 1200 കോടി ഇടപാടുകളിലൂടെ 18 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് പണമിടപാടുകള്‍ നടത്തി. നേരിട്ടുള്ള ബാങ്ക് അക്കൗണ്ട് വഴി 34 ലക്ഷം കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കിത്. ആധാര്‍ വഴി പത്തുകോടി വ്യാജ ഗുണഭോക്താക്കളെ പുറത്താക്കി. ഇതുവഴി 2.75 ലക്ഷം കോടി രൂപ ലാഭിച്ചു. ആയുഷ്മാന്‍ ഭാരത് വഴി 53 കോടി പേര്‍ക്ക് ആരോഗ്യ സംരക്ഷണം നല്കുന്നു. 2014 വരെ രാജ്യത്ത് 7 എയിംസുകളും 390-ല്‍ താഴെ മെഡിക്കല്‍ കോളജുകളും ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കഴിഞ്ഞ ദശകത്തില്‍ 16 എയിംസും 315 മെഡിക്കല്‍ കോളേജുകളും സ്ഥാപിച്ചു. പുതിയ 157 നഴ്സിംഗ് കോളേജുകളും സ്ഥാപിച്ചു.
അടിസ്ഥാന സൗകര്യവികസനം
ഗ്രാമങ്ങളില്‍ 3.75 ലക്ഷം കിലോമീറ്റര്‍ പുതിയ റോഡുകള്‍ നിര്‍മ്മിച്ചു. ദേശീയപാതകളുടെ ദൈര്‍ഘ്യം 90,000 കിലോമീറ്ററില്‍ നിന്ന് 1,46,000 കിലോമീറ്ററായി ഉയര്‍ന്നു. നാലുവരി ദേശീയ പാതകളുടെ നീളം 2.5 മടങ്ങ് വര്‍ധിച്ചു. അതിവേഗ ഇടനാഴിയുടെ നീളം 500 കിലോമീറ്ററില്‍ നിന്ന് 4000 കിലോമീറ്ററായി. വിമാനത്താവളങ്ങളുടെ എണ്ണം 74ല്‍ നിന്ന് 149 ആയി. ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ എണ്ണം 14 മടങ്ങ് വര്‍ദ്ധിച്ചു. രാജ്യത്തെ 2 ലക്ഷം ഗ്രാമപഞ്ചായത്തുകള്‍ ഒപ്റ്റിക്കല്‍ ഫൈബറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഗ്രാമങ്ങളില്‍ 4 ലക്ഷത്തിലധികം പൊതു സേവന കേന്ദ്രങ്ങള്‍ തുറന്നു. രാജ്യത്ത് 10,000 കിലോമീറ്റര്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിച്ചു. 5 നഗരങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന മെട്രോ സൗകര്യം ഇപ്പോള്‍ 20 നഗരങ്ങളിലാണ്. 25000 കിലോമീറ്ററിലധികം റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിച്ചു. 39 ലധികം റൂട്ടുകളിലാണ് വന്ദേ ഭാരത് ട്രെയിനുകള്‍ ഓടുന്നത്. അമൃത് ഭാരത് സ്റ്റേഷന് പദ്ധതിക്ക് കീഴില്‍ 1300-ലധികം റെയില്‍വേ സ്റ്റേഷനുകള്‍ പുതിയ രൂപത്തിലാകുന്നു.
ഇന്ന് ലോകത്തിലെ എല്ലാ ഏജന്‍സികള്‍ക്കും ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തെക്കുറിച്ച് ഉറപ്പുണ്ട്. ഭാരതത്തിന്റെ നയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ദേശീയ-അന്തര്‍ദേശീയ ഏജന്‍സികളുടെ വിലയിരുത്തലുകള്‍. അടിസ്ഥാന സൗകര്യങ്ങളിലെ റെക്കോര്‍ഡ് നിക്ഷേപങ്ങളും നയ പരിഷ്കാരങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. പൂര്‍ണ്ണ ഭൂരിപക്ഷത്തോടെ സുസ്ഥിരവും ശക്തവുമായ ഒരു സര്‍ക്കാരിനുള്ള ജനങ്ങളുടെ മുന്‍ഗണനയും ലോകത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്താന്‍ ഭാരതത്തിന് മാത്രമേ കഴിയൂ എന്നാണ് ഇന്ന് ലോകം വിശ്വസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: